News
യുഎഇയോട് ഐക്യദാർഢ്യം: 64 രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരെ ഒരു ബാനറിന് കീഴിൽ അണിനിരത്തി ഗിന്നസ് ലോക റെക്കോർഡ് നേടി ബുർജീൽ ഹോൾഡിങ്സ്
ഏറ്റവുമധികം രാജ്യക്കാർ ചേർന്ന് ഉയർത്തിയ ബാനർ എന്ന ലോകറെക്കോഡാണ് ബുർജീൽ സ്വന്തമാക്കിയത്. 2019-ൽ ദുബായിൽ സ്ഥാപിക്കപ്പെട്ട 58 രാജ്യക്കാരുടെ റെക്കോർഡാണ് ഇതോടെ തിരുത്തപ്പെട്ടത്
അബുദാബി: കഴിഞ്ഞ ഏതാനും ആഴ്ചകളായി മുൻനിരയിൽ നിന്ന് രോഗികൾക്ക് ആശ്വാസമേകിയവർ. ശനിയാഴ്ച വൈകുന്നേരം അവർ വീണ്ടും ഒത്തുകൂടിയപ്പോൾ ലക്ഷ്യം ചികിത്സയായിരുന്നില്ല; മറിച്ച്, ഒരു സ്പോർട്സ് മൈതാനത്ത് ഒരേ ബാനറിന് കീഴിൽ അണിനിരന്ന് യുഎഇയോടുള്ള തങ്ങളുടെ സ്നേഹവും ഐക്യദാർഢ്യവും ലോകത്തെ അറിയിക്കുക എന്നതായിരുന്നു.
ഫിലിപ്പൈൻസ്, ഇന്ത്യ, യുണൈറ്റഡ് കിങ്ഡം തുടങ്ങി ലോകമെമ്പാടുമുള്ള 64 രാജ്യങ്ങളിൽ നിന്നുള്ള മുൻനിര ആരോഗ്യപ്രവർത്തകരെ അണിനിരത്തി ഏറ്റവുമധികം രാജ്യക്കാർ ചേർന്ന് ഉയർത്തിയ ബാനർ’ എന്ന ഗിന്നസ് ലോക റെക്കോർഡാണ് പ്രമുഖ മലയാളി ആരോഗ്യസംരംഭകൻ ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിലുള്ള ബുർജീൽ ഹോൾഡിങ്സ് സ്വന്തമാക്കിയത്. 2019-ൽ ദുബായിൽ സ്ഥാപിക്കപ്പെട്ട 58 രാജ്യക്കാരുടെ റെക്കോർഡാണ് ഇതോടെ തിരുത്തപ്പെട്ടത്.
ദേശീയ പതാക ഉയർത്താനും ഐക്യം ശക്തിപ്പെടുത്താനുമുള്ള യുഎഇ നേതൃത്വത്തിന്റെ ആഹ്വാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വെറും 48 മണിക്കൂറിനുള്ളിലാണ് ഈ ബൃഹത്തായ പരിപാടി സംഘടിപ്പിച്ചത്. പ്രത്യേക സാഹചര്യങ്ങൾ മാറി രാജ്യം സാധാരണ നിലയിലേക്ക് മടങ്ങിയ ശേഷം മേഖലയിൽ നടക്കുന്ന ആദ്യത്തെ റെക്കോർഡ് ബ്രേക്കിംഗ് പരിപാടിയാണിത്.
