Connect with us

editorial

അടുക്കളയിലെത്തിയ യുദ്ധ ഭീതി

യുദ്ധ പശ്ചാത്തലത്തില്‍ രൂപപ്പെട്ട പാചകവാതക ക്ഷാമം നമ്മുടെ അടുക്കളകള്‍ക്ക്‌പോലും താഴിയിടുമോയെന്ന ഭീതിയാണ് രാജ്യത്ത് പടര്‍ന്നുകൊണ്ടിരിക്കുന്നത്.

Published

on

പശ്ചിമേഷ്യയെ അസ്വസ്ഥഭരിതമാക്കിക്കൊണ്ടിരിക്കുന്ന ഇറാനും, ഇസ്രാഈല്‍ അമേരിക്ക സഖ്യവും തമ്മിലുള്ള യുദ്ധം ഇന്ത്യയെയും കേരളത്തെയുമെല്ലാം നേരിട്ടു ബാധിക്കുന്നതിന്റെ സൂചനകള്‍ പ്രകടമായിക്കൊണ്ടിരിക്കുകയാണ്. യുദ്ധ പശ്ചാത്തലത്തില്‍ രൂപപ്പെട്ട പാചകവാതക ക്ഷാമം നമ്മുടെ അടുക്കളകള്‍ക്ക്‌പോലും താഴിയിടുമോയെന്ന ഭീതിയാണ് രാജ്യത്ത് പടര്‍ന്നുകൊണ്ടിരിക്കുന്നത്. വ്യാവസായികാടിസ്ഥാനത്തിലുള്ള എല്‍.പി.ജി വിതരണത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ റസ്റ്റോറന്റുകളും ഭക്ഷ്യവിതരണ ശാലകളും കടുത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. റസ്റ്റോറന്റുകള്‍ വ്യാപകമായി അടച്ചുപൂട്ടിക്കൊണ്ടിരിക്കുമ്പോള്‍ തട്ടുകടകള്‍പോലുള്ള സംവിധാനങ്ങളും ഇന്ധനക്ഷാമത്താല്‍ ചക്രശ്വാസം വലിക്കുകയാണ്.

ഹോട്ടലുകള്‍ക്കുള്ള പാചക വാതകം നിര്‍ത്തിവെക്കാന്‍ വിതരണ ഏജന്‍സികള്‍ സര്‍ക്കാറിന്റെ നിര്‍ദ്ദേശംകൂടി ലഭ്യമായതോടെ പ്രതിസന്ധി പൂര്‍ണമായിരിക്കുകയാണ്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മാത്രമായി പാചക വാതകം പരിമിതപ്പെടുത്തിയാണ് സര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഇറാനെതിരായ ഇസ്രാഈല്‍-യു.എസ് സംയുക്ത ആക്രമണത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ, വാതക വിതരണം പ്രതിസന്ധിയിലായതാണ് ഇന്ത്യയേയും വലച്ചത്. ആഗോള തലത്തില്‍ കപ്പല്‍ വഴിയുള്ള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും, എല്‍.എന്‍.ജി വിതരണത്തിന്റെ മൂന്നിലൊന്നും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്. ഉപഭോഗത്തിനുള്ള 65% എല്‍പിജിയും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇതില്‍തന്നെ 90 ശതമാനവും വാങ്ങുന്നത് സഊദി അറേബ്യ, ഖത്തര്‍, യു.എ.ഇ തുടങ്ങിയ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നാണ്.

