കോക്‌സ്ബസാര്‍: മ്യാന്‍മര്‍ ഭരണ കൂടത്തിന്റേയും പട്ടാളത്തിന്റേയും വംശീയ അധിക്രമത്തിനിരയായി അയല്‍ രാജ്യങ്ങളില്‍ അഭയം തേടിയ റോഹിന്‍ഗ്യന്‍ മുസ്്‌ലിംകള്‍ക്കു മുന്നില്‍ ജീവിതം പോലെ മരണവും വെല്ലുവിളി ഉയര്‍ത്തുന്നു.
ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോലും അടക്കം ചെയ്യാനാവാത്ത നിസ്സഹായ അവസ്ഥയിലാണ് റോഹിന്‍ഗ്യകള്‍. ബംഗ്ലാദേശിലെ കോക്‌സ്ബസാറിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പിനു സമീപമുള്ള പ്രദേശങ്ങളില്‍ ഖബര്‍സ്ഥാനായി പ്രത്യേകം സ്ഥലം അനുവദിച്ചിട്ടില്ലാത്തതിനാല്‍ ലഭിക്കുന്ന സ്ഥലങ്ങളിലൊക്കെ മൃതദേഹം അടക്കം ചെയ്യുക എന്ന മാര്‍ഗമാണ് അഭയാര്‍ത്ഥികള്‍ക്കു മുന്നിലുള്ളത്.

ഒരേ ഖബറില്‍ തന്നെ മൂന്നും നാലും മൃതദേഹങ്ങളാണ് ഇവിടെ അടക്കം ചെയ്യുന്നത്. ക്യാമ്പുകളില്‍ കണ്ട കാഴ്ച പാശ്ചാത്യ മാധ്യമ പ്രവര്‍ത്തകനായ അഫ്രോസ് ജഹാന്‍ വിവരിക്കുന്നത് ഇങ്ങനെ. 18കാരനായ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി അമീര്‍ മിയ വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മരിച്ച തന്റെ വല്ല്യുപ്പയുടെ മൃതദേഹം അടക്കം ചെയ്യാനായി ആഴ്ചകള്‍ക്കു മുമ്പ് മൃതദേഹം അടക്കിയ അതേ ഖബര്‍ തന്നെ വീണ്ടും കുഴിച്ചാണ് ഖബറടക്കിയത്.

ഇതേ ഖബറില്‍ നേരത്തെ നാലു പേരെ അടക്കം ചെയ്തതായി അമീര്‍ പറയുന്നു. ഖബറുകള്‍ തിങ്ങി നിറഞ്ഞ അഭയാര്‍ത്ഥി പ്രദേശത്ത് പരസ്പരം മുളകൊണ്ട് വേലി കെട്ടിയാണ് തിരിച്ചിരിക്കുന്നത്. കോക്‌സ്ബസാറിനു സമീപമുള്ള കുതുപലാങ് ക്യാമ്പില്‍ ഇതിനേക്കാളും ദയനീയമായാണ് മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നത്.

ആഗസ്റ്റ് 25ന് മ്യാന്‍മറില്‍ റോഹിന്‍ഗ്യകള്‍ക്കു നേരെയുണ്ടായ വംശീയ ശുദ്ധീകരണത്തോടെ അഭയാര്‍ത്ഥികള്‍ തിങ്ങി നിറഞ്ഞതോടെയാണ് കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലെത്തിയത്. പുതുതായി എത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് എവിടെ പോകണമെന്നോ എന്തു ചെയ്യണമെന്നോ അറിയില്ല. താല്‍ക്കാലികമായി കെട്ടിയുണ്ടാക്കുന്ന ടെന്റുകള്‍ക്കു മുന്നില്‍ പോലും മൃതദേഹങ്ങള്‍ ഖബറടക്കുന്ന കാഴ്ചയാണ് കുതുപലാങിലെന്ന് 16കാരനായ മുഹമ്മദ് ആലം പറയുന്നു.

നേരത്തെ ഖബര്‍സ്ഥാനായി ഉപയോഗിച്ചിരുന്ന പ്രദേശം ഈയിടെയുണ്ടായ മഴയില്‍ അതിന്റെ എല്ലാ ലക്ഷണങ്ങളും കഴുകിക്കളഞ്ഞതോടെ പുതുതായി എത്തിയ അഭയാര്‍ത്ഥികള്‍ ഇവിടെയും പുതിയ ടെന്റുകള്‍ സ്ഥാപിച്ചതായി ആലം പറയുന്നു.
കുതുപലാങിലെ രജിസ്‌ട്രേഡ് ക്യാമ്പില്‍ കഴിഞ്ഞ 26 വര്‍ഷമായി കഴിയുന്ന 42കാരന്‍ നൂര്‍ ഹുസൈന്‍ നിലവില്‍ ബംഗ്ലാദേശിലെ ഒരു സോപ്പ് കമ്പനിയില്‍ ജോലി ചെയ്യുകയാണെങ്കിലും ഇയാള്‍ക്കാണിപ്പോള്‍ ഇവിടെ ഖബര്‍ കുഴിക്കുന്ന ചുമതലയുള്ളത്. 1990ല്‍ സഹോദരനെ മ്യാന്‍മര്‍ സൈന്യം പിടിച്ചു കൊണ്ടു പോയി കൊന്നതിന് ശേഷം ഭാര്യയും മൂന്നു മക്കളുമായി ക്യാമ്പിലെത്തിയതാണ് നൂര്‍. ജയില്‍ പുള്ളികളെ പോലെയാണ് റോഹിന്‍ഗ്യകള്‍ ക്യാമ്പുകളില്‍ കഴിയുന്നത്. സ്വാതന്ത്ര്യം ഉണ്ട് പക്ഷേ പുറത്ത് ജോലി ചെയ്യാനാവില്ല. മരിച്ചാല്‍ പോലും തങ്ങള്‍ക്ക് ആറടി മണ്ണ് ലഭിക്കില്ല ഇതാണ് സാഹചര്യം അദ്ദേഹം പറയുന്നു.

ഒരു ഖബര്‍ താന്‍ നാലു തവണയെങ്കിലും മൃതദേഹം അടക്കാനായി കുഴിക്കാറുണ്ടെന്ന് നൂര്‍ വ്യക്തമാക്കുന്നു. മരണം വരെ ക്യാമ്പില്‍ തുടരാനല്ലാതെ തിരിച്ചു പോക്ക് സാധ്യമല്ല. മരിച്ചാല്‍ ആരുടെ കൂടെയാണ് തന്നെ അടക്കം ചെയ്യുകയെന്നത് ഒരു നിശ്ചയവും ഇല്ല. 80കളില്‍ മ്യാന്‍മറില്‍ നിന്നും എത്തിയ അഭയാര്‍ത്ഥികള്‍ക്ക് അനുവദിച്ച സ്ഥലത്താണ് ഇപ്പോള്‍ തങ്ങള്‍ ഖബറടക്കുന്നത്. എല്ലാ ഖബറുകളിലും മൂന്നില്‍ കുടുതല്‍ മൃതദേഹങ്ങള്‍ അടക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യം ഇനിയും ഒരു അഞ്ചു വര്‍ഷം തുടരുകയാണെങ്കില്‍ 10 പേരെ ഒരു ഖബറില്‍ അടക്കം ചെയ്യേണ്ടി വരുമെന്ന് ക്യാമ്പിലെ അന്തേവാസിയായ നാസു മിയ പറയുന്നു.