kerala
താനൂര്‍ കസ്റ്റഡി മരണം; സത്യം പുറത്തുവരണമെന്ന് കെ.സുധാകരന്‍ എംപി
പിണറായി ഭരണത്തില്‍ പോലീസ് സ്‌റ്റേഷനുകള്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളായിമാറി

താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ദുരൂഹമായ വാര്‍ത്തകള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തി സത്യാവസ്ഥ കണ്ടെത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
പോലീസുകാര്‍ പ്രതിസ്ഥാനത്ത് വരുന്ന കേസില്‍ സംസ്ഥാനത്തെ മറ്റൊരു പോലീസ് ഏജന്‍സി അന്വേഷിച്ചാല്‍ സത്യം പുറത്തുകൊണ്ടുവരാന്‍ സാധിക്കില്ല. പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച താമിര്‍ ജിഫ്രിയുടെ മൃതദേഹത്തില്‍ 21 ഓളം മുറിവുകളുണ്ടെന്നും അതില്‍ ചിലത് ഗുരുതരമാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം. അമിത ലഹരി ഉപയോഗിച്ചതിന്റെ ഫലമായി അസ്വസ്ഥകള്‍ പ്രകടിപ്പിച്ച് കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് താമിര്‍ ജിഫ്രിയുടെ മരണം സംഭവിച്ചതെന്നാണ് താനൂര്‍ പോലീസ് ഭാഷ്യം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോട്ടില്‍ മര്‍ദ്ദനം ഏറ്റതായി സ്ഥിരീകരിക്കുകയും ചെയ്യുന്നുണ്ട്.
കൂടാതെ താമിര്‍ ജിഫ്രിയെ കസ്റ്റഡിയിലെടുത്തുമായി ബന്ധപ്പെട്ട് താമിറിന്റെ കുടുംബം പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. പോലീസ് എഫ്‌ഐആറില്‍ പറയുന്ന സ്ഥലത്തോ സമയത്തോ അല്ല താമിറിനെ കസ്റ്റയിലെടുത്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. പോലീസിന്റെ എഫ് ഐ ആര്‍ കെട്ടുക്കഥയാണെന്ന് താമിറിനോടൊപ്പം പിടിയിലായ ശേഷം വിട്ടയക്കപ്പെട്ട യുവാവ് സ്വകാര്യ ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ കസ്റ്റഡി മരണത്തിന് പിന്നിലെ ദുരൂഹത തെളിയിക്കേണ്ടതുണ്ട്. ഈ മരണവുമായി എസ്‌ഐ അടക്കം എട്ടുപേരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെങ്കിലും അത് ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാനുള്ള നടപടി മാത്രമാണ്. താമിറിന്റെ കുടുംബവും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
പിണറായി ഭരണത്തില്‍ പോലീസ് സ്‌റ്റേഷനുകള്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളായിമാറി. പിണറായി ഭരണത്തില്‍ കസ്റ്റഡിമരണം തുടര്‍ക്കഥയാവുകയാണ്. വരാപ്പുഴയില്‍ ശ്രീജിത്ത്, കുണ്ടറ സ്വദേശി കുഞ്ഞുമോന്‍,സേലം സ്വദേശിയായ കാളിമുത്തു,നെടുങ്കണ്ടത്ത് രാജ്കുമാര്‍,മലപ്പുറം വണ്ടൂര്‍ സ്വദേശി അബ്ദുള്‍ ലത്തീഫ്,തൃശ്ശൂര്‍ സ്വദേശി വിനായകന്‍,കാസര്‍ഗോഡ് സ്വദേശി സന്ദീപ്,തിരുവല്ലം സ്വദേശി സുരേഷ് എന്നിവരെല്ലാം അതിലെ ഇരകളും.പരാതികളുമായി പോലീസ് സ്‌റ്റേഷനുകളില്‍ കയറാന്‍ സാധാരണക്കാര്‍ക്ക് ഭയമാണ്. മൂന്നാംമുറയില്ലാതെ കുറ്റം തെളിയിക്കാനാവില്ലെന്ന പോലീസിന്റെ മനോഭാവമാണ് കസ്റ്റഡി മരണങ്ങള്‍ക്കെല്ലാം ആധാരം.
യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താന്‍ മെനക്കെടാതെ കിട്ടിയാളെ പ്രതിയാക്കുന്ന കണ്ണില്‍ച്ചോരയില്ലാത്തവരാണ് പിണറായി വിജയന്റെ പോലീസെന്ന് പാലക്കാട് ഭാരതി അമ്മയെന്ന വയോധികയെ കുടുക്കിയ നടപടിയിലൂടെ തെളിഞ്ഞതാണ്. രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനുള്ള ചട്ടുകമായി പോലീസിനെ ഇടതുസര്‍ക്കാര്‍മാറ്റി. പ്രതിപക്ഷനേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്നത് ഉള്‍പ്പെടെ അതിന്റെ ഭാഗമാണ്. മനുഷ്യാവകാശത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും പുല്ലുവിലയാണ് പോലീസ് നല്‍കുന്നത്. പോലീസിലെ ക്രിമിനലുകളായ കാട്ടാളന്‍മാരെ നിലയ്ക്കുനിര്‍ത്താന്‍ കഴിയാത്ത ആഭ്യന്തരവകുപ്പിന് നാഥനില്ലാത്ത അവസ്ഥയാണ്.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗൂഢസംഘമാണ് പോലീസിനെ നിയന്ത്രിക്കുന്നത്.പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചാലും മൈക്ക് ഹൗളിങിന്റെ പേരിലും കേസെടുക്കുന്ന പോലീസ് ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കാന്‍ മാത്രം തയ്യാറാകുന്നില്ല. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് കാണിക്കുന്നതിന്റെ പകുതി ജാഗ്രത കേരളത്തിലെ ജനങ്ങളുടെ കാര്യത്തില്‍ കാട്ടിയിരുന്നെങ്കില്‍ സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ച ഒഴിവാക്കാമായിരുന്നെന്നും സുധാകരന്‍ പറഞ്ഞു.
kerala
വോട്ടര്‍ പട്ടിക ചോര്‍ത്തിയ സംഭവം: തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം ചെറുക്കും: പിഎംഎ സലാം
സി.പി.എമ്മിന് വേണ്ടി വിടുവേല ചെയ്യുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടി സ്വീകരിക്കണം

തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിനു ശേഷം തയ്യാറാക്കിയ കരട് വോട്ടർപട്ടികയിലെ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പെ ചോർന്നത് ഞെട്ടിക്കുന്ന സംഭവമാണെന്നും തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഇത്തരം നീക്കങ്ങളെ ചെറുക്കുമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രതികരിച്ചു.
പട്ടികയും പട്ടിക തയ്യാറാക്കുന്നതിനായി പുതിയ വാർഡ് അടിസ്ഥാനത്തിൽ വോട്ടർമാരെ ക്രമീകരിച്ചതിന്റെ ഡ്രാഫ്റ്റ് റിപ്പോർട്ടാണ് ഉദ്യോഗസ്ഥർ മുഖേന സി.പി.എം പ്രവർത്തകർക്ക് ചോർത്തി നൽകിയത്. ഒന്നോ രണ്ടോ സ്ഥലങ്ങളിൽ മാത്രമല്ല, സംസ്ഥാനത്തുടനീളം ഇത് സംഭവിച്ചിട്ടുണ്ട്. സി.പി.എമ്മിന് വേണ്ടി വിടുവേല ചെയ്യുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടി സ്വീകരിക്കണം.
