ദിലീപിന്റെ രാമലീല റിലീസ് ചെയ്യുന്ന തിയ്യേറ്ററുകള്‍ തകര്‍ക്കണമെന്ന് ആഹ്വാനം ചെയ്ത ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടീവ് അംഗം ജി.പി രാമചന്ദ്രനെതിരെ പരാതി. ചിത്രത്തിന്റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടമാണ് എറണാംകുളം ഐ.ജി പി.വിജയന് പരാതി നല്‍കിയത്.

സെപ്തംബര്‍ 8നുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് രാമലീലക്കെതിരെ രാമചന്ദ്രന്‍ തിരിഞ്ഞത്. രാമലീല പ്രദര്‍ശിപ്പിക്കുന്ന തിയ്യേറ്ററുകള്‍ തകര്‍ക്കണമെന്ന് അദ്ദേഹം പോസ്റ്റിലൂടെ ആഹ്വാനം ചെയ്തിരുന്നു. തമിഴ് റോക്കേഴ്‌സ് വെബ്‌സൈറ്റിനോട് ദിലീപിന്റെ രാമലീല ഉടന്‍ വെബ്‌സൈറ്റിലൂടെ പ്രദര്‍ശിപ്പിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. കൂടാതെ രാമലീല അശ്ലീല സിനിമയാണെന്നും പോസ്റ്റില്‍ പറയുന്നു. ഇതിനെതിരെ സംവിധായകന്‍ അരുണ്‍ഗോപിയും ടോമിച്ചന്‍ മുളകുപാടവുമാണ് രേഖാമൂലം പരാതി നല്‍കിയിരിക്കുന്നത്. പരാതി സിറ്റി കമ്മീഷ്ണര്‍ക്ക് നല്‍കി. പരാതിയില്‍ പോലീസ് നിയമനടപടി സ്വീകരിച്ചുവരികയാണ്.

28-നാണ് ചിത്രം റിലീസിനെത്തുന്നത്. ദിലീപിന്റെ അറസ്റ്റുണ്ടായ സാഹചര്യത്തില്‍ റിലീസ് തിയ്യതി മാറ്റിവെക്കുകയായിരുന്നു. ഏറെ അനിശ്ചിതത്വത്തിനൊടുവില്‍ രാമലീല റിലീസ് ചെയ്യുമ്പോള്‍ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്തെത്തുന്നുണ്ട്.