യുദ്ധത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതാണ് ഇന്ത്യയില്‍ എല്‍.പി.ജി പ്രതിസന്ധി സൃഷ്ടിക്കുന്നത്. എല്‍.പി.ജി, സി.എന്‍.ജി, പൈപ്പ് വഴിയുള്ള പാചക വാതകം എന്നിവ മുന്‍ഗണന അടിസ്ഥാനത്തില്‍ മാത്രമേ വിതരണം ചെയ്യൂവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് റസ്റ്റോറന്റുകള്‍ക്കും ഹോട്ടലുകള്‍ക്കും മറ്റുഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ക്കുമൊക്കെ പ്രതിസന്ധി രൂപപ്പെട്ടതെങ്കില്‍ വരുംദിവസങ്ങളില്‍ നിയന്ത്രണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കപ്പെടുന്നതോടെ ഇതേ പ്രതിസന്ധി അവിടങ്ങളിലെല്ലാം രൂപപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് മുന്തിയ പരിഗണന, അതു കഴിഞ്ഞ് വളം നിര്‍മാണ മേഖലക്ക്, തേയില നിര്‍മാണ ഫാക്ടറികള്‍ക്ക്, നിര്‍മാണ വ്യവസായ ഉപഭോക്താക്കള്‍ക്ക് എന്നിങ്ങനെയാണ് സര്‍ക്കാറിന്റെ മുന്‍ഗണനാ ക്രമം. രാജ്യത്തിന്റെ ഉപഭോഗത്തിന്റെ പകുതിയോളം വരുന്ന ആഭ്യന്തര ഉത്പാദനം (പ്രതിദിനം 191 മില്യന്‍ സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍) പെട്രോ കെമിക്കല്‍ കമ്പനികള്‍, ഊര്‍ജ്ജ യൂണിറ്റുകള്‍, ഉയര്‍ന്ന വിലയില്‍ വാതകം വാങ്ങുന്ന ഉപഭോക്താക്കള്‍ എന്നിവര്‍ക്കായുള്ള വിതരണം പൂര്‍ണമായും നിര്‍ത്തി മുന്‍ഗണന വിഭാഗത്തിന് നല്‍കാനാണ് നിര്‍ദേശം. എന്നാല്‍ ഈ തീരുമാനം പ്രതിസന്ധിക്കുള്ള താല്‍ക്കാലിക പരിഹാരം മാത്രമാണ്. യുദ്ധം നീളുന്ന മുറക്ക് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഗാര്‍ഹിക ഉപയോഗത്തിനുള്ള നിയന്ത്രണവും പ്രാബല്യത്തില്‍ വരുന്ന സാഹചര്യം കാണാതിരിക്കാനാവില്ല. ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഒരുപരിഹാരവും കാണാന്‍ സാധിക്കാതെ കേന്ദ്ര സര്‍ക്കാര്‍ വെറും നോക്കുകുത്തിയായിമാറുമ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോവാനുള്ള എല്ലാ സാഹചര്യങ്ങളും നിലനില്‍ക്കുകയാണ്.

നിലവിലെ പ്രതിസന്ധി കേന്ദ്രസര്‍ക്കാറിന്റെ പിടിപ്പുകേടിന്റെ ഫലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി നിര്‍ദേശിച്ചിട്ടുള്ള 90 ദിവസത്തെ ക്രൂഡോയില്‍ കരുതല്‍ ശേഖരം ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാറിന് സംഭവിച്ചിരിക്കുന്നത് വന്‍വീഴ്ച്ചയാണ്. തങ്ങള്‍ക്കെതിരെ ആക്രമണമുണ്ടായാല്‍ ഹോര്‍മൂസ് കടലിടുക്ക് പൂര്‍ണമായും അടച്ചിടുമെന്ന് ഇറാന്‍, യുദ്ധം ആരംഭിക്കുന്നതിന് മുന്നെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടും കേന്ദ്ര സര്‍ക്കാറോ പെട്രോളിയം മന്ത്രാലയമോ ഊര്‍ജപ്രതിസന്ധി മുന്‍കൂട്ടിക്കാണാനോ നടപടികള്‍ സ്വീകരിക്കാനോ തയാറായില്ല. തല്‍ഫലമായി യുദ്ധം ആരംഭിച്ച് രണ്ടാഴ്ച്ചപോലും പിന്നിടുന്നതിന് മുമ്പ് രാജ്യത്ത് ഇന്ധനപ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണ്. ലോകത്തെ പിടിച്ചുകുലുക്കിയ കുപ്രസിദ്ധ ബാലപീഡകന്‍ ജെഫ്രി എപ്സ്റ്റീനുമായി പെട്രോളിയം മന്ത്രിക്കുള്ള സൗഹൃദം പുറത്തുവരികയും ഇതേതുടര്‍ന്ന് പ്രതിപക്ഷം അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ ഈ പ്രതിസന്ധിഘട്ടത്തിലും രാഷ്ട്രീയ പ്രതിരോധം തീര്‍ക്കുന്ന തിരക്കിലായിരുന്നു വകുപ്പ്മന്ത്രി.

