കോഴിക്കോട്: ഡല്‍ഹി ജെ.എന്‍.യുവിലെയും ഹൈദരാബാദിലെയും പ്രശ്‌നങ്ങള്‍ കാണുന്നവര്‍ പേരൂര്‍ക്കട ലോ അക്കാദമിയില്‍ നടക്കുന്ന സംഭവങ്ങള്‍ കാണാതെപോകരുതെന്ന് കഥാകൃത്ത് ടി.പത്മനാഭന്‍. ഇവിടെത്തെ വിദ്യാര്‍ത്ഥി സമരത്തെ കുറിച്ച് നാം സംസാരിക്കാത്തത് വേദനാജനകമാണ്. ആരെങ്കിലുംമരിച്ചാലേ പ്രശ്‌നങ്ങളില്‍ ഇടപെടൂ എന്ന മനോഭാവം പാടില്ല.

ലോ അക്കാദമിയില്‍ ഒരു കുടുംബം പൊതുസ്വത്ത് കൈയ്യേറി സകല നിയമങ്ങളെയും കാറ്റില്‍ പറത്തി ആധുനികസമൂഹത്തത്തെന്നെ വെല്ലുവിളിച്ചുകൊണ്ട് ഭരണം നടത്തുകയാണെന്നും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ‘എന്റെ രാഷ്ട്രീയം’ വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

മോദിക്കെതിരെ എം.ടി വാസുദേവന്‍ നായര്‍ അത്രക്കൊന്നും പറഞ്ഞിട്ടില്ല. ഫാസിസത്തിനെതിരെ പ്രതികരിച്ച എം.ടി യെ ആര്‍.എസ്.എസുകാര്‍ ആക്രമിച്ച സംഭവത്തില്‍ താങ്കളുടെ നിലപാട് വ്യക്തമാക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തുതന്നെ അദ്ദേഹത്തിന്റെ അത്യാചാരങ്ങളെക്കുറിച്ച് പ്രസംഗിച്ച വ്യക്തിയാണ് താന്‍. മോദി, ഗാന്ധിമുക്ത ഭാരതം സൃഷ്ടിക്കുന്നതിനെതിരെ അന്നു തന്നെ താന്‍ എതിര്‍ത്തിരുന്നു.

അന്നത്തെ മാധ്യമങ്ങള്‍ അത്ര പ്രാധാന്യം നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷം വമിക്കുന്ന ആയുധങ്ങളുപയോഗിച്ച് ആക്രമണം നടത്തുന്നതിനുപകരം പൊതുമണ്ഡലത്തില്‍ ആരോഗ്യകരമായ രാഷ്ട്രീയസംവാദങ്ങളാണ് വേണ്ടതെന്ന് മുഖാമുഖത്തില്‍ എം.എ ബേബി പറഞ്ഞു.