മഴ കെടുത്താത്ത ആവേശം
അബുദാബി സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് സംഘടിപ്പിച്ച വാർഷിക കായിക മേളയായ ‘ബുർജീൽ ഗെയിംസി’ന്റെ സമാപന ചടങ്ങിലായിരുന്നു വിസ്മയിപ്പിക്കുന്ന ഈ പ്രകടനം. റെക്കോർഡിന് അർഹമായ 64 ദേശീയതകളിൽ നിന്നുള്ളവർ ഉൾപ്പെടെ ആകെ 153 പേരാണ് ഈ ഉദ്യമത്തിൽ പങ്കാളികളായത്. അബുദാബി ഹുദൈരിയത്ത് ദ്വീപിലെ മൈതാനത്ത് മഴയെപ്പോലും അവഗണിച്ച്, 85 മീറ്റർ നീളവും 200 കിലോഗ്രാമിലധികം ഭാരവുമുള്ള കൂറ്റൻ ബാനർ ഉയർത്തിപ്പിടിച്ച് ആരോഗ്യപ്രവർത്തകരുടെ സംഘം 100 മീറ്ററിലധികം ദൂരം നടന്നു. “നമ്മുടെ രാഷ്ട്രം, നമ്മുടെ ഹൃദയമിടിപ്പ്” എന്ന പ്രമേയത്തിലായിരുന്നു ഈ ഐക്യദാർഢ്യ പ്രകടനം.
യുഎഇയുടെ കരുത്തിന്റെയും വൈവിധ്യത്തിന്റെയും പ്രതിഫലനമാണ് ഈ റെക്കോർഡെന്ന് ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. “ഒരു ദർശനത്തിന് കീഴിൽ ഒട്ടനവധി സംസ്കാരങ്ങളെ ഒന്നിപ്പിക്കുന്ന രാജ്യമാണ് യുഎഇ. കഴിഞ്ഞ ആഴ്ചകളിൽ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിൽ സമൂഹത്തെ സേവിച്ച അതേ ആവേശത്തോടെയാണ് ഞങ്ങളുടെ ടീം ഈ റെക്കോർഡ് നേട്ടത്തിനായി ഒത്തുചേർന്നത്. ഈ രാജ്യത്തെ സ്വന്തം വീടായി കാണുന്നവരുടെ ഐക്യത്തിന്റെ വിളംബരമാണിത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
റെക്കോർഡിലെ മലയാളി സാന്നിധ്യം
ബുർജീൽ ഹോൾഡിംഗ്സിന്റെ ഈ ചരിത്രനേട്ടത്തിൽ യുഎഇയുടെ ആരോഗ്യമേഖലയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന മലയാളി ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും പങ്കാളികളായി. “ഞങ്ങളെ പോലുള്ള എല്ലാവര്ക്കും യുഎഇ മറ്റൊരു വീടാണ്. എല്ലാ ദിവസവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഹപ്രവർത്തകരോടൊപ്പമാണ് ഞങ്ങൾ ജോലി ചെയ്യുന്നത്. ആ വൈവിധ്യം ഏറ്റവും ശക്തമായ രീതിയിൽ കണ്ടത് ഇന്നാണ്,” റെക്കോർഡിൽ പങ്കാളികളായ മലയാളി ആരോഗ്യപ്രവർത്തകർ പറഞ്ഞു.
ഔദ്യോഗിക ഗിന്നസ് വേൾഡ് റെക്കോർഡ് അഡ്ജുഡിക്കേറ്റർ റാഫത്ത് തൗഫീക് നേരിട്ടെത്തി വിജയം സ്ഥിരീകരിച്ചു.
രണ്ടായിരത്തി അഞ്ഞൂറിലധികം പേർ പങ്കെടുത്ത ബുർജീൽ ഗെയിംസ് ഫെബ്രുവരി 28-ന് സമാപിക്കേണ്ടതായിരുന്നുവെങ്കിലും, പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് മാറ്റി വയ്ക്കുകയായിരുന്നു. സാഹചര്യം മാറിയ പശ്ചാത്തലത്തിൽ, യുഎഇയോടുള്ള ആദരവ് പ്രകടിപ്പിച്ച് കൂടുതൽ അർത്ഥവത്തായ രീതിയിൽ മേള പൂർത്തിയാക്കാൻ തീരുമാനിക്കുകയായിരുന്നു.