അതുകൊണ്ട്തന്നെപെട്രോളിയം മന്ത്രാലയം നാഥനില്ലാ കളരിയായി മാറുകയായിരുന്നു. അതിന്റെ ഉത്തമ ഉദാഹരണമായിരുന്നു രാജ്യത്തെ ക്രൂഡോയില്‍ കരുതലുമായി ബന്ധപ്പെട്ട പാര്‍ലമെന്റിലെ ചോദ്യത്തിന് മന്ത്രി നല്‍കിയ മറുപടി. 74 ദിവസത്തെ ക്രൂഡോയില്‍ കരുതല്‍ ശേഖരം രാജ്യത്തുണ്ടെന്ന അദ്ദേഹത്തിന്റെ മറുപടി യാഥാര്‍ത്ഥ്യവുമായ പുലബന്ധം പോലുമില്ലാത്തതായിരുന്നുവെന്ന് തെളിഞ്ഞിരിക്കുകയാണ്. യുദ്ധത്തിന്റെ പശ്ചാത്തലത്തിലും ഊര്‍ജസംരക്ഷണത്തെക്കുറിച്ച് ഒരാശങ്കക്കും അടിസ്ഥാനമില്ലെന്ന് ആണയിട്ട സര്‍ക്കാറാണ് കേവലം 12 ദിവസം പിന്നിട്ടപ്പോഴേക്കും കടുത്ത നടപടികളിലേക്ക് നീങ്ങിയിരിക്കുന്നത്. ഊര്‍ജപ്രതിസന്ധിയുള്‍പ്പെടെയുള്ളവിഷയങ്ങളില്‍ മറ്റുസാഹചര്യങ്ങളൊന്നും പരിശോധിക്കാന്‍ കഴിയാത്തവിധം രാജ്യത്തിന്റെ താല്‍പര്യങ്ങളെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് മുന്നില്‍ പൂര്‍ണമായും ബലികഴിപ്പിച്ചതിന്റെ അനിവാര്യമായ ദുരന്തമാണ് നാം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇനിയെങ്കിലും കണ്ണുതുറക്കാനും പ്രശ്‌നങ്ങള്‍ മുന്‍കൂട്ടിക്കണ്ട് പരിഹാരനടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തയാറാകാത്ത പക്ഷം കൂടുതല്‍ കെടുതികളിലേക്ക് രാജ്യം തള്ളിവിടപ്പെടുമെന്നതുറപ്പാണ്.

editorial

ഇരട്ടത്താപ്പിന്റെ പര്യായം

ഗതാഗഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെതിരായി ഉയര്‍ന്ന ആരോപണവും അതില്‍ മുഖ്യമന്ത്രിയും മന്ത്രിസഭയും സ്വീകരിച്ച നിലപാടും പിണറായി സര്‍ക്കാറിന്റെ ഇരട്ടത്താപ്പിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.

