പാലക്കാട്: ട്രെയിനുകള്‍ക്കു നേരെയുള്ള കല്ലേറുകള്‍ തടയാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ റെയില്‍വെ
അധികൃതര്‍ അറിയിച്ചു. ഷൊര്‍ണൂര്‍, വടകര, മംഗളൂരു സ്റ്റേഷനുകള്‍ക്കിടയില്‍ ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. റെയില്‍വെ ആക്ട് 153, 154 വകുപ്പുകള്‍ പ്രകാരം തടവോ പിഴ ഉള്‍പ്പെടെ തടവു ശിക്ഷയോ ചുമത്തും. സംഭവം ശ്രദ്ധയില്‍പ്പെട്ടാല്‍ 182 എന്ന ട്രോള്‍ ഫ്രീ നമ്പറില്‍ വിളിച്ചു വിവരം നല്‍കണമെന്ന് റെയില്‍വെ അധികൃതര്‍ ആവശ്യപ്പെട്ടു.
പാലക്കാട് ഡിവിഷനു കീഴില്‍ ഈ വര്‍ഷം ഇതുവരെ 15 കല്ലേറ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം. ഇതിലേറെയും ഷൊര്‍ണൂര്‍, വടകര സ്‌റ്റേഷനുകള്‍ക്കിടയിലാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ മഫ്തിയില്‍ പെട്രോളിങ് ശക്തമാക്കാന്‍ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനും റെയില്‍വെ പൊലീസിനും നിര്‍ദേശം നല്‍കി.