കോരാപുത്: മൊബൈല്‍ ഫോണില്‍ സെല്‍ഫിയെടുക്കുന്നതിനിടെ അമ്മയും മക്കളും പുഴയില്‍ വീണു. പെണ്‍കുട്ടിയെ രക്ഷപെടുത്തി. മാതാവും ആണ്‍കുട്ടിയും മുങ്ങി മരിച്ചു. ഇന്നലെ വൈകുന്നേരം ഒഡീഷയിലെ രാഗ്യാഗദ ജില്ലയിലെ നാഗബലി നദീ തീരത്തു വെച്ചായിരുന്നു അപകടം. ജെ ശാന്തി (30), ജെ അഖില്‍ (അഞ്ച്) എന്നിവരാണ് കൊല്ലപ്പെട്ടത്. ശാന്തിയും മക്കളും കൂടി നദിയിലെ പാലത്തില്‍ വെച്ച് മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തി. കുറച്ചു സമയത്തിന് ശേഷം പാലത്തിനടിയില്‍ കൂടി നദി തീരത്തെ പാറക്കൂട്ടങ്ങള്‍ക്കിടയിലേക്ക് നീങ്ങി. അവിടെ നിന്നും കൂറേ ചിത്രങ്ങള്‍ എടുത്തു. കുട്ടികളെ ഒപ്പം നിര്‍ത്തി ചിത്രങ്ങള്‍ എടുക്കുന്നതിനിടെ പാറയില്‍ വെച്ച് കാല്‍വഴുതി മൂവരും നദിയിലേക്ക് പതിച്ചു. പ്രദേശവാസികള്‍ ഓടിക്കൂടുകയും പെണ്‍കുട്ടിയെ രക്ഷപെടുത്തുകയും ചെയ്തു. അപ്പോഴേക്കും ശാന്തിയും മകനും വെള്ളത്തില്‍ മുങ്ങിയമര്‍ന്നിരുന്നു. മണിക്കൂറുകള്‍ക്കകം ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.