നടന്‍ ദിലീപിന്റെ നിലവിലെ ജീവിതസാഹചര്യങ്ങള്‍ കോര്‍ത്തിണക്കി പുതിയ ചിത്രം രാമലീലയുടെ രണ്ടാമത്തെ ടീസര്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്റിലായ ദിലീപിന്റെ മാനസികനിലയെ സൂചിപ്പിക്കുന്ന സംഭഷണങ്ങള്‍ അടങ്ങിയ ടീസറാണ് പുറത്തിറങ്ങിയത്.

.

‘പ്രതി ഞാന്‍ ആകണം എന്നൊരു തീരുമാനമുള്ളതുപോലെ’ദിലീപ് പറയുന്ന ഈ ഡയലോഗ് ആണ് ടീസറിന്റെ മുഖ്യ ആകര്‍ഷണം. ദിലീപിനെ കൂടാതെ വിശമിച്ചു നില്‍ക്കുന്ന മുകേഷിനെയും ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ദിലീപിന്റെ നിലവിലെ ജീവിതം സൂചിപ്പിക്കുന്നതാണ് ടീസറിന്റെ എടുപ്പും സംഭാഷണങ്ങളും. കൂടാതെ ശക്തമായ കഥാപാത്രത്തെയാണ് ദിലീപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രേക്ഷകരെ ആകര്‍ഷിക്കുന്ന രീതിയില്‍ അണിയിച്ചൊരുക്കിയിരിക്കുന്ന ടീസര്‍ തരംഗമാകുമെന്ന് ഉറപ്പ്.

നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, വിജയരാഘവന്‍, രാധിക ശരത്കുമാര്‍ തുടങ്ങി പ്രമുഖതാരങ്ങള്‍ അണിനിരക്കുന്നു. ടോമിച്ചന്‍ മുളകുപാടം ആണ് നിര്‍മാണം.
ഈ വര്‍ഷത്തെ വമ്പന്‍ റിലീസുകളില്‍ ഒന്നാണ് രാമലീല. ജൂലൈ 21ന് ചിത്രം തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെ റിലീസ് നീട്ടിവെക്കുകയായിരുന്നു.

എന്നാല്‍ കേസില്‍ ദിലീപിന് ജാമ്യം ലഭിക്കുന്നതോടെ സിനിമയുടെ റിലീസ് ഉണ്ടാകുമെന്നാണ് സൂചന. ദിലീപിന്റെ ഡബ്ബിങ് ഉള്‍പ്പെടെയുള്ള മിനുക്കുപണികള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. വ്യാഴാഴ്ചയാണ് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്