News

മിനിയാപൊളിസിൽ യു.എസ് ഫെഡറൽ ഏജന്റുമാരുടെ വെടിവയ്പ്പ്: കൊല്ലപ്പെട്ടത് അമേരിക്കൻ പൗരൻ

By sreenitha

January 25, 2026

ലോസ് ആഞ്ചൽസ്: മിനസോട്ടയിലെ മിനിയാപൊളിസിൽ യു.എസ് ഫെഡറൽ ഏജന്റുമാർ വെടിവച്ചു കൊന്നത് ഒരു അമേരിക്കൻ പൗരനെയാണെന്ന് മിനിയാപൊളിസ് പൊലീസ് മേധാവി ബ്രയാൻ ഒ’ഹാര സ്ഥിരീകരിച്ചു. 37 വയസ്സുള്ള വെളുത്ത വർഗക്കാരനും മിനിയാപൊളിസ് സ്വദേശിയുമാണ് കൊല്ലപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. നിയമപരമായി കൈവശം വയ്ക്കാൻ അനുമതിയുള്ള തോക്കിന്റെ ഉടമയായിരുന്നു ഇയാളെന്നും പൊലീസ് വ്യക്തമാക്കി.

കുടിയേറ്റ വിരുദ്ധ ഏജൻസിയായ ഐ.സി.ഇയുടെ ആക്രമണാത്മക നടപടികൾ യു.എസ് സമൂഹത്തിൽ വലിയ ആശങ്കയും വിഭജനവും സൃഷ്ടിക്കുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. സംഭവത്തെ തുടർന്ന് ജനങ്ങൾ സമാധാനം പാലിക്കണമെന്ന് പൊലീസ് മേധാവി അഭ്യർഥിച്ചു. സംഭവത്തിൽ രോഷവും നിരവധി സംശയങ്ങളും ഉയരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മിനിയാപൊളിസ് മേയർ ജേക്കബ് ഫ്രേ, മുഖംമൂടി ധരിച്ച ആറിലധികം ഫെഡറൽ ഏജന്റുമാർ തങ്ങളുടെ മണ്ഡലത്തിലെ ഒരാളെ മർദിക്കുകയും വെടിവച്ചു കൊലപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങൾ താൻ കണ്ടതായി വെളിപ്പെടുത്തി.

അതേസമയം, ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ പ്രസ്താവന പ്രകാരം, ആക്രമണത്തിന് തയ്യാറായ അനധികൃത വിദേശ പൗരൻമാരെ ലക്ഷ്യമിട്ടുള്ള ഓപ്പറേഷനാണ് മിനിയാപൊളിസിൽ നടന്നത്. ഒരു വ്യക്തി 9 എം.എം സെമി ഓട്ടോമാറ്റിക് ഹാൻഡ്‌ഗണുമായി യു.എസ് ബോർഡർ പട്രോൾ ഉദ്യോഗസ്ഥരെ സമീപിച്ചതായും പ്രസ്താവനയിൽ പറയുന്നു.

പ്രതിയെ നിരായുധീകരിക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും ആയുധധാരിയായ ഇയാൾ അക്രമാസക്തമായി ചെറുത്തുവെന്നാണ് ഔദ്യോഗിക വിശദീകരണം. ഇയാളുടെ നെഞ്ചിൽ നിരവധി തവണ വെടിയേറ്റതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സംഭവം അതീവ അസ്വസ്ഥത സൃഷ്ടിക്കുന്നതാണെന്ന് മിനസോട്ട ഗവർണർ ടിം വാൾസ് ‘എക്‌സ്’ (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ പ്രതികരിച്ചു. ഈ ഓപ്പറേഷൻ അവസാനിപ്പിക്കണമെന്നും, അക്രമാസക്തരും മതിയായ പരിശീലനം ലഭിക്കാത്തവരുമായ ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ മിനസോട്ടയിൽ നിന്ന് ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം യു.എസ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.