തിരുവനന്തപുരം: ശബരിമലയില്‍ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്ന പരാതിയില്‍ ഡി. മണിയെ ഇന്ന് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ഡി മണിയോട് ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരിക്കുന്നത്. മണിയുടെ സഹായികളായ ശ്രീകൃഷ്ണന്‍, ബാലമുരുകന്‍ തുടങ്ങിയവരോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ ഡി മണിയെ ഡിണ്ടിഗലിലെത്തി അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ വിഗ്രഹക്കടത്തില്‍ തനിക്ക് പങ്കില്ലെന്നാണ് മണി മൊഴി നല്‍കിയിരുന്നത്. ശബരിമലയിലെ ഒരു ഉന്നതന്റെ സഹായത്തോടെ പോറ്റി ഇടപെട്ട് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തി എന്നായിരുന്നു പ്രവാസി വ്യവസായിയുടെ മൊഴി.
അതേസമയം, കേസില്‍ അറസ്റ്റിലായ പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ദ്ധനെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ എസ്‌ഐടി ഇന്ന് അപേക്ഷ സമര്‍പ്പിക്കും. കൊല്ലം വിജിലന്‍സ് കോടതിയിലാണ് കസ്റ്റഡി അപേക്ഷ നല്‍കുന്നത്.
സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയെയും സ്വര്‍ണ വ്യാപാരി ഗോവര്‍ദ്ധനെയും കൂടുതല്‍ ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. ഇരുവരെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കുന്ന കസ്റ്റഡി അപേക്ഷ കോടതി അടുത്ത ദിവസം പരിഗണിക്കും. കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ എ. പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി തീരുന്നതിനെ തുടര്‍ന്ന് ഇന്ന് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. പത്മകുമാര്‍ സമര്‍പ്പിച്ച ജാമ്യപേക്ഷയും വിജിലന്‍സ് കോടതി പരിഗണിക്കും.