ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്കു വധശിക്ഷ വരെ വ്യവസ്ഥ ചെയ്ത് പോക്‌സോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ്) നിയമ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. 2012ല്‍ പാസാക്കിയ നിയമത്തിലെ 7 വ്യവസ്ഥകളാണ് ഭേദഗതി ചെയ്തത്. വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി അവതരിപ്പിച്ച ബില്‍ ഇനി ലോക്‌സഭയുടെ അംഗീകാരത്തിന് അയക്കും.
രാജ്യത്ത് കുട്ടികള്‍ക്കെതിരെ അക്രമങ്ങള്‍ പെരുകി സാഹചര്യത്തിലാണ് നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രകൃതിദുരന്തങ്ങളും അപകടങ്ങളുമുണ്ടാകുമ്പോള്‍ കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നതും ലൈംഗികചൂഷണം ലക്ഷ്യമിട്ട് ഹോര്‍മോണ്‍ നല്‍കി കുട്ടികളെ പെട്ടെന്നു മുതിര്‍ന്നവരാക്കുന്നതും തടയാനും പുതിയ വ്യവസ്ഥകള്‍ ലക്ഷ്യമിടുന്നു.
കുട്ടികളുടെ അശ്ലീലചിത്ര, ദൃശ്യ പ്രചാരണം തടവും പിഴയും ഉള്‍പ്പെടെ കര്‍ശന ശിക്ഷയ്ക്കു കാരണമാകും. ഇവ സൂക്ഷിക്കുന്നതും നശിപ്പിക്കാതിരിക്കുന്നതും ശ്രദ്ധയില്‍പെട്ടാലുടന്‍ അധികൃതരെ അറിയിക്കാതിരിക്കുന്നതും കുറ്റകരമാവും. വാണിജ്യ ലക്ഷ്യത്തോടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനും കര്‍ക്കശ ശിക്ഷയാണ് ബില്‍ നിര്‍ദേശിക്കുന്നത്.