india

എസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

By sreenitha

December 30, 2025

പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിൽ എസ്.ഐ.ആർ (സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ) വോട്ടർ പട്ടിക ഹിയറിങ്ങിനായി നോട്ടീസ് ലഭിച്ചതിനെ തുടർന്നുണ്ടായ ആശങ്കക്കിടെ 82 വയസ്സുള്ള വയോധികൻ ഓടുന്ന ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. എസ്.ടി വിഭാഗമായ സാന്താൾ കമ്യൂണിറ്റിയിൽപ്പെട്ട ദുർജൻ മാജിയാണ് മരിച്ചത്.

എസ്.ഐ.ആറിന്റെ കരട് വോട്ടർ പട്ടികയിൽ പേര് കാണാത്തതിനെ തുടർന്ന് പാരാ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസിൽ ഹിയറിങ്ങിന് ഹാജരാകാൻ മാജിക്ക് നോട്ടീസ് ലഭിച്ചിരുന്നു. ഇതോടെയാണ് അദ്ദേഹം കടുത്ത മാനസിക സമ്മർദത്തിലായതെന്ന് മകൻ കനായ് പറഞ്ഞു. “എന്റെ അച്ഛൻ എസ്.ഐ.ആർ എണ്ണൽ ഫോം സമർപ്പിച്ചിരുന്നു. 2002 ലെ വോട്ടർ പട്ടികയിൽ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നു. എന്നിട്ടും ഹിയറിങ്ങിന് വിളിപ്പിച്ചതെന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല,” ദിവസവേതനക്കാരനായ കനായ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്ന് റിക്ഷ അന്വേഷിച്ച് പുറപ്പെട്ട മാജിക്ക് വാഹന സൗകര്യം ലഭിക്കാതിരിക്കുകയും ഹിയറിങ്ങിന് പോകാൻ കഴിയാതെ വരികയും ചെയ്തതോടെയാണ് സമീപത്തെ റെയിൽവേ ട്രാക്കിലേക്ക് പോയി ജീവനൊടുക്കിയതെന്ന് കുടുംബം പറയുന്നു. ഓടുന്ന ട്രെയിനിടിച്ച് മരണമുണ്ടായതായി പൊലീസ് സ്ഥിരീകരിച്ചു.

1943 ജൂലൈ 18ന് ജനിച്ച മാജി ജന്മനാ ഇന്ത്യൻ പൗരനും ദീർഘകാല വോട്ടറുമായിരുന്നു. സാധുവായ വോട്ടർ ഐഡി കാർഡ് കൈവശം ഉണ്ടായിരുന്നുവെന്നും 2002 ലെ വോട്ടർ പട്ടികയിൽ പേര് രേഖപ്പെടുത്തിയിരുന്നുവെന്നും ബന്ധുക്കൾ വ്യക്തമാക്കി. എന്നാൽ നിലവിൽ നടക്കുന്ന എസ്.ഐ.ആർ പ്രക്രിയയിൽ അദ്ദേഹത്തിന്റെ പേര് ഓൺലൈൻ വോട്ടർ ഡാറ്റാബേസിൽ പ്രത്യക്ഷപ്പെട്ടില്ലെന്നാണ് റിപ്പോർട്ട്.

സംഭവം വിവാദമായതോടെ 85 വയസ്സോ അതിലധികമോ പ്രായമുള്ളവരെയും ഗുരുതര രോഗികളെയും വൈകല്യമുള്ളവരെയും പ്രത്യേക അഭ്യർഥനയില്ലാതെ വ്യക്തിപരമായ ഹിയറിങ്ങിനായി വിളിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ തിങ്കളാഴ്ച ഉത്തരവിറക്കി.