kerala
മുസ്ലിംലീഗ് മുന്‍ ജില്ലാ പ്രസിഡന്റ് പി.കുഞ്ഞി മുഹമ്മദ് മരണപ്പെട്ടു
മുസ്ലിം ലീഗ് മുന്‍ ജില്ലാ പ്രസിഡണ്ടും മുന്‍ കണ്ണൂര്‍ നഗരസഭ ചെയര്‍മാനുമായ പി.കുഞ്ഞിമുഹമ്മദ് സാഹിബ് അല്‍പ്പ സമയം മുമ്പ് മരണപ്പെട്ടു.
kerala
വീണ്ടും കുതിച്ച് സ്വര്‍ണവില; പവന് 360 രൂപയുടെ വര്‍ധന
ഇന്നലെ രാവിലെ സ്വര്‍ണവില വര്‍ധിച്ചിരുന്നു. എന്നാല്‍ വൈകീട്ടോടെ തിരിച്ചിറങ്ങിയിരുന്നു.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഇന്ന് പവന് 360 രൂപ ഉയര്‍ന്ന് 1,12,080 രൂപയായി. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 14,010 രൂപയുമായി. ഇന്നലെ രാവിലെ സ്വര്‍ണവില വര്‍ധിച്ചിരുന്നു. എന്നാല്‍ വൈകീട്ടോടെ തിരിച്ചിറങ്ങിയിരുന്നു. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 4748 ഡോളര്‍ എന്ന നിലയിലാണ് സ്വര്‍ണം വ്യാപാരം തുടരുന്നത്. വെള്ളി 75.99 ഡോളര്‍ എന്ന നിലയിലുമാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തില്‍ ആഗോള സ്വര്‍ണവിലയിലുണ്ടാകുന്ന ചാഞ്ചാട്ടമാണ് കേരളത്തിലെയും വിലയെ സ്വാധീനിക്കുന്നത്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണത്തിന് കന്ത്ത് ഇടിവ് നേരിട്ടിരുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തോടെ വില വീണ്ടും ഉയരുകയായിരുന്നു. യുദ്ധത്തോടെ അസംസ്കൃത എണ്ണവിലയിലുണ്ടായ വന്‍ വര്‍ധനവും ഡോളര്‍ ശക്തിപ്പെട്ടതുമാണ് സ്വര്‍ണത്തിന്റെ വിലയിടിച്ചത്.
News
ആര്‍ട്ടെമിസ് 2 ദൗത്യം വിജയം; ചന്ദ്രനെ വലംവെച്ച് പത്ത് ദിവസത്തിന് ശേഷം സംഘം ഭൂമിയില്‍ തിരിച്ചെത്തി
പസഫിക് സമുദ്രത്തില്‍ സാന്‍ഡിയാഗോ തീരത്തിനടുത്താണ് പേടകം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്.
അഞ്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷം മനുഷ്യനെ ചന്ദ്രന് അരികിലെത്തിച്ച നാസയുടെ ചരിത്രപ്രധാനമായ ആര്‍ട്ടെമിസ് 2 ദൗത്യം വിജയകരമായി പൂര്‍ത്തിയായി. പത്ത് ദിവസം നീണ്ടുനിന്ന ചാന്ദ്രയാത്രയ്ക്ക് ശേഷം നാല് ബഹിരാകാശ സഞ്ചാരികളടങ്ങുന്ന സംഘം ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 5.37-ന് ഭൂമിയില്‍ തിരിച്ചെത്തി. പസഫിക് സമുദ്രത്തില്‍ സാന്‍ഡിയാഗോ തീരത്തിനടുത്താണ് പേടകം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. മിഷന് കമാന്‍ഡര്‍ റീഡ് വൈസ്മാന്, പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോച്ച്, ജെറമി ഹാന്സന് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഏപ്രില്‍ 2-ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നായിരുന്നു യാത്രയുടെ തുടക്കം. ഏപ്രില്‍ 6-ന് ഭൂമിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന റെക്കോര്‍ഡ് ഈ സംഘം സ്വന്തമാക്കി.
