Sports

സര്‍ഫറാസ് ഖാന്‍ തകര്‍ത്തടിച്ചു; ഗോവക്കെതിരെ മുംബൈയുടെ വമ്പന്‍ സ്‌കോര്‍

By webdesk18

December 31, 2025

ജയ്പൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ ഗോവക്കെതിരായ മത്സരത്തില്‍ 444 റണ്‍സ് അടിച്ചെടുത്ത് മുംബൈ വന്‍ സ്‌കോര്‍ ഉയര്‍ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈയെ 75 പന്തില്‍ 157 റണ്‍സ് അടിച്ചെടുത്ത സര്‍ഫറാസ് ഖാന്‍ ആണ് കൂറ്റന്‍ ടോട്ടലിലേക്ക് നയിച്ചത്. മുംബൈയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല.

31 റണ്‍സില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 11 റണ്‍സ് നേടിയ ആംഗ്കൃഷ് രഘുവന്‍ഷിയാണ് ആദ്യം മടങ്ങിയത്. തുടര്‍ന്ന് യശസ്വി ജയ്സ്വാളിനൊപ്പം ചേര്‍ന്ന് മുഷീര്‍ ഖാന്‍ മുംബൈ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു. ഇരുവരും ചേര്‍ന്ന് 70 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും 21ാം ഓവറില്‍ 64 പന്തില്‍ 46 റണ്‍സ് നേടിയ ജയ്സ്വാള്‍ പുറത്തായി. അതിനുശേഷം ക്രീസിലെത്തിയ സര്‍ഫറാസ് ഖാന്‍ ആക്രമണം തുടങ്ങി. മുഷീര്‍ ഖാനുമായി ചേര്‍ന്ന് 93 റണ്‍സിന്റെ കൂട്ടുകെട്ട് സര്‍ഫറാസ് ഉയര്‍ത്തി.

31ാം ഓവറില്‍ 60 റണ്‍സ് നേടിയ മുഷീര്‍ മടങ്ങുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 194 റണ്‍സ് ഉണ്ടായിരുന്നു. തുടര്‍ന്ന് സിദ്ധേഷ് ലാഡ് (17), ഷാര്‍ദുല്‍ താക്കൂര്‍ (8 പന്തില്‍ 27) എന്നിവര്‍ ചെറിയെങ്കിലും നിര്‍ണായക സംഭാവനകള്‍ നല്‍കി. 42ാം ഓവറില്‍ സര്‍ഫറാസ് ഖാന്‍ പുറത്തായി. 14 സിക്സും 9 ഫോറും ഉള്‍പ്പെട്ട അദ്ദേഹത്തിന്റെ ഇന്നിംഗ്സ് മുംബൈയുടെ സ്‌കോറിനെ കുതിപ്പിച്ചു.

അവസാന ഘട്ടത്തില്‍ ഹാര്‍ദിക് താമോറെ (53), ഷംസ് മുലാനി (22), തനുഷ് കൊട്ടിയാന്‍ (12 പന്തില്‍ പുറത്താവാതെ 23), തുഷാര്‍ ദേശ്പാണ്ഡെ (3 പന്തില്‍ പുറത്താവാതെ 7) എന്നിവരുടെ സംഭാവനകളാണ് മുംബൈയെ 400 കടത്തിയത്. ഗോവയ്ക്ക് വേണ്ടി ദര്‍ശന്‍ മിസാല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ലളിത് യാദവ്, കൗശിക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ എട്ട് ഓവര്‍ എറിഞ്ഞ് 78 റണ്‍സ് വിട്ടുകൊടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഗോവ, വിവരം ലഭിക്കുമ്പോള്‍ 26 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് എന്ന നിലയിലാണ്. ലളിത് യാദവ് (20), അഭിനവ് തേജ്റാന (15) എന്നിവര്‍ ക്രീസിലുണ്ട്.