കൊച്ചി: സ്ത്രീധന നിരോധന നിയമത്തില്‍ (1961) നിന്ന് സ്ത്രീധനം നല്‍കുന്നത് കുറ്റകരമാക്കുന്ന വകുപ്പ് ഒഴിവാക്കാന്‍ കേരള നിയമ പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്തതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നിലവില്‍ സ്ത്രീധനം വാങ്ങുന്നതും നല്‍കുന്നതും ഒരേപോലെ ശിക്ഷാര്‍ഹമായ കുറ്റമാണെന്നിരിക്കെയാണ് ഈ നീക്കം.
സ്ത്രീധനം നല്‍കുന്നത് കുറ്റമല്ലാതാക്കുന്നതിലൂടെ, പീഡനത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നിയമനടപടികളെ ഭയക്കാതെ പരാതി നല്‍കാന്‍ സാധിക്കും. അതേസമയം സ്ത്രീധനം വാങ്ങുന്നവര്‍ക്കും അത് ആവശ്യപ്പെടുന്നവര്‍ക്കും കടുത്ത തടവുശിക്ഷയും പിഴയും നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
സ്ത്രീധനത്തെ വരനോ വരന്റെ കുടുംബമോ ആവശ്യപ്പെടുന്ന സ്വത്തോ സെക്യൂരിറ്റിയോ ആയി മാത്രം പുനര്‍നിര്‍വചിക്കണമെന്നാണ് ശുപാര്‍ശ. തങ്ങളും കുറ്റക്കാരാകുമെന്ന് കരുതി പല പെണ്‍കുട്ടികളുടെ വീട്ടുകാരും പരാതി നല്‍കാന്‍ മടിക്കുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് ഇത്തരം മാറ്റം വരുത്താനുള്ള നീക്കം.
എറണാകുളം സ്വദേശിനി നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം ബോധിപ്പിച്ചത്. കേസ് പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി. ഫെബ്രുവരി 11-നകം ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.