ഗുജറാത്ത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് പോലീസ് കസ്റ്റഡിയില്‍. 1998 ലെ പാലന്‍പൂര്‍ ഡ്രഗ് പ്ലാന്റിംഗ് കേസില്‍ ചോദ്യം ചെയ്യാനാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സംഘപരിവാറിനുമെതിരായി ശക്തമായ പ്രചാരണമാണ് സഞ്ജീവ് ഭട്ട് സോഷ്യല്‍ മീഡിയയിലടക്കം നടത്തുന്നത്.

ഭട്ടിനോടൊപ്പം മറ്റു ആറു പേരെയും ഗുജറാത്ത് സിഐഡി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരില്‍ രണ്ടു മുന്‍ പോലീസ് ഓഫീസര്‍മാരും ഉള്‍പ്പെടും. എല്ലാവരെയും ചോദ്യം ചെയ്തു വരികയാണ്.

2002 ലെ ഗുജറാത്ത് മുസ്‌ലിം വംശഹത്യയില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി നേതൃത്വം നല്‍കിയ സര്‍ക്കാറിനെതിരെ; കലാപത്തിന് ഒത്താശ ചെയ്തു എന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സംഭവത്തിലൂടെയാണ് ഇദ്ദേഹം അറിയപ്പെട്ടത്. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് ശക്തമായി വാദിക്കുകയും കലാപത്തിന്റെ തെളിവുകള്‍ ഗുജറാത്ത് സര്‍ക്കാര്‍ നശിപ്പിച്ചു എന്ന് അന്വേഷണത്തില്‍ ബോധ്യമായി എന്ന് പ്രഖ്യാപിക്കുകയും ചെയ്യുകയുണ്ടായി അദ്ദേഹം. ഈ സംഭവത്തോടെ ഗുജറാത്ത് സര്‍ക്കാറിന്റെ നോട്ടപ്പുള്ളിയായ സഞ്ജീവ് ഭട്ട് 2011 മുതല്‍ സസ്‌പെന്ഷനിലായിരുന്നു . അനുമതിയില്ലാതെ അവധിയെടുത്തു എന്ന കാരണം പറഞ്ഞു അദ്ദേഹത്തെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടു