സഹീര്‍ കാരന്തൂര്‍

തന്റെ നാട്ടില്‍ ഒരു പ്രത്യേക വിഭാഗം ജനങ്ങള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം കൂട്ടക്കുരുതിക്ക് ഇരയാകുമ്പോള്‍ മൗനം പാലിക്കുകയാണ് മ്യാന്മറിന്റെ നൊബേല്‍ സമ്മാന ജേതാവ്. ഈ കാലഘട്ടത്തിലെ തന്നെ ഏറ്റവും ആഘോഷിക്കപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകയാണ് സൂചി. ഭരണകൂടത്തിനെതിരായ പോരാട്ടങ്ങളുടെ പേരില്‍ നീണ്ട പതിനഞ്ച് വര്‍ഷത്തെ ജയില്‍വാസമനുഷ്ഠിച്ച് ലോകത്തിന്റെ സഹാനുഭൂതി നേടിയെടുത്ത അവര്‍ക്ക് പക്ഷേ ആ പ്രതീക്ഷകളെ സംരക്ഷിക്കാനാകുന്നില്ല. പാശ്ചാത്യ നാടുകളില്‍ നിന്നു പോലും അവര്‍ക്കെതിരായ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ പീഢിത ന്യൂനപക്ഷമായി റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ മാറിയിരിക്കുന്നു. ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രമായ മ്യാന്മറിലെ റോഹിങ്ക്യര്‍ അവിടെ ഒരുപാടുകാലമായി ജീവിച്ചുപോരുന്നവരാണ്. ഏകദേശം 1.1 മില്യണിലധികം വരും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലായി ജീവിക്കുന്ന റോഹിങ്ക്യരുടെ എണ്ണം. മ്യാന്മറിലെ തന്നെ ഏറ്റവും ദരിദ്ര തീരപ്രദേശമായ റാഖീന്‍ സ്റ്റേറ്റിലാണിവരുടെ താമസം. സര്‍ക്കാര്‍ സേവനങ്ങള്‍ ഏറ്റവും കുറവ് മാത്രം ലഭിക്കുന്ന രാജ്യത്തെ പ്രദേശവും ഇതാണ്. ഇവിടെ നിന്നും പുറത്തുപോയി മറ്റെവിടെയെങ്കിലും സൈ്വര്യമായി ജീവിക്കാമെന്ന് വിചാരിച്ചാലും സര്‍ക്കാര്‍ അനുവാദമില്ല. റോഹിങ്ക്യ (റൂആനിങ്കാ) ഭാഷയാണിവര്‍ സംസാരിക്കുന്നത്. മ്യാന്മറിന്റെ മറ്റെവിടെയും ആ ഭാഷ സംസാരിക്കുന്നവരില്ലെന്നത് ഭാഷാപരമായും ഈ ജനതയെ ഒറ്റപ്പെടുത്തുന്നു. പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ തന്നെ മ്യാന്മറിന്റെ തീരപ്രദേശങ്ങളില്‍ റോഹിങ്ക്യന്‍ ജനത ജീവിച്ചു വരുന്നു. അര്‍ക്കാന്‍ റോഹിങ്ക്യാ നാഷണല്‍ ഓര്‍ഗനൈസേഷന്റെ അഭിപ്രായപ്രകാരം അതിപുരാതന കാലം തൊട്ടേ റോഹിങ്ക്യക്കാര്‍ അര്‍ക്കാനിലുണ്ട്. ഈ വിഭാഗത്തിന് അര്‍ക്കന്‍ എന്നും പേരുണ്ട്.

ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിനു കീഴിലായിരുന്ന കാലയളവില്‍ (1824-1948) ഇപ്പോള്‍ ഇന്ത്യയുടെ ഭാഗമായിരിക്കുന്ന പ്രദേശങ്ങളില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും വലിയ തോതിലുള്ള കുടിയേറ്റം മ്യാന്മറിലേക്ക് നടന്നു. മ്യാന്മറും അന്ന് ബ്രിട്ടീഷ് ഭരണത്തിന് കീഴിലായതിനാല്‍ ഈ കുടിയേറ്റത്തെ ആഭ്യന്തര സ്ഥലമാറ്റങ്ങളായേ അന്ന് പരിഗണിച്ചുള്ളൂ. എന്നാല്‍ തൊഴിലാളി വര്‍ഗമായ റോഹിങ്ക്യന്‍ ജനതയുടെ കുടിയേറ്റം അന്നേ സ്വദേശികളില്‍ വെറുപ്പ് ഉളവാക്കിയിരുന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം കാര്യങ്ങള്‍ മാറുകയായിരുന്നു. ഭൂരിപക്ഷം വരുന്ന റോഹിങ്ക്യന്‍ ജനതക്ക് പൗരത്വം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.അതേസമയം വളരെ തുച്ഛം റോഹിങ്ക്യര്‍ക്ക് സര്‍ക്കാര്‍ പൗരത്വം നല്‍കി. അവരില്‍ ചിലരൊക്കെ പാര്‍ലമെന്റിലേക്ക് വരെ തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാല്‍ 1962 ലെ സൈനിക അട്ടിമറി ഒരു ജനതയുടെ പ്രതീക്ഷകളെ എക്കാലത്തേക്കുമായി അട്ടിമറിക്കുന്നതായിരുന്നു. സൈന്യം എല്ലാ പൗരന്മാരോടും പ്രത്യേക രജിസ്‌ട്രേഷന്‍ കാര്‍ഡ് സ്വീകരിക്കാന്‍ ഉത്തരവിറക്കി. സൈന്യം കരുതിക്കൂട്ടി ചെയ്യുന്ന ഒരു വഞ്ചനാ നീക്കമായിരുന്നു അത്. വിദേശ പൗരന്മാരാണെന്ന് തിരിച്ചറിയാനുള്ള കാര്‍ഡുകളായിരുന്നു റോഹിങ്ക്യകള്‍ക്ക് വിതരണം ചെയ്തത്. അതവരുടെ ജോലിയെയും വിദ്യാഭ്യാസ അവസരങ്ങളെയും പരിമിതിപ്പെടുത്തുന്ന കാര്‍ഡായിരുന്നു. 1982ല്‍ പുതിയ പൗരത്വ നിയമം രാജ്യത്തു പാസ്സാക്കിയപ്പോള്‍ റോഹിങ്ക്യന്‍ ജനതയെ മാത്രമായിരുന്നു അത് സാരമായി ബാധിച്ചത്. രാജ്യത്തെ അംഗീകരിക്കപ്പെട്ട 135 ജനവിഭാഗങ്ങളില്‍ ഒന്നായി റോഹിങ്ക്യകളെ പരിഗണിക്കാത്ത നിയമമായിരുന്നു അത്. ഈ നിയമത്തിന്റെ ക്രൂരത ഭയാനകമായിരുന്നു. റോഹിങ്ക്യകള്‍ക്ക് പഠിക്കാനോ ജോലി ചെയ്യാനോ ഉള്ള അവകാശങ്ങള്‍ ഇല്ലാതാക്കി. വിവാഹം ചെയ്യലും മതചടങ്ങുകള്‍ നടത്തുന്നതും കുറ്റകരമായി മാറി. 1970 മുതല്‍ റോഹിങ്ക്യന്‍ ജനതയുടെ മേലുള്ള അടിച്ചമര്‍ത്തലുകളും മര്‍ദ്ദനങ്ങളും അസഹനീയമായപ്പോള്‍ അയല്‍ രാജ്യങ്ങളിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരായി. ഇന്ത്യക്കു പുറമെ ബംഗ്ലാദേശ്, മലേഷ്യ, തായ്‌ലാന്‍ഡ് തുടങ്ങി മറ്റു തെക്കുകിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രങ്ങളിലേക്കും കുടിയേറ്റം നടന്നു. പലായനം ചെയ്യുന്നവരെയും ഭരണകൂടം വെറുതെ വിട്ടില്ല. പീഢനങ്ങളും വേട്ടയാടലുകളും മര്‍ദ്ദനങ്ങളും ആ ജനതയെ തേടിക്കൊണ്ടേയിരുന്നു. അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുകയായിരുന്ന ഒമ്പത് സൈനികര്‍ക്ക് നേരെ 2016 ഒക്ടോബറിലുണ്ടായ പ്രകോപനമാണ് പുതിയ ആക്രമങ്ങള്‍ക്ക് നിമിത്തം. ഇതേ തുടര്‍ന്ന് റാഖീന്‍ സ്റ്റേറ്റില്‍ സൈന്യമിറങ്ങി. ഗ്രാമവാസികള്‍ക്കെതിരെ ഒരു തരത്തിലും നീതീകരിക്കാനാകാത്ത അക്രമങ്ങള്‍ അഴിച്ചിവിട്ടു. 2016 നവംബറില്‍ യു.