പേ വിഷബാധയെ തുടര്‍ന്ന് കോളേജ് വിദ്യാര്‍ഥിനി മരിച്ചു. പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാറേക്കര വീട്ടില്‍ സുഗുണന്റെ മകള്‍ ശ്രീലക്ഷ്മി (18) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചയോടെയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ മാസം 30 നാണ് ശ്രീലക്ഷ്മിക്ക് അയല്‍വാസിയുടെ വീട്ടിലെ നായയില്‍ നിന്ന് കടിയേറ്റത്. ഇതേതുടര്‍ന്ന് ഡോക്ടറെ കണ്ട് ശ്രീലക്ഷ്മി ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച എല്ലാ വാക്‌സിനുകളും എടുത്തിരുന്നു. തുടര്‍ന്ന് കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല.

2 ദിവസം മുമ്പ് പനി ബാധിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് മങ്കരയിലെ സ്വകാര്യ ആശുപത്രിയിലും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.

കോയമ്പത്തൂരില്‍ സ്വകാര്യകോളേജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് ശ്രീലക്ഷ്മി.