ഏപ്രില്‍ 7-ന് നടന്ന ലൂണാര്‍ ഫ്ലൈബൈയ്ക്കിടെ ചന്ദ്രോപരിതലത്തിന് 6545 കിലോമീറ്റര്‍ വരെ അടുത്തെത്താന്‍ ഒറൈണ്‍ പേടകത്തിന് സാധിച്ചു. ചന്ദ്രന്റെ മറുഭാഗത്തുകൂടെ സഞ്ചരിച്ചപ്പോള്‍ 40 മിനിറ്റോളം ഭൂമിയുമായുള്ള ആശയവിനിമയം നഷ്ടമായെങ്കിലും, നിശ്ചയിച്ച പ്രകാരം ദൗത്യം മുന്നോട്ട് നീങ്ങി. ചന്ദ്രനിലെ അതിഭീമാകാരമായ ഓറിയന്റലെ ബേസിന് ഗര്‍ത്തം സഞ്ചാരികള്‍ നേരിട്ട് നിരീക്ഷിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഭാവിയില്‍ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കുന്ന ‘ആര്‍ട്ടെമിസ് 3’ ദൗത്യത്തിന് മുന്നോടിയായി ഒട്ടേറെ പരീക്ഷണങ്ങളാണ് ഈ യാത്രയില്‍ നടന്നത്. ലേസര്‍ ആശയവിനിമയ സംവിധാനങ്ങളുടെ പരിശോധന. ബഹിരാകാശ വികിരണങ്ങള്‍ മനുഷ്യകോശങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നറിയാനുള്ള ‘ഓര്‍ഗന്‍ ഓണ്‍ ചിപ്പ്’ പരീക്ഷണം. ഒറൈണ്‍ പേടകത്തിന്റെ നിയന്ത്രണ സംവിധാനങ്ങളുടെയും ജീവന്‍രക്ഷാ ഉപകരണങ്ങളുടെയും കാര്യക്ഷമത പരിശോധിക്കല്‍.
കടലിലിറങ്ങിയ പേടകത്തില്‍ നിന്നും നാല് സഞ്ചാരികളെയും സുരക്ഷിതമായി ലൈഫ് ബോട്ടുകളിലേക്ക് മാറ്റി. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ സ്വപ്ന പദ്ധതികള്‍ക്ക് ആര്‍ട്ടെമിസ് 2-ന്റെ വിജയം വലിയ ഊര്‍ജ്ജമാണ് നല്‍കുന്നത്.
-
News2 days agoകേരളം കുറിച്ചു; 78:27%
-
News2 days agoറെക്കോര്‍ഡ് ഭൂരിപക്ഷത്തിന് യു.ഡി.എഫ് അധികാരത്തിലെത്തും: സാദിഖലി തങ്ങള്‍
-
Health2 days agoഏപ്രിൽ 10; ആരോഗ്യത്തിന്റെ ഹോമിയോപ്പതി
-
News1 day agoആര്‍ട്ടെമിസ് 2 ദൗത്യം വിജയം; ചന്ദ്രനെ വലംവെച്ച് പത്ത് ദിവസത്തിന് ശേഷം സംഘം ഭൂമിയില്‍ തിരിച്ചെത്തി
-
kerala1 day agoവീണ്ടും കുതിച്ച് സ്വര്‍ണവില; പവന് 360 രൂപയുടെ വര്‍ധന
-
Health21 hours agoപാർക്കിൻസൺസ് പുരുഷരോഗമോ? സ്ത്രീകളിലെ ലക്ഷണങ്ങളും ഡി.ബി.എസ് ചികിത്സയും
-
kerala40 mins agoമുസ്ലിംലീഗ് മുന്‍ ജില്ലാ പ്രസിഡന്റ് പി.കുഞ്ഞി മുഹമ്മദ് മരണപ്പെട്ടു

