ഹൈദരാബാദ്: മാതാപിതാക്കളെ പരിപാലിക്കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 10 ശതമാനം പിടിച്ചെടുത്തു അത് നേരിട്ട് മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്ന നിയമം കൊണ്ടുവരാന്‍ തെലങ്കാന സര്‍ക്കാര്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വ്യക്തമാക്കി. പ്രായമായ മാതാപിതാക്കള്‍ മക്കള്‍ക്കെതിരെ നല്‍കുന്ന പരാതികള്‍ ഗൗരവമായി പരിഗണിക്കുമെന്നും, ശമ്പളത്തില്‍ നിന്നുള്ള വിഹിതം മാതാപിതാക്കള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി മോട്ടോറൈസ്ഡ് വാഹനങ്ങള്‍, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ട്രൈസൈക്കിളുകള്‍, ബാറ്ററി വീല്‍ചെയറുകള്‍, ലാപ്ടോപ്പുകള്‍, ശ്രവണസഹായികള്‍, മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള നൂതന ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഈ പദ്ധതിക്കായി സര്‍ക്കാര്‍ 50 കോടി രൂപ അനുവദിച്ചതായും അദ്ദേഹം അറിയിച്ചു.
മുതിര്‍ന്ന പൗരന്മാര്‍ക്കായി ‘പ്രാണം’ എന്ന പേരില്‍ ഡേകെയര്‍ സെന്ററുകള്‍ സ്ഥാപിക്കുമെന്നും, 202627 ബജറ്റ് നിര്‍ദേശങ്ങളുടെ ഭാഗമായി പുതിയ ആരോഗ്യസംരക്ഷണ നയം അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പൗരന്മാര്‍ക്കും മികച്ച ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത തെരഞ്ഞെടുപ്പില്‍ എല്ലാ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ കോ-ഓപ്ഷന്‍ അംഗങ്ങളായി നാമനിര്‍ദേശം ചെയ്യുമെന്നും, ഇതിലൂടെ അവരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ അവസരം ലഭിക്കുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ഇതിനകം നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്നും, വിദ്യാഭ്യാസത്തിലും തൊഴിലിലും പ്രത്യേക ക്വാട്ട അനുവദിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭിന്നശേഷിക്കാരായ നവദമ്പതികള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കുന്ന പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
മുന്‍ കേന്ദ്രമന്ത്രി ജയ്പാല്‍ റെഡ്ഡിയെ അനുസ്മരിച്ച മുഖ്യമന്ത്രി, വൈകല്യം നേരിട്ടിട്ടും അദ്ദേഹം വലിയ ഉയരങ്ങളിലെത്തിയതായും സാമൂഹിക നീതിക്കും തുല്യാവസരങ്ങള്‍ക്കുമുള്ള പ്രതിബദ്ധതയാണ് തന്റെ സര്‍ക്കാരിന്റെ നയമെന്നും പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി ജാതി സെന്‍സസ് നടത്തിയതായും, തെലങ്കാനയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ദേശീയ സെന്‍സസിന്റെ ഭാഗമായി ജാതി സെന്‍സസ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചതായും രേവന്ത് റെഡ്ഡി വ്യക്തമാക്കി. തെലങ്കാന മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും, പട്ടികജാതിക്കാര്‍ക്ക് തുല്യ അവസരങ്ങള്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.