ജനാധിപത്യത്തെ ചോദ്യം ചെയ്യുന്ന നടപടിയാണിത്. സി.പി.എം ഓഫീസിൽനിന്ന് തയ്യാറാക്കുന്ന വാർഡ് വിഭജന പ്രൊപ്പോസലുകൾ ഉദ്യോഗസ്ഥർ അന്തിമമാക്കുന്നത് പോലെയുള്ള മറ്റൊരു ഏർപ്പാടാണ് ഈ വോട്ടർ പട്ടിക ചോർത്തൽ. ഉദ്യോഗസ്ഥർ മുഖേന താഴെ തട്ടിലുള്ള സി.പി.എമ്മുകാർക്ക് ഡ്രാഫ്റ്റ് റിപ്പോർട്ട് ചോർത്തുന്നത് സി.പി.എം അനുഭാവികളുടെ മാത്രം വോട്ട് വേഗത്തിൽ ചേർക്കുന്നതിന് വേണ്ടിയാണ്. വോട്ടർ പട്ടിക ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനുള്ള സമയം നേരത്തെ പ്രഖ്യാപിച്ചിരുന്നതിൽനിന്ന് നീട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ഡ്രാഫ്റ്റ് ചോർത്തുന്നത്. ഇത് അക്ഷന്തവ്യമായ ക്രമക്കേടും ഗുരുതരമായ അവകാശ ലംഘനവുമാണ്.
ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചുള്ള ഈ നാടകത്തെ മുസ്ലിംലീഗ് നിയമപരമായും രാഷ്ട്രീയമായും നേരിടും. തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയ ശേഷം മാത്രമേ പട്ടിക പുറത്തു വരാൻ പാടുള്ളൂ എന്നിരിക്കെ ഇപ്പോൾ സംഭവിച്ചത് ഗുരുതരമായ പിഴവാണ്. ക്രമക്കേട് നടത്തുക എന്ന ലക്ഷ്യത്തോടെയാണ് വോട്ടർ പട്ടിക ചേർത്തിരിക്കുന്നത്. മുസ്ലിംലീഗിന്റെ ജനപ്രതിനിധികളുടെ സംഘടനയായ എൽ.ജി.എം.എൽ ഇതിനകം തന്നെ ഈ സംഭവത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുകയും തെരഞ്ഞെടുപ്പ് പ്രക്രിയയിൽനിന്ന് ഈ ഉദ്യോഗസ്ഥരെ മാറ്റി നിർത്തുകയും വേണം.- പി.എം.എ സലാം പറഞ്ഞു.
GULF
വിപഞ്ചികയുടെ മരണം: ഭര്‍ത്താവ് നിതീഷിനെതിരെ കേസെടുത്തു

ഷാര്‍ജ: അല്‍ നഹ്ദയില്‍ ഒന്നര വയസുകാരിയായ പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി കൊല്ലം കേരളപുരം സ്വദേശിയായ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കുമെതിരെ കുണ്ടറ പൊലീസ് കേസെടുത്തു. മരണപ്പെട്ട യുവതിയുടെ മാതാവിന്റെ പരാതിയില്‍ ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കുറ്റാരോപിതര്‍ മൂന്നുപേരും നിലവില്‍ ഷാര്‍ജയിലാണ്. ഇവര്‍ നാട്ടില്‍ എത്തിയ ശേഷമാകും അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് പൊലീസ് കടക്കുക. സ്ത്രീധനത്തെ ചൊല്ലി വിപഞ്ചികയെ ഭര്‍തൃവീട്ടുകാര്‍ മാനസികമായി പീഡിപ്പിച്ചെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു. കേസില്‍ സൈബര്‍ സെല്ലും അന്വേഷണം നടത്തുന്നുണ്ട്. മരണ ശേഷം വിപഞ്ചികയുടെ സാമുഹ്യ മാധ്യമ പോസ്റ്റുകള്‍ അപ്രത്യക്ഷമായത് തെളിവ് നശിപ്പിക്കാനാണെന്ന നിഗമനത്തിലാണ് സൈബര്‍ സെല്ലിന്റെ പ്രത്യേക അന്വേഷണം.
