Cricket

രഞ്ജി ട്രോഫി: 139ന് പുറത്തായി കേരളം; ചണ്ഡിഗഢ് ഒരു വിക്കറ്റിന് 142 റണ്‍സെന്ന നിലയില്‍

By webdesk17

January 22, 2026

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ചണ്ഡീഗഢിനെതിരെ കേരളത്തിനു ഒന്നാം ഇന്നിങ്സില്‍ ബാറ്റിങ് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത കേരളം 139 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡിഗഢ് ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് എന്ന നിലയിലാണ്.

സ്വന്തം മണ്ണില്‍ കേരളത്തിനു കാലിടറി. 49 റണ്‍സെടുത്ത ബാബ അപരാജിതും 41 റണ്‍സെടുത്ത സച്ചിന്‍ ബേബിയും മാത്രമാണ് ക്രീസില്‍ നിന്നു പൊരുതിയത്. ഇരുവരും പുറത്തായതോടെ വിക്കറ്റുകള്‍ തകിടംമറിയുകയായിരുന്നു. അവസാന 6 വിക്കറ്റുകള്‍ വെറും 22 റണ്‍സില്‍ നിലംപൊത്തി

കേരളത്തിന് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ അഭിഷേക് ജെ. നായരെ (1) നഷ്ടമായി. 14 റണ്‍സെടുത്ത എ.കെ. ആകര്‍ഷിനെ രോഹിത് ധന്ദ ക്ലീന്‍ ബൗള്‍ഡാക്കി. അര്‍ധസെഞ്ചുറിക്ക് തൊട്ടരികെ ബാബ അപരാജിത്തും (49) മടങ്ങി. വെറും എട്ട് പന്തുകള്‍ക്കിടെ മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടമായതോടെ കേരളത്തിന്റെ തകര്‍ച്ച പൂര്‍ണ്ണമായി. ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ (4), അങ്കിത് ശര്‍മ്മ (1), ശ്രീഹരി എസ്. നായര്‍ (0) എന്നിവരാണ് തുടരെയുള്ള ഓവറുകളില്‍ മടങ്ങിയത്. ഒരു റണ്ണുമായി നിധീഷ് എം ഡിയും അക്കൗണ്ട് തുറക്കാതെ ഏദന്‍ ആപ്പിള്‍ ടോമും കൂടി മടങ്ങിയതോടെ കേരളത്തിന്റെ ഇന്നിങ്‌സ് 139ല്‍ അവസാനിച്ചു. സല്‍മാന്‍ നിസാര്‍ 13 റണ്‍സുമായി പുറത്താകാതെ നിന്നു. ചണ്ഡിഗഢിനായി നിഷുങ്ക് ബിര്‍ള നാലും രോഹിത് ധന്ദ മൂന്നും ജഗജിത് സിങ് സന്ധു രണ്ടും വിക്കറ്റുകള്‍ നേടി.