ന്യൂയോര്‍ക്ക്: പുതുവര്‍ഷത്തില്‍ ന്യൂയോര്‍ക്ക് നഗരത്തിന്റെ പുതിയ മേയറായി ഡെമോക്രാറ്റിക് പാര്‍ട്ടിയംഗം സൊഹ്റാന്‍ മംദാനി സത്യപ്രതിജ്ഞ ചെയ്തു. മാന്‍ഹട്ടനിലെ ഡീകമ്മിഷന്‍ ചെയ്ത സബ്വേയിലായിരുന്നു ചടങ്ങ്. നഗരത്തിന്റെ മേയര്‍സ്ഥാനത്തെത്തുന്ന ആദ്യ മുസ്ലിംകൂടിയാണ് ഇന്ത്യന്‍വംശജനായ മംദാനി.
ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറലായ ലെറ്റിറ്റ ജെയിംസ് ചൊല്ലിക്കൊടുത്ത സത്യവാചകം, ഖുറാനില്‍ കൈവെച്ചാണ് അദ്ദേഹം ഏറ്റുചൊല്ലിയത്. ഭാര്യ റമാ ദുവാജിയും മംദാനിക്ക് അരികിലുണ്ടായിരുന്നു. ഇത് ജീവിതകാലത്തെ ഏറ്റവും വലിയ ബഹുമതിയും ആദരവുമാണെന്ന് മംദാനി പ്രതികരിച്ചു.
ന്യൂയോര്‍ക്ക് മേയര്‍മാര്‍ രണ്ടുവട്ടം സത്യപ്രതിജ്ഞ ചെയ്യുന്ന പതിവുണ്ട്. ആദ്യ സത്യപ്രതിജ്ഞ പഴയ സബ്വേയില്‍വെച്ചും പിന്നീട് മുന്‍സിപ്പാലിറ്റി ആസ്ഥാനമന്ദിരത്തിലുംവെച്ച് നടത്തുകയാണ് പതിവ്. ഈ രീതിയാണ് മംദാനിയും പിന്തുടരുക. പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരുമണിക്ക് പൊതുജനങ്ങള്‍ക്ക് മുന്‍പാകെ സിറ്റിഹാളിലാണ് രണ്ടാമത്തെ സത്യപ്രതിജ്ഞ. യുഎസ് സെനറ്റര്‍ ബേണി സാന്‍ഡേഴ്സാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക.
ഇന്ത്യയില്‍ ജനിച്ച ഉഗാണ്ടന്‍ അക്കാദമീഷ്യനായ മഹ്‌മൂദ് മംദാനിയുടെയും ഇന്ത്യന്‍ ചലച്ചിത്ര സംവിധായിക മീര നായരുടെയും മകനാണ് സൊഹ്റാന്‍ മംദാനി. ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലാണ് സൊഹ്റാന്‍ ജനിച്ചതും കുട്ടിക്കാലം ചെലവഴിച്ചതും. അദ്ദേഹത്തിന്റെ ഏഴാമത്തെ വയസ്സിലാണ് മംദാനി കുടുംബം ന്യൂയോര്‍ക്കിലേക്ക് കുടിയേറുന്നത്. 2018-ലാണ് അദ്ദേഹത്തിന് അമേരിക്കന്‍ പൗരത്വം ലഭിക്കുന്നത്.