Connect with us

News

ദുബൈ വിമാനത്താവളത്തിന് സമീപം ഡ്രോണാക്രമണം; സുരക്ഷാ കാരണങ്ങളാൽ വിമാനങ്ങൾ താൽക്കാലികമായി റദ്ദാക്കി

പ്രദേശത്ത് തീപിടിത്തം ഉണ്ടായതിനെ തുടർന്ന് സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.

Published

on

ദുബൈ: യുഎഇയിലെ ദുബൈ വിമാനത്താവളത്തിന് സമീപം ഡ്രോണാക്രമണം നടന്നതായി റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് വിമാനത്താവളത്തിന് സമീപമുള്ള എണ്ണ ടാങ്കിൽ തീപിടിത്തം ഉണ്ടായതായി അധികൃതർ അറിയിച്ചു. പ്രദേശത്ത് തീപിടിത്തം ഉണ്ടായതിനെ തുടർന്ന് സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.

സംഭവത്തിൽ ആരും പരിക്കേറ്റിട്ടില്ലെന്നും തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

ഇതിനിടെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ദുബൈയിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങൾ താൽക്കാലികമായി റദ്ദാക്കിയതായി ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. യാത്രക്കാർ അവരുടെ വിമാനങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾക്കായി ബന്ധപ്പെട്ട എയർലൈൻ കമ്പനികളുമായി ബന്ധപ്പെടണമെന്ന് അധികൃതർ നിർദേശിച്ചു.

News

കേരളം ഉൾപ്പെടെ അഞ്ചിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും; വാർത്താ സമ്മേളനം തുടങ്ങി

വിഷു, ഈസ്റ്റർ ആഘോഷങ്ങൾ കൂടി പരിഗണിച്ചായിരിക്കും തീയതി തീരുമാനിക്കുക.

Published

on

By

തിരുവനന്തപുരം: കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും.

കേരളത്തിന് പുറമെ പശ്ചിമ ബംഗാൾ, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിൽ 140 സീറ്റുകളിലേക്കും, പശ്ചിമ ബംഗാളിൽ 294 സീറ്റുകളിലേക്കും, തമിഴ്‌നാട്ടിൽ 234 സീറ്റുകളിലേക്കും, അസ്സാമിൽ 126 സീറ്റുകളിലേക്കും, പുതുച്ചേരിയിൽ 30 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുക.

കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റ ഘട്ടമായിരിക്കും വോട്ടെടുപ്പ് നടക്കുക എന്നാണു സാധ്യത. എന്നാൽ പശ്ചിമ ബംഗാളിലും അസ്സാമിലും ഒന്നിലധികം ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. ഏപ്രിൽ 17നും 24നും ഇടയിൽ കേരളത്തിൽ വോട്ടെടുപ്പ് നടക്കുമെന്നാണ് ലഭിക്കുന്ന വിവരം.

വിഷു, ഈസ്റ്റർ ആഘോഷങ്ങൾ കൂടി പരിഗണിച്ചായിരിക്കും തീയതി തീരുമാനിക്കുക.

അതേസമയം ഇന്ത്യൻ നാഷണൽ കോൺഗ്രസ്ന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക തിങ്കളാഴ്ച പുറത്തുവന്നേക്കും.ബി.ജെ.പി എ ക്ലാസ് സീറ്റുകളിലെ സ്ഥാനാർഥികളെയാണ് ആദ്യം പ്രഖ്യാപിക്കുക. ദിവസങ്ങൾക്കുള്ളിൽ തന്നെ കേരളത്തിലെ മത്സരചിത്രം വ്യക്തമായേക്കും.

2021ലെ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ എട്ട് ഘട്ടങ്ങളിലായും അസ്സാമിൽ മൂന്ന് ഘട്ടങ്ങളിലായും വോട്ടെടുപ്പ് നടന്നിരുന്നു. കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റഘട്ടമായിരുന്നു വോട്ടെടുപ്പ്.

വിവിധ സംസ്ഥാനങ്ങളിലെ സന്ദർശനവും പരിശോധനകളും പൂർത്തിയാക്കിയ ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്. പശ്ചിമ ബംഗാൾ നിയമസഭയുടെ കാലാവധി മേയ് 7ന് അവസാനിക്കുന്നതിനാൽ അവിടെ വോട്ടെടുപ്പ് ഏപ്രിൽ മുതൽ മേയ് ആദ്യവാരം വരെ നടക്കാൻ സാധ്യതയുണ്ട്. പ്രഖ്യാപനം വന്നതോടെ സ്ഥാനാർഥി ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കി പ്രചാരണത്തിലേക്ക് കടക്കാനാണ് മുന്നണികളുടെ തീരുമാനം.

Continue Reading

News

പാലക്കാട് ജിഎസ്ടി എന്‍ഫോഴ്സ്മെന്റില്‍ വന്‍ അഴിച്ചുപണി; കൈക്കൂലി കേസിന് പിന്നാലെ 18 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

Published

on

By

പാലക്കാട്: പാലക്കാട് ജില്ലയിലെ ജിഎസ്ടി എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍ വ്യാപകമായ ഭരണനടപടി. കൈക്കൂലി ആരോപണത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ വിജിലന്‍സിന്റെ പിടിയിലായതിനെ തുടര്‍ന്ന് വകുപ്പിലെ 18 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം നല്‍കി. ഇവരില്‍ അസിസ്റ്റന്റ്/ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍മാര്‍ (എഎസ്ടിഒ/ഡിഎസ്ടിഒ) ഉള്‍പ്പെടെ ജില്ലയിലെ ചരക്ക് സേവന നികുതി വകുപ്പിലെ 15 ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.