എന്‍ പോലും മ്യാന്മര്‍ സര്‍ക്കാറിന്റെ ക്രൂരതയെ താക്കീത് ചെയ്തു. എന്നാല്‍ മ്യാന്മര്‍ സര്‍ക്കാറിന് അത്തരം താക്കീതുകള്‍ ആദ്യത്തേതോ അവസാനത്തേതോ ആയിരുന്നില്ല. ഇപ്പോഴും മ്യാന്മര്‍ പൊലീസും സൈന്യവും നിഷ്ഠൂര നടപടികളുമായാണ് റോഹിങ്ക്യകളെ നേരിട്ടുകൊണ്ടിരിക്കുന്നത്. നിരായുധരായ യുവാക്കള്‍ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ സൈന്യം തുടര്‍ച്ചയായി വെടിവെച്ചുകൊണ്ടിരിക്കുന്നു. ഈ വെടിവെപ്പിലും സൈന്യത്തിന്റെ അക്രമത്തിലും ചുരുങ്ങിയത് പത്ത് ഗ്രാമങ്ങളിലെ ജനങ്ങളെങ്കിലും (അരലക്ഷത്തിലധികം) ബംഗ്ലാദേശിനും മ്യാന്മറിനുമിടയിലെ ആള്‍പാര്‍പ്പില്ലാത്ത സ്ഥലങ്ങളിലേക്ക് ഭയന്നോടിപ്പോയി. കഴിഞ്ഞ ഒരാഴ്ചയില്‍ മാത്രം 2600 ലേറെ വീടുകളാണ് കത്തിച്ചത്. ഏകദേശം 58600 ലേറെ റോഹിങ്ക്യകള്‍ അയല്‍ രാഷ്ട്രമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്‌തെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. ബംഗ്ലാദേശ് സര്‍ക്കാറും ഇപ്പോള്‍ പട്രോളിങ് ശക്തമാക്കുകയും അഭയാര്‍ത്ഥികളെ തടയുകയുമാണ്. 2012 മുതല്‍ 168,000 റോഹിങ്ക്യരെങ്കിലും അയല്‍ രാജ്യങ്ങളിലേക്ക് പോയതായി കണക്കാക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 87000 റോഹിങ്ക്യര്‍ ബംഗ്ലാദേശിലേക്ക് കുടിയേറിപ്പാര്‍ക്കേണ്ടി വന്നിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര കുടിയേറ്റ സംഘടനയുടെ റിപ്പോര്‍ട്ട്. അഭയാര്‍ത്ഥികളായി മലേഷ്യയിലേക്കുള്ള ബോട്ട് യാത്രക്കിടയിലും ജീവന്‍ പൊലിഞ്ഞവര്‍ അനേകമാണ്. എന്നിട്ടും അപകടകരമായ ആ യാത്ര തെരഞ്ഞെടുക്കാന്‍ 112000 പേര്‍ നിര്‍ബന്ധിതരായെന്നും യു.എന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ലോകം ആഘോഷിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയായ സൂചിയുടെ നിലപാടാണ് അങ്ങേയറ്റം ഖേദകരം. രാജ്യ ഭരണാധികാരിയായ അവര്‍ ഇപ്പോഴും റോഹിങ്ക്യകളെ രാജ്യത്തെ ഒരു ജനതയായി അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. തീവ്രവാദികള്‍ എന്നാണ് എപ്പോഴും അവര്‍ റോഹിങ്ക്യകളെ അഭിസംബോധന ചെയ്യുന്നത്. സമാധാന നൊബേല്‍ ജേതാവിന് ഇപ്പോഴും സൈന്യത്തിന് മേല്‍ അധികാര പ്രയോഗം നടത്താനൊന്നും കഴിയുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
കഴിഞ്ഞ ഏപ്രിലില്‍ ബി.ബി.സിക്ക് അനുവദിച്ച അഭിമുഖത്തില്‍ അവര്‍ പറയുന്നത് വംശീയ ഉന്മൂലനമെന്നൊക്കെ പറയുന്നത് അതിശയോക്തിയാണെന്നാണ്. അങ്ങനെയൊരു വംശീയ ഉന്മൂലനം രാജ്യത്തു നടക്കുന്നതായി തനിക്കു തോന്നുന്നില്ലെന്നും പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കു പോലും സര്‍ക്കാര്‍ പ്രവേശനം നിഷേധിക്കുന്ന സാഹചര്യമാണ് ഉള്ളത്. യു.എന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന് പോലും റാഖിയുടെ ചില പ്രദേശങ്ങളിലേക്കുള്ള പ്രവേശനം നിഷേധിച്ചു. റോഹിങ്ക്യയില്‍ എന്താണ് നടക്കുന്നതെന്ന് പറയാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ ചില വ്യക്തികളെ മാത്രമേ അനുവദിക്കുന്നുള്ളൂ എന്നതാണവസ്ഥ. മാധ്യമ ശ്രദ്ധ പോലും കിട്ടാതെ ഒരു വര്‍ഗത്തെ ഭൂമുഖത്ത് നിന്നു തുടച്ചു നീക്കിക്കൊണ്ടിരിക്കുകയാണിവിടെ.