ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നല്‍കിയ ഉത്തരാഖണ്ഡ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.എം ജോസഫിന്റെ സീനിയോറിറ്റിയില്‍ മാറ്റം വരുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം പുകയുന്നു. ഇക്കാര്യത്തിലുള്ള അതൃപ്തി തുറന്നു പ്രകടിപ്പിക്കുന്നതിനായി സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ ഉള്‍പ്പെടെ ഇന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കാണും.
ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള കൊളീജിയം ശിപാര്‍ശയില്‍ തീരുമാനമെടുക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ബോധപൂര്‍വ്വം നീട്ടിക്കൊണ്ടു പോയിരുന്നു. ഒരു തവണ പേര് കേന്ദ്രം തിരിച്ചയച്ചെങ്കിലും കൊളീജിയം വീണ്ടും ശിപാര്‍ശ സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ഇതിനു ശേഷവും പേര് അംഗീകരിക്കാന്‍ കേന്ദ്രം കൂട്ടാക്കിയില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയം തീരുമാനത്തില്‍ ഉറച്ചു നിന്നതോടെയാണ് ഒടുവില്‍, നാലു മാസത്തെ കാത്തിരിപ്പിനൊടുവില്‍ കേന്ദ്രം ജസ്റ്റിസ് കെ.എം ജോസഫിന്റെ പേര് അംഗീകരിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തുവന്നതോടെയാണ് സീനിയോറിറ്റി അട്ടിമറിച്ച വിവരം പുറത്തായത്.
ചട്ടപ്രകാരം കൊളീജിയം ആദ്യം ശിപാര്‍ശ ചെയ്ത ആളുടെ പേരാണ് സര്‍ക്കാര്‍ ഉത്തരവില്‍ ആദ്യം വരേണ്ടത്. ഉത്തരവു പ്രകാരം നിയമിക്കപ്പെടുന്നവരില്‍ സീനിയോറിറ്റിയും പ്രസ്തുതയാള്‍ക്കാവും. പില്‍ക്കാലത്ത് ചീഫ് ജസ്റ്റിസ് നിയമനത്തില്‍ ഉള്‍പ്പെടെ സീനിയോറിറ്റി നിര്‍ണായകമാകും. ഇതനുസരിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മൂന്ന് സുപ്രീംകോടതി ജഡ്ജിമാരുടെ പട്ടികയില്‍ കൊളീജിയം ഏറ്റവും ആദ്യം ശിപാര്‍ശ ചെയ്ത പേര് ജസ്റ്റിസ് കെ.എം ജോസഫിന്റേതാണ്. നാലു മാസം മുമ്പായിരുന്നു ശിപാര്‍ശ. എന്നാല്‍ നിയമന ഉത്തരവില്‍ ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയുടെയും ജസ്റ്റിസ് വിനീത് സരണിന്റെയും പിന്നിലായി മൂന്നാം സ്ഥാനത്താണ് ജസ്റ്റിസ് കെ.എം ജോസഫിന്റെ പേര് നല്‍കിയിരിക്കുന്നത്. ജുഡീഷ്യല്‍ നിയമനങ്ങളിലെ കേന്ദ്ര സര്‍ക്കാറിന്റെ കൈകടത്തലാണ് സീനിയോറിറ്റി അട്ടിമറിയെന്നാണ് ജഡ്ജിമാരുടെ ആരോപണം. ഇതേതുടര്‍ന്നാണ് ചീഫ് ജസ്റ്റിനെ നേരില്‍ കണ്ട് പ്രതിഷേധം അറിയിക്കാന്‍ ജഡ്ജിമാര്‍ തീരുമാനിച്ചത്.
ഉത്തരാഖണ്ഡിലെ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ മോദി സര്‍ക്കാറിന്റെ നടപടി ചീഫ് ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ഹൈക്കോടതി ബെഞ്ച് ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കിയതോടെയാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാറിന്റെ കണ്ണിലെ കരടായത്. രാഷ്ട്രീയ അട്ടിമറികളിലൂടെ സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കാന്‍ ബി.ജെ.പി നടത്തിയ ഗൂഢ നീക്കങ്ങള്‍ക്ക് നേരിട്ട നാണംകെട്ട തിരിച്ചടിയായിരുന്നു ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
2018 ജനുവരിയിലാണ് അദ്ദേഹത്തെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ ചെയ്തത്. എന്നാല്‍ ശിപാര്‍ശ കേന്ദ്രം തിരിച്ചയക്കുകയായിരുന്നു. റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന ജഡ്ജിമാര്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പരസ്യമായി രംഗത്തെത്തുകയും ജസ്റ്റിസ് ജോസഫിന്റെ പേര് വീണ്ടും ശിപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി ചീഫ് ജസ്റ്റിസിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.