കാസര്‍കോഡ്: കാസര്‍കോഡ് പാണത്തൂരില്‍ കാണാതായ സനഫാത്തിമയുടെ മൃതദേഹം കണ്ടെത്തി. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് പുഴയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. രണ്ടു കിലോമീറ്റര്‍ അകലെനിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. ചന്ദ്രഗിരിപുഴയുടെ ഭാഗത്തുനിന്ന് കണ്ടെടുത്ത മൃതദേഹം ഒരു മരത്തില്‍ കുടുങ്ങിയ നിലയിലാണ് കാണപ്പെട്ടത്.

കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം നാലുമണിക്കാണ് കുഞ്ഞിനെ കാണാതായത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. സനക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. പിന്നീട് തിരച്ചില്‍ നിര്‍ത്തേണ്ടിയും വന്നു. കുട്ടി തോട്ടിലെ വെള്ളത്തില്‍ ഒഴുക്കില്‍പെട്ടതാകാം എന്ന നിഗമനത്തിലായിരുന്നു പോലീസിന്റെ അന്വേഷണം. തിരച്ചില്‍ തുടരുമ്പോഴും കുഞ്ഞിനെ കണ്ടു കിട്ടാത്തതിനാല്‍ കുടുംബാംഗങ്ങള്‍ക്ക് അതൃപ്തിയും ഉണ്ടായിരുന്നു. കാണാതായ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് വീട്ടുകാര്‍ രംഗത്തെത്തിയതോടെ പോലീസ് വെട്ടിലാവുകയായിരുന്നു.

കുട്ടിയെ കണ്ടുകിട്ടിയെന്ന വാട്‌സ്അപ്പ് സന്ദേശവും ഇതിനിടെ പരന്നത് ദുരൂഹത വര്‍ദ്ധിപ്പിച്ചു. ആ നമ്പറിലേക്ക് വിളിച്ചെങ്കിലും മറുപടിയുണ്ടായിരുന്നില്ല. പിന്നീട് തെറ്റായ സന്ദേശം അയച്ചതിന് ക്ഷമാപണവും നമ്പറില്‍ നിന്ന് വന്നു. കുട്ടിയെ കണ്ടെത്താന്‍ അയല്‍വീടുകളില്‍ അന്വേഷണം നടത്തണമെന്ന വീട്ടുകാരുടെ ആവശ്യം പോലീസ് തള്ളിക്കളഞ്ഞതായും വീട്ടുകാര്‍ ആരോപിച്ചിരുന്നു.