ഭക്ഷണ പാനീയങ്ങളിലെ അമിതമായ ഉപ്പിന്റെ സാന്നിധ്യം മാരകമായ ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും വഴി വയ്ക്കുന്നതായി ലോകാരോഗ്യസംഘടന. ഇതിനാല്‍ ഭക്ഷണത്തിലെ സോഡിയം അളവ് പരിമിതപ്പെടുത്താന്‍ രാജ്യങ്ങളോടും ഭക്ഷ്യോത്പന്ന കമ്പനികളോടും നിര്‍ദ്ദേശിക്കുന്ന പുതുക്കിയ മാര്‍ഗരേഖ WHO പുറത്തിറക്കി.

ഉപ്പ് ഉപയോഗം പരിമിതപ്പെടുത്തുന്നതിന് ആവശ്യമായ നയ തീരുമാനങ്ങള്‍ എടുക്കണമെന്നും ശരിയായ ഭക്ഷണക്രമത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വിവിധ രാജ്യങ്ങളിലെ അധികൃതരോട് ആവശ്യപ്പെട്ടു.

64 ഭക്ഷണ പാനീയങ്ങളിലെ സോഡിയം തോതിനെ സംബന്ധിച്ച WHO അളവുകോലുകള്‍ 194 അംഗരാജ്യങ്ങളിലെ ആരോഗ്യ അധികൃതര്‍ക്കുള്ള മാര്‍ഗരേഖയാകും. ഉദാഹരണത്തിന് 100 ഗ്രാം ഉരുളക്കിഴങ്ങ് വറുത്തത്തില്‍ പരമാവധി 500 മില്ലിഗ്രാം സോഡിയമേ പാടുള്ളൂ എന്ന് WHO നിഷ്‌കര്‍ഷിക്കുന്നു. പേസ്ട്രികളില്‍ അത് 120 മില്ലിഗ്രാമും സംസ്‌കരിച്ച ഇറച്ചിയില്‍ അത് 360 മില്ലിഗ്രാമും ആയിരിക്കണം. ഭക്ഷണത്തിലൂടെ അമിതമായി സോഡിയം ശരീരത്തിനുള്ളില്‍ ചെല്ലുന്നത് രക്തസമ്മര്‍ദം ഉയര്‍ത്തുമെന്നും ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുമെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടി.

ആഗോള ജനസംഖ്യയുടെ ശരാശരി ഉപ്പ് ഉപയോഗം 2025ഓടെ 30% കുറയ്ക്കണമെന്നായിരുന്നു ലോകാരോഗ്യസംഘടന 2013ല്‍ ലക്ഷ്യമിട്ടിരുന്നത് എന്നാല്‍ നിലവിലെ സ്ഥിതി വച്ച് ഈ ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടില്ലെന്ന് തെദ്രോസ് അദാനം പറഞ്ഞു.