കൊറ്റംകര കേരളപുരം രജിത ഭവനില്‍ വിപഞ്ചിക മണിയന്റെ(33) മരണത്തിലാണ് ഭര്‍ത്താവ് നിതീഷ്, ഇയാളുടെ സഹോദരി നീതു, പിതാവ് മോഹനന്‍ എന്നിവരെ പ്രതിചേര്‍ത്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11 ഓടെയാണ് ഷാര്‍ജയില്‍ സ്വകാര്യ കമ്പനിയില്‍ എച്ച്.ആര്‍ മാനേജറായിരുന്ന വിപഞ്ചികയും മകള്‍ ഒന്നര വയസുകാരി വൈഭവിയും ഷാര്‍ജയിലെ ഫഌറ്റില്‍ ജീവനൊടുക്കിയത്. മകളുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു. ഭര്‍ത്താവ് നിതീഷ് കോട്ടയം സ്വദേശിയാണ്. ഇയാള്‍ ഷാര്‍ജയില്‍ എഞ്ചിനീയറാണ്.
സ്ത്രീധനത്തിന്റെ പേരില്‍ തന്നെ കൊല്ലാക്കൊല ചെയ്തു എന്ന് പരാമര്‍ശിക്കുന്ന വിപഞ്ചികയുടെ ആറ് പേജുള്ള ആത്മഹത്യാ കുറിപ്പ് നേരത്തെ സാമൂഹ്യ മാധ്യമം വഴി പുറത്തുവന്നിരുന്നു. മരണത്തിന് ശേഷമാണ് ഇത് ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്തത്. ടൈമര്‍ സെറ്റ് ചെയ്ത് വെച്ചായിരുന്നു അപ്‌ലോഡ് ചെയ്തത്. ഇതോടെയാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. വൈകാതെ ഫെയ്‌സ്ബുക്കിലെ കത്ത് അപ്രത്യക്ഷമായി. മരണപ്പെട്ട വിപഞ്ചികയുടെ ഫോണ്‍ കൈക്കലാക്കിയ ഭര്‍ത്താവ് നിതീഷ് മോഹനും സഹോദരിയും കത്ത് ഡിലീറ്റ് ചെയ്തതായാണ് ബന്ധുക്കള്‍ സംശയിക്കുന്നത്. കൊടിയ പീഡനമാണ് വിപഞ്ചിക ഭര്‍തൃവീട്ടില്‍ അനുഭവിച്ചതെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. ഭര്‍തൃ പിതാവ് അപമര്യാദയായി പെരുമാറിയതായും സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിച്ചെന്നും കുറിപ്പിലുണ്ട്. മരിക്കാന്‍ ഒരാഗ്രഹവുമില്ല. മകളുടെ മുഖം കണ്ട് കൊതിതീര്‍ന്നിട്ടില്ല. ഒരിക്കലും കൊലയാളികളെ വെറുതെ വിടരുത്. തന്റെ മരണത്തില്‍ നിതീഷ് മോഹന്‍, ഭര്‍തൃസഹോദരി നീതു എന്നിവരാണ് ഒന്നാം പ്രതികള്‍. രണ്ടാം പ്രതി ഭര്‍ത്താവിന്റെ പിതാവ് മോഹനന്‍. പിതാവ് അപമര്യാദയായി പെരുമാറി എന്നറിഞ്ഞിട്ടും നിതീഷ് പ്രതികരിച്ചില്ല. ഭര്‍തൃസഹോദരി തന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ലെന്നും കുറിപ്പില്‍ വെളിപ്പെടുത്തുന്നു. കല്യാണം ആഡംബരമായി നടത്തിയില്ല, സ്ത്രീധനം കുറഞ്ഞുപോയി, കാര്‍ കൊടുത്തില്ല എന്നൊക്കെ പറഞ്ഞ് എന്നെ കൊല്ലാക്കൊല ചെയ്തു. കുഞ്ഞിനെ ഓര്‍ത്ത് തന്നെ വിടാന്‍ കെഞ്ചിയിട്ടും ഭര്‍തൃസഹോദരി കേട്ടില്ല. ഒരിക്കല്‍ ഇവരുടെ വാക്കും കേട്ട് നിതീഷ് വീട്ടില്‍ വലിയ ബഹളമുണ്ടാക്കി.
ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചില്ല. ഗര്‍ഭിണിയായി ഏഴാം മാസത്തില്‍ തന്നെ നിതീഷ് വീട്ടില്‍നിന്ന് ഇറക്കിവിട്ടു. നിതീഷിന് ഒരുപാട് സ്ത്രീകളുമായി ബന്ധമുണ്ടെന്നും കത്തില്‍ പരാമര്‍ശമുണ്ട്. തുടക്കത്തിലൊക്കെ നിതീഷ് തന്നെ തല്ലുമായിരുന്നുവെങ്കിലും കാര്യങ്ങള്‍ നോക്കുമായിരുന്നുവെന്നും എന്നാല്‍ ഒരു വര്‍ഷത്തിലേറെയായി തനിക്ക് വെള്ളമോ ആഹാരമോ വസ്ത്രമോ ഒന്നും തരില്ലെന്നും വ്യക്തമാക്കുന്നു. എന്നെ അവര്‍ക്ക് ഒരു മാനസികരോഗിയാക്കണം. എന്റെ കൂട്ടുകാര്‍ക്കും ഓഫിസിലുള്ളവര്‍ക്കുമെല്ലാം നിതീഷും അയാളുടെ സഹോദരിയും അച്ഛനും ചെയ്യുന്ന ദ്രോഹങ്ങളെക്കുറിച്ച് അറിയാമെന്നും പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. വിപഞ്ചികയുടെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നതോടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് വിപഞ്ചികയുടെ കുടുംബം യുഎഇ എംബസി, മുഖ്യമന്ത്രി, സിറ്റി പൊലിസ് കമ്മിഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കുകയായിരുന്നു. വിപഞ്ചിക ആത്മഹത്യ ചെയ്യില്ലെന്ന് ഉറച്ച് പറയുകയാണ് മാതാവും സഹോദരനും. ഭര്‍ത്താവായ നിതീഷിനും കുടുംബത്തിനുമെതിരേ ഗുരുതര ആരോപണങ്ങളാണ് വിപഞ്ചികയുടെ മാതാവ് ഷൈലജ ഉന്നയിക്കുന്നത്. ഭര്‍ത്താവിന്റെ സഹോദരിയാണ് എല്ലാത്തിനും കാരണമെന്ന് മാതാവ് ആരോപിച്ചു. മകള്‍ കൊടിയപീഡനത്തിനിരയായ കാര്യം തന്നെ അറിയിച്ചിരുന്നില്ലെന്നും അറിഞ്ഞിരുന്നെങ്കില്‍ ഇതൊന്നും താന്‍ അനുവദിക്കില്ലായിരുന്നുവെന്നും മാതാവ് പറഞ്ഞു.
വിപഞ്ചികയെ ഭര്‍തൃ പിതാവിനും ഭര്‍തൃ സഹോദരിക്കും ഇഷ്ടമല്ലായിരുന്നു.
കൊടിയപീഡനങ്ങളാണ് മകള്‍ അനുഭവിച്ചത്. താന്‍ വിഷമിക്കാതിരിക്കാനാണ് ഇതൊന്നും അറിയിക്കാതെയിരുന്നത്. ഇപ്പോള്‍ ഫോട്ടോയും വീഡിയോയും കാണുമ്പോഴാണ് മകള്‍ ഇത്രയും കൊടിയ പീഡനം സഹിച്ചിരുന്ന വിവരമറിയുന്നത്. ഇതറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ അനുവദിക്കില്ലായിരുന്നു. നിതീഷിന്റെ പീഡനം കാരണമാണ് മകള്‍ മുടി മുറിച്ചതെന്നും മാതാവ് പറഞ്ഞു. വിപഞ്ചികയുടെ പിതാവ് മണിയന്‍ കുവൈത്തിലാണ്. നിയമക്കുരുക്കില്‍പ്പെട്ടതിനാല്‍ ഇദ്ദേഹം നാട്ടില്‍ എത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. എന്നാല്‍ കുഞ്ഞിന്റെ മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കണമെന്നാണ് നിതീഷിന്റെ ആവശ്യം. ഇത് അനുവദിക്കരുതെന്നും മകളെയും കുഞ്ഞിനെയും മരണത്തിലേക്ക് തള്ളിവിട്ട അയാള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നും മാതാവ് പറഞ്ഞു.
