News

മൊറോക്കോയെ കീഴടക്കി സെനഗലിന് ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് കിരീടം

By sreenitha

January 19, 2026

മൊറോക്കോ: ആതിഥേയരായ മൊറോക്കോയെ ഫൈനലില്‍ തോല്‍പ്പിച്ച് ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ സെനഗല്‍ ചാമ്പ്യന്മാരായി. എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയില്‍ പെപേ ഗൂയേ നേടിയ ഏക ഗോളാണ് സെനഗലിന് കിരീടം സമ്മാനിച്ചത്.

നാടകീയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ഫൈനലില്‍, കളി അവസാനിക്കാനിരിക്കെ മൊറോക്കോക്ക് ലഭിച്ച പെനല്‍റ്റി റയല്‍ മഡ്രിഡ് താരം ബ്രാഹിം ഡയസ് പാഴാക്കിയതാണ് മത്സരത്തിന്റെ ഗതി നിര്‍ണയിച്ചത്. ഇതോടെ അമ്പത് വര്‍ഷമായി കാത്തിരുന്ന കിരീട സ്വപ്നം സ്വന്തം മണ്ണില്‍ തന്നെ മൊറോക്കോയ്ക്ക് കണ്ണീരായി.

114-ാം മിനിറ്റിലാണ് മൊറോക്കോക്ക് പെനല്‍റ്റി ലഭിച്ചത്. എല്‍ ഹാജി മാലിക് ദിയൂഫ് ബോക്‌സിനുള്ളില്‍ ബ്രാഹിം ഡയസിനെ വീഴ്ത്തിയതിനെ തുടര്‍ന്ന് നീണ്ട വാര്‍ പരിശോധനയ്ക്കും സെനഗലിന്റെ കളി ബഹിഷ്‌കരണ നീക്കത്തിനും ശേഷമാണ് റഫറി പെനല്‍റ്റി വിധിച്ചത്. പെനല്‍റ്റി അനുവദിച്ചതോടെ സെനഗല്‍ കോച്ച് പെപേ തിയാവ് താരങ്ങളോട് ഡ്രസിങ് റൂമിലേക്ക് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും സാദിയോ മാനേ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍ ഇടപെട്ടതോടെ കളി തുടര്‍ന്നു.

ആദ്യ കിരീടത്തിന്റെ സ്വപ്നവുമായി പെനല്‍റ്റി എടുക്കാന്‍ എത്തിയ ബ്രാഹിം ഡയസ് പനേങ്ക ശൈലിയില്‍ ശ്രമിച്ച കിക്ക് സെനഗല്‍ ഗോള്‍കീപ്പര്‍ എഡ്വേര്‍ഡ് മെന്‍ഡി അനായാസം പിടിച്ചെടുത്തു.

തുടര്‍ന്ന് എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയുടെ നാലാം മിനിറ്റില്‍ തന്നെ പെപേ ഗൂയേ സെനഗലിന് നിര്‍ണായക ഗോള്‍ നേടി. പിന്നീട് തിരിച്ചടിക്കാന്‍ മൊറോക്കോ ശക്തമായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ തുടര്‍ച്ചയായ രണ്ടാം ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് കിരീടമാണ് സെനഗല്‍ സ്വന്തമാക്കിയത്.