ജിഎസ്ടി വകുപ്പിന്റെ വാളയാര്‍ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസറും പാലക്കാട് പുതുശ്ശേരി സ്വദേശിയുമായ സുമന്‍ (55) കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടുകയായിരുന്നു. ഇതിന് പിന്നാലെ ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വകുപ്പില്‍ കൂട്ട സ്ഥലംമാറ്റ നടപടി ഉണ്ടായത്.

പാലക്കാട് ജില്ലയില്‍ അഞ്ച് ജിഎസ്ടി എന്‍ഫോഴ്സ്മെന്റ് വിഭാഗങ്ങളിലായി 20 ഉദ്യോഗസ്ഥരാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ ഒരാള്‍ ഫെബ്രുവരി 28 ന് വിരമിച്ചിരുന്നു. തുടര്‍ന്ന് ഇറങ്ങിയ ഉത്തരവിലാണ് ജീവനക്കാരെ കൂട്ടമായി സ്ഥലംമാറ്റിയത്.

സ്ഥലംമാറ്റം ലഭിച്ച ഉദ്യോഗസ്ഥര്‍ക്ക് പകരമായി തൃശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ നിന്ന് 15 ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. പുതിയതായി നിയമിതരായവര്‍ അടിയന്തരമായി ചുമതല ഏറ്റെടുക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, മുഴുവന്‍ എന്‍ഫോഴ്സ്മെന്റ് ജീവനക്കാരെയും ഒരുമിച്ച് സ്ഥലംമാറ്റിയ നടപടി ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ള ഉദ്യോഗസ്ഥര്‍ പോലും നടപടിക്ക് വിധേയരായെന്നാണ് പ്രതിഷേധക്കാരുടെ വാദം. ഒരു ജില്ലയിലെ മുഴുവന്‍ എന്‍ഫോഴ്സ്മെന്റ് ജീവനക്കാരെയും ഒരുമിച്ച് മാറ്റുന്നത് ഉദ്യോഗസ്ഥരുടെ മനോവീര്യം ബാധിക്കുന്നതാണെന്നും ഇവര്‍ പറയുന്നു.

സ്‌ക്രാപ്പ് കൊണ്ടുപോകുന്ന രണ്ട് ചരക്ക് വാഹനങ്ങള്‍ക്കെതിരെ നിയമനടപടികളും പിഴയും ഒഴിവാക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് സുമന് എതിരെ വിജിലന്‍സ് നടപടി ഉണ്ടായത്. ആദ്യം നാല് ലക്ഷം രൂപ ആവശ്യപ്പെട്ട ഇയാള്‍ പിന്നീട് തുക 3.5 ലക്ഷമായി കുറച്ചു. പണം കൈപ്പറ്റുന്നതിനിടെ ലോറി ജീവനക്കാരായി വേഷംമാറിയെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥരാണ് സുമനെ പിടികൂടിയത്.

Continue Reading

News

സംസ്ഥാനത്ത് ചൂട് കൂടുന്നു; അഞ്ചിടങ്ങളിൽ ഓറഞ്ച് അലർട്ട്

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് അൾട്രാവയലറ്റ് (യു.വി.) വികിരണ തോത് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കൊട്ടാരക്കര (കൊല്ലം), കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), ചങ്ങനാശ്ശേരി (കോട്ടയം), മൂന്നാർ (ഇടുക്കി) എന്നീ അഞ്ചിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനുപുറമെ കളമശ്ശേരി (എറണാകുളം), ഒല്ലൂർ (തൃശ്ശൂർ), തൃത്താല (പാലക്കാട്), പൊന്നാനി (മലപ്പുറം), മാനന്തവാടി (വയനാട്) എന്നീ പ്രദേശങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. യു.വി. സൂചിക 6 മുതൽ 7 വരെ എത്തുമ്പോൾ യെല്ലോ അലർട്ടും 8 മുതൽ 10 വരെ എത്തുമ്പോൾ ഓറഞ്ച് അലർട്ടും 11-ന് മുകളിലെത്തുമ്പോൾ റെഡ് അലർട്ടുമാണ് പ്രഖ്യാപിക്കുന്നത്.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

പകൽ 11 മണി മുതൽ 3 മണിവരെ നേരിട്ട് സൂര്യപ്രകാശത്തിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് ഒഴിവാക്കണമെന്നും ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണമെന്നും നിർദേശിച്ചിട്ടുണ്ട്. നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുന്നതാണ് ഉചിതമെന്ന് അധികൃതർ പറയുന്നു.

ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക, കുടയോ തൊപ്പിയോ ഉപയോഗിക്കുക എന്നിവയും ശുപാർശ ചെയ്യുന്നു. പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ORS ലായനി, സംഭാരം പോലുള്ള പാനീയങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ് മുറികളിൽ ആവശ്യമായ വായുസഞ്ചാരവും ഉറപ്പാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. കൂടാതെ കുട്ടികൾക്ക് കൂടുതൽ വെയിൽ ഏൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമത്തിൽ മാറ്റം വരുത്തുകയോ വേണം.

വിനോദസഞ്ചാരത്തിന് കുട്ടികളെ കൊണ്ടുപോകുന്ന സ്കൂളുകൾ 11 മണി മുതൽ 3 മണിവരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു. അംഗനവാടി കുട്ടികൾക്കും ചൂട് ഏൽക്കാത്ത വിധത്തിലുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

Continue Reading

Trending