മുംബൈ: ബി.ജെ.പിയെ ഭ്രാന്തനായ കൊലയാളിയെന്ന് വിശേഷിപ്പിച്ച് ശിവസേന. ശിവസേനയുടെ പത്രമായ സാംമ്‌നയില്‍ എഴുതിയ മുഖപ്രസംഗത്തിലൂടെയാണ് കടുത്ത വിമര്‍ശം. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ശിവസേനയെ വഞ്ചകര്‍ എന്ന് വിളിച്ചതിന് പിന്നാലെയാണ് ബിജെപിയെ തങ്ങളുടെ വഴിയില്‍ തടസമാവുന്ന എന്തിനെയും കുത്തിവിഴ്ത്തുന്ന ഭ്രാന്തനായ കൊലയാളിയാണെന്ന് ശിവസേനയുടെ തിരിച്ചടിയുണ്ടാത്. അന്തരിച്ച എംപി ചിന്താമന്‍ വനഗയുടെ മകനെ തെരഞ്ഞെടുപ്പില്‍ രംഗത്തിറക്കിയത് വഴി ശിവസേന ബിജെപിയെ ചതിക്കുകയായിരുന്നുവെന്നായിരുന്നു മുഖ്യമന്ത്രി ഫട്‌നാവിസിന്റെ പ്രസ്താവന.
പല്‍ഘാര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് റാലിക്കിടയില്‍ ശിവജിയുടെ ചിത്രത്തില്‍ ഹാരാര്‍പ്പണം നടത്തുന്ന വേളയില്‍ ചെരുപ്പുപയോഗിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും ശിവസേന ആഞ്ഞടിച്ചിട്ടുണ്ട്. കടപവേഷധാരി എന്നാണ് അദ്ദേഹത്തെ ശിവസേന വിളിച്ചത്.
ശിവസേന പിന്നില്‍ നിന്ന് കുത്തി എന്നാണ് ആ കപടവേഷധാരിയായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പല്‍ഘാര്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞത്. അദ്ദേഹം ചരിത്രമോ ഛത്രപതിയെയോ മനസിലാക്കിയിട്ടില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.