മംഗളൂരു: പുത്തൂരിൽ റിട്ടയേർഡ് പ്രിൻസിപ്പലിന്റെ വീട്ടിൽ അതിക്രമിച്ച് കയറി കവർച്ചക്ക് ശ്രമിക്കുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്ത കേസിൽ യുവദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂർ മുദുരുവിൽ താമസിക്കുന്ന കാർത്തിക് റാവു (31), ഭാര്യ കെ.എസ്. സ്വാതി റാവു (25) എന്നിവരെയാണ് പുത്തൂർ കസബ പൊലീസ് കസ്റ്റഡിയിലെടുത്തത്.
റിട്ട. പ്രിൻസിപ്പൽ എ.വി. നാരായണയുടെ വീട്ടിൽ കവർച്ചക്ക് ശ്രമിച്ച കേസിലാണ് അറസ്റ്റ്. കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി കരുതുന്ന മോട്ടോർ സൈക്കിളും പൊലീസ് പിടിച്ചെടുത്തു.
കഴിഞ്ഞ മാസം 17-ന് അർധരാത്രിയോടെയാണ് സംഭവം. ഹെൽമറ്റ് ധരിച്ച് മുഖം മറച്ച രണ്ട് അജ്ഞാതർ പിൻവാതിലിലൂടെ വീട്ടിൽ കയറി നാരായണയെയും ഭാര്യയെയും ഭീഷണിപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നെടുക്കാൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു. സംഘർഷത്തിനിടെ നാരായണയുടെ ഭാര്യക്ക് പരിക്കേറ്റു. നിലവിളിയും ബഹളവും കേട്ടതോടെ അക്രമികൾ പിൻവാതിലിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ വസ്തുക്കൾ ഒന്നും മോഷ്ടിക്കപ്പെട്ടില്ല.
പുത്തൂർ സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.