പാരീസ്: ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്ക് ലഭിക്കുന്ന ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയുടെ ബാലന്‍ണ്‍ ഡി ഓര്‍ പുരസ്‌കാരം റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. ലയണല്‍ മെസ്സി, അന്റോണിന്‍ ഗ്രീസ്മാന്‍ എന്നിവരെ പിന്തള്ളിയണ് ക്രിസ്റ്റ്യാനോയുടെ ഈ പുരസ്‌കാര നേട്ടം. ഇത് നാലാം തവണയാണ് ക്രിസ്റ്റ്യാനോ ഈ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. അഞ്ചു തവണ പുരസ്‌കാരം നേടിയ മെസ്സിയാണ് പുരസ്‌കാര നേട്ടത്തില്‍ ക്രിസ്റ്റ്യാനോയ്ക്കു മുന്നിലുള്ളത്. ഫിഫയുമായുള്ള ബന്ധം വിട്ടതിനു ശേഷമുള്ള ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയുടെ ആദ്യ ബാലന്‍ ഡി ഓര്‍ പുരസ്‌കാര പ്രഖ്യാപനമാണിത്. അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയാണ് പുരസ്‌കാര ജേതാവിനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പില്‍ രണ്ടാമതെത്തിയത്.

അത്‌ലറ്റികോ മാഡ്രിഡിന്റെ ഫ്രഞ്ച് സട്രൈക്കര്‍ അന്റോണിന്‍ ഗ്രിസ്മാനാണ് മൂന്നാം സ്ഥാനത്ത്. ഉറുഗ്വേയുടെ ലൂയിസ് സുവാരസ് നാലാമതും ബ്രസീല്‍ താരം നെയ്മര്‍ അഞ്ചാം സ്ഥാനത്തുമെത്തി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 173 മാധ്യമ പ്രവര്‍ത്തകരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. അതേ സമയം ദേശീയ ടീമിന്റെ കോച്ചുമാരോ ക്യാപ്റ്റന്‍മാരോ വോട്ടെടുപ്പില്‍ പങ്കെടുത്തിട്ടില്ല. ഫിഫ പുരസ്‌കാര നിര്‍ണയത്തില്‍ ഇവരുടെ വോട്ടുകളാണ് നിര്‍ണായകമാവുക. പുരസ്‌കാരം ലഭിച്ചതില്‍ താന്‍ വളരെ സന്തോഷവാനാണെന്ന് റൊണാള്‍ഡോ പറഞ്ഞു. ഇത് നാലാം തവണയാണ് താന്‍ ആദരിക്കപ്പെടുന്നത്. എന്റെ എല്ലാ ടീം അംഗങ്ങളോടും ഞാന്‍ നന്ദി അറിയിക്കുന്നു. അവരാണ് എന്നെ ഇങ്ങനെ ഒരു അവാര്‍ഡിന് അര്‍ഹനാക്കിയതെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു. റയല്‍ മാഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്കും പോര്‍ച്ചുഗലിനെ യൂറോകപ്പ് വിജയത്തിലേക്കും നയിച്ചതാണ് റൊണാള്‍ഡോയെ പുരസ്‌കാര നേട്ടത്തിന് അര്‍ഹനാക്കിയത്. ലോക ഫുട്‌ബോളര്‍ക്കുള്ള ഫിഫയുടെ പുരസ്‌കാരം ജനുവരി ഒമ്പതിന് സൂറിച്ചില്‍ പ്രഖ്യാപിക്കും. 2016ല്‍ ക്ലബ്ബിനും രാജ്യത്തിനുമായി 51 ഗോളുകളാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. 94 മിനിറ്റിന് ഒരു ഗോള്‍ എന്നതാണ് ഈ വര്‍ഷം റൊണാള്‍ഡോയുടെ ശരാശരി. 16 ഗോളുകള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു.

4794 മിനിറ്റാണ് ഈ വര്‍ഷം കളത്തിലിറങ്ങിയത്. ആറു സീസണുകളില്‍ തുടര്‍ച്ചയായി 30 ഗോളുകള്‍ നേടുന്ന ആദ്യത്തെ ലാ ലീഗ കളിക്കാരനാണ് റൊണാള്‍ഡോ. റൊണാള്‍ഡോ ഉള്‍പ്പെട്ട പോര്‍ച്ചുഗല്‍ യൂറോ കപ്പും റയല്‍ മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.