വഡോദര: ഗുജറാത്തിലെ വഡോദരയിൽ അമിതവേഗതയിൽ കാർ ഓടിച്ച് മൂന്ന് വാഹനങ്ങളിൽ ഇടിച്ചുകയറ്റിയ സംഭവത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജേക്കബ് മാർട്ടിൻ (53) അറസ്റ്റിലായി. മദ്യലഹരിയിലായിരുന്നു താരം വാഹനമോടിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ചൊവ്വാഴ്ച പുലർച്ചെ 2.30ഓടെ സ്വന്തം ആഡംബര എസ്‌യുവി കാറിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. അക്കോട്ട മേഖലയിലെ പുനിത് നഗർ സൊസൈറ്റിക്ക് സമീപം വഴിയരികിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് കാറുകളിലേക്കാണ് നിയന്ത്രണം വിട്ട വാഹനം ഇടിച്ചുകയറിയത്. അപകടത്തിൽ വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു.
സംഭവ സ്ഥലത്തെത്തിയ പൊലീസ് ജേക്കബ് മാർട്ടിനെ അറസ്റ്റ് ചെയ്‌തു. പിന്നീട് ജാമ്യത്തിൽ വിട്ടു. അന്വേഷണത്തിന്റെ ഭാഗമായി അപകടത്തിൽപ്പെട്ട വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
“പ്രതി മദ്യപിച്ച് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. അശ്രദ്ധയായി വാഹനമോടിച്ചതിനും മദ്യപിച്ച് വാഹനമോടിച്ചതിനും ബിഎൻഎസ്, മോട്ടോർ വാഹന നിയമം എന്നിവയിലെ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ ആളപായമോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല,” പൊലീസ് അറിയിച്ചു.
രഞ്ജി ട്രോഫിയിൽ ബറോഡ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന ജേക്കബ് മാർട്ടിൻ ഇന്ത്യയ്ക്കായി 10 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 1999ൽ വെസ്റ്റിൻഡീസിനെതിരെയായിരുന്നു ഇന്ത്യൻ ടീമിൽ അരങ്ങേറ്റം. 2001ൽ കെനിയയ്‌ക്കെതിരെയായിരുന്നു അവസാന അന്താരാഷ്ട്ര മത്സരം.