kerala
നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു; നിർണായകമായത് കാന്തപുരത്തിന്റെ ശ്രമം

കോഴിക്കോട്: യെമനിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു. നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന ‘സേവ് നിമിഷ പ്രിയ ഇന്റർനാഷനൽ ആക്‍ഷൻ കൗൺസിൽ’ എന്ന സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇതു സ്ഥിരീകരിച്ചിട്ടുണ്ട‌്. വധശിക്ഷ ഒഴിവാക്കാൻ കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ ഇടപെടലിനെ തുടർന്ന് യെമനിൽ ഇന്നു യോഗം ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രതീക്ഷയുണർത്തുന്ന സൂചനകൾ പുറത്തുവരുന്നത്. കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ കുടുംബവുമായി മധ്യസ്ഥ ചർച്ചകളാണ് ഇന്നു നടന്നത്. ഇതിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. നാളെ വധശിക്ഷ നടപ്പിലാക്കുമെന്നായിരുന്നു നേരത്തേയുള്ള അറിയിപ്പ്. സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയെന്നും യെമനിലെ ജയിൽ അധികൃതരുമായി ഇന്ത്യൻ ഉദ്യോഗസ്ഥർ സംസാരിച്ചെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും സർക്കാർ പ്രതിനിധികളും ഇന്നത്തെ ചർച്ചയിൽ പങ്കെടുത്തിരുന്നു. യെമനിലെ സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമറിന്റെ ഇടപെടലുകളാണ് നിർണായകമായത്. കാന്തപുരവുമായി അടുത്ത സൗഹൃദമുള്ളയാളാണ് ഷെയ്ഖ് ഹബീബ്. മർക്കസ് നോളജ് സിറ്റിയുടെ ഉദ്ഘാടനത്തിന് അദ്ദേഹം കേരളത്തിൽ വന്നിരുന്നു. തലാലിന്റെ കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം അറ്റോർണി ജനറലുമായി കൂടിക്കാഴ്ച നടത്തി, നാളെ നടത്താൻ നിശ്ചയിച്ച ശിക്ഷ ഒഴിവാക്കാനുള്ള അടിയന്തര ഇടപെടലുകളാണ് ഉണ്ടായത്.
കാന്തപുരത്തിന്റെ ഇടപെടലാണ് തലാലിന്റെ കുടുംബവുമായുള്ള ആശയവിനിമയം സാധ്യമായത്. ഷെയ്ഖ് ഹബീബ് ഉമറിന്റെ നിർദേശമാണ് കുടുംബത്തെ പുനരാലോചനയിലേക്ക് എത്തിച്ചത്. അദ്ദേഹത്തിന്റെ നിർദേശത്തെ അംഗീകരിച്ചാണ് കുടുംബം ചർച്ചയിൽ പങ്കെടുത്തത്. ദയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമമാണു നടക്കുന്നത്.
-
kerala3 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
india23 hours ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം
-
kerala3 days ago
തിരുവനന്തപുരത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു
-
kerala3 days ago
മുസ്ലിം ലീഗ് വയനാട് പുനരധിവാസ പദ്ധതി; തടസ്സങ്ങളുണ്ടാക്കി സര്‍ക്കാര്‍ പകപോക്കുന്നു; പി.എം.എ സലാം
-
kerala3 days ago
വയനാട് പുനരധിവാസ പദ്ധതി; ആരൊക്കെ മുടക്കാന്‍ നോക്കിയാലും മുസ്ലിംലീഗ് വാക്ക് പാലിക്കും; പി.കെ ബഷീര്‍ എം.എല്‍.എ
-
kerala3 days ago
‘കയ്യുവെട്ടും കാലുംവെട്ടും, വേണ്ടി വന്നാല്‍ തലയും വെട്ടും’; പൊലീസിനെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കി സിപിഎം
-
india2 days ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍
-
kerala2 days ago
ബറേലിയില്‍ പരിശീലനത്തിന് പോയ മലയാളി ജവാനെ കാണാനില്ല