കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാട്‌സാപ്പ് സ്റ്റാറ്റസിട്ടതിനു കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട ശരത്‌ലാലിന്റെ ബന്ധുവായ വിദ്യാര്‍ഥിക്ക് എസ്എഫ്‌ഐയുടെ ഭീഷണി. എസ്എഫ്‌ഐ അംഗങ്ങളായ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നു. ഇത് തുടര്‍ന്നതോടെ വിദ്യാര്‍ഥി മറ്റൊരു സ്‌കൂളിലേക്ക് മാറ്റംവാങ്ങി.

രാവണീശ്വരം ജിഎച്ച്എസ്എസിലായിരുന്നു വിദ്യര്‍ഥി പ്ലസ് വണ്ണിന് ചേര്‍ന്നത്. പ്രവേശനോത്സവത്തിനിടെ എസ്എഫ്‌ഐ എന്നെഴുതിയ കാര്‍ഡ് മുതിര്‍ന്ന വിദ്യാര്‍ഥികള്‍ നല്‍കി. എല്ലാ ദിവസവും ഇത് കൈയ്യില്‍ കരുതണമെന്നും നിര്‍ദേശിച്ചു. അന്നു വൈകിട്ടോടെ ഇതേ സ്‌കൂളില്‍ പ്ലസ്ടൂവിന് പഠിക്കുന്ന വിദ്യാര്‍ഥിയുടെ നമ്പറില്‍നിന്ന് ശരത് ലാലിന്റെ ബന്ധുവിന് ഭീഷണി സന്ദേശങ്ങള്‍ എത്തി. മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്ന വാട്‌സാപ്പ് സ്റ്റാറ്റസായിരുന്നു പ്രശ്‌നം. സ്റ്റാറ്റസ് നീക്കം ചെയ്തില്ലെങ്കില്‍ സ്‌കൂളില്‍ വച്ചുകാണാമെന്നായിരുന്നു ഭീഷണി. പ്രവേശനോത്സവത്തിനിടെ നല്‍കിയ കാര്‍ഡ് കൈയ്യിലുണ്ടെന്നതിന് തെളിവ് നല്‍കാനും ആവശ്യപ്പെട്ടു.

തുടര്‍ന്ന് സമ്മര്‍ദം താങ്ങാനാകാതെ വിദ്യാര്‍ഥി പെരിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് മാറ്റം വാങ്ങിയതോടെ ഭീഷണിയുടെ സ്വരം കടുത്തു. പുതിയ സ്‌കൂളിലെത്തിയിട്ടും വിദ്യാര്‍ഥിക്കെതിരായ ഭീഷണി തുടരുകയാണ്. വിദ്യാര്‍ഥിയുടെ ഭാവിയോര്‍ത്ത് പൊലീസില്‍ പരാതിപ്പെടാന്‍ ഭയക്കുകയാണ് കുടുംബം.