റിയാദ്: സഊദി അറേബ്യയില്‍ വിദേശികളുടെ ജനസംഖ്യ 12.17 ശതമാനം വര്‍ധിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. ഈ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 11.6 ദശലക്ഷം വിദേശികളുണ്ട്. 2015 ല്‍ വിദേശികള്‍ 10.2 ദശലക്ഷമായിരുന്നു. ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്ന് 14,19,905 വിദേശികള്‍ ഈ വര്‍ഷം സഊദിയില്‍ എത്തിയിട്ടുണ്ട്.
വിദേശ വനിതകളുടെ എണ്ണത്തില്‍ 13.59 ശതമാനം വര്‍ധനവുണ്ട്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സഊദിയില്‍ 36,57,643 വിദേശ വനിതകളാണുള്ളത്.

 

കഴിഞ്ഞ വര്‍ഷാവസാനം വിദേശ വനിതകളുടെ എണ്ണം 31,60,387 ആയിരുന്നു. ഈ വര്‍ഷം ആദ്യ ഒമ്പത് മാസത്തിനിടെ വിദേശ വനിതകളുടെ എണ്ണത്തില്‍ 4,97,256 പേരുടെ വര്‍ധനവുണ്ടായി. വിദേശികളായ പുരുഷന്മാരുടെ എണ്ണത്തില്‍ 9,22,649 പേരുടെ വര്‍ധവും ഈ വര്‍ഷമുണ്ടായി. വിദേശികളായ പുരുഷന്മാര്‍ 83 ലക്ഷമായി മാറിയിട്ടുണ്ട്. 2015 ല്‍ 78 ലക്ഷം വിദേശ പുരുഷന്മാരാണ് സഊദിയിലുണ്ടായിരുന്നത്. സ്വദേശികളുടെ എണ്ണത്തില്‍ ഈ വര്‍ഷം കുറവ് രേഖപ്പെടുത്തി. സ്വദേശി ജനസംഖ്യയില്‍ 6,93,324 പേരുടെ കുറവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. 2015 ഡിസംബറില്‍ സ്വദേശി ജനസംഖ്യ 20.8 ദശലക്ഷമായിരുന്നു. ഈ വര്‍ഷം മൂന്നാം പാദത്തില്‍ സ്വദേശികള്‍ 20.7 ദശലക്ഷമായി.
സ്വദേശി വനിതകളുടെ എണ്ണത്തില്‍ 3,53,245 പേരുടെ കുറവുണ്ടായി. സ്വദേശി വനിതകളുടെ എണ്ണത്തില്‍ 3.46 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. സ്വദേശി വനിതകള്‍ 10.2 ദശലക്ഷത്തില്‍ നിന്ന് 9.8 ദശലക്ഷമായി കുറഞ്ഞു. സ്വദേശികളില്‍ 6,93,784 പേര്‍ തൊഴില്‍രഹിതരാണ്. ഇവരില്‍ 4,39,676 പേര്‍ പുരുഷന്മാരും 2,54,108 പേര്‍ വനിതകളുമാണ്. ടൂറിസം മേഖലാ ജീവനക്കാരില്‍ 28 ശതമാനം സ്വദേശികളും 72 ശതമാനം വിദേശികളുമാണെന്നും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു.
സ്വദേശികള്‍ക്കിടയില്‍ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതല്‍ 25 മുതല്‍ 29 വരെ വയസ് പ്രായമുള്ളവര്‍ക്കിടയിലാണ്. തൊഴില്‍രഹിതരില്‍ 39 ശതമാനവും ഈ പ്രായവിഭാഗത്തില്‍ പെട്ടവരാണ്.