Published

on

By

ഗതാഗഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെതിരായി ഉയര്‍ന്ന ആരോപണവും അതില്‍ മുഖ്യമന്ത്രിയും മന്ത്രിസഭയും സ്വീകരിച്ച നിലപാടും പിണറായി സര്‍ക്കാറിന്റെ ഇരട്ടത്താപ്പിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള മുഖ്യന്റെയും കൂട്ടരുടെയും വാചോടാപങ്ങള്‍ എത്രമേല്‍ നിരര്‍ത്ഥകവും അബദ്ധജഡിലവുമാണെന്ന് കേരളത ജനതയെ ബോധ്യപ്പെടുത്തിയിരിക്കുകയാണ് ഈ സംഭവം. സമാനമായ ആരോപണം 2013 ല്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാറിലെ മന്ത്രിയായിരുന്ന ഗണേഷ്‌കുമാറിനെതിരെ ഉയര്‍ന്നപ്പോള്‍ അന്ന് സി.പി.എം സംസ്ഥാനസെക്രട്ടറിയായിരുന്നു സാക്ഷാല്‍ പിണറായി വിജയന്‍. ഗണേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെടുക മാത്രമല്ല, അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്ത പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്ന നാഴികക്ക് നാല്‍പതുവട്ടം പറഞ്ഞുകൊണ്ടിരിക്കുന്ന ഉമ്മന്‍ചാണ്ടി ഗണേഷിന്റെ കാര്യത്തില്‍ എന്തുകൊണ്ടാണ് നിയമത്തെ നിയമത്തിന്റെ വഴിക്ക് വിടാത്തതെന്നായിരുന്നു പിണറായിയുടെ ചോദ്യത്തിന്റെ കാതല്‍.

എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് നിയമം നിയമത്തിന്റെ വഴിക്കുതന്നെ സഞ്ചരിക്കുകയും ഗണേഷ് കുമാറിന് മന്ത്രി സഭയില്‍ നിന്ന് രാജിവെച്ച് പുറത്തുപോകേണ്ടിവരികയും ചെയ്യുകയുണ്ടായി. അധികാര നഷ്ടത്തിന്റെ പ്രതികാരമെന്നോണം പിന്നീട് മുന്നണി മാറി ഗണേഷ് ഇടതുപക്ഷത്തെത്തുകയും നേരം ഇരുട്ടിവെളുത്തപ്പോഴേക്കും പുണ്യാത്മാവായി മാറുകയും ചെയ്തത് പിന്നീടുള്ള രാഷ്ട്രീയ ചരിത്രം. പക്ഷേ അന്നത്തെ മന്ത്രിസഭയെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത അതേ പിണറായി വിജയന്‍ ഇന്ന് പരാതി ഒതുക്കിത്തീര്‍ക്കുകയും ഗണേഷിനെ ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുമ്പോള്‍ ഓന്തിനെപോലും വെല്ലുന്ന അദ്ദേഹത്തിന്റെ നിറംമാറ്റവും കണ്ടാമൃഗത്തെപോലും നാണിപ്പിക്കുന്ന തൊലിക്കട്ടിയുംകണ്ട് കേരളം മൂക്കത്തുവിരല്‍വെച്ചുപോവുകയാണ്.

കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണന്‍ ഡി.ജി.പിക്ക് പരാതി നല്‍കിയതോടെയാണ് ഗണേഷ്‌കുമാറിന്റെ അവിഹിതം പുറത്തറിയുന്നത്. മന്ത്രിയുടെ അവിഹിതം ഭാര്യതന്നെ നേരില്‍കണ്ടതായും തുടര്‍ന്ന് പൊലീസ് ഹെല്‍പ് ലൈന്‍ നമ്പറായി 112ല്‍ വിളിച്ച് വിവരം അറിയിച്ചെങ്കിലും ഇതില്‍ യാതൊരു തുടര്‍ നടപടികളുമുണ്ടായില്ലെന്നുമാണ് ഡി.ജി.പിക്ക് നല്‍കിയ പരാതിയിലുണ്ടായിരുന്നത്. ആരോപണങ്ങള്‍ തള്ളാന്‍ തയാറാകാതിരുന്ന മന്ത്രി തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടുള്ള രാഷ്ട്രീയ മുതലെടുപ്പാണിതെന്ന് ന്യായീകരിക്കുകയായിരുന്നു. തനിക്ക് ഒന്നല്ല അയ്യായിരം പ്രണയങ്ങളുണ്ടെന്ന് പറഞ്ഞമന്ത്രി ഭാര്യയുടെ പരാതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ വട്ട് മൂത്താല്‍ ആര്‍ക്കും അങ്ങനെ പരാതി പറയാമെന്നുമായിരുന്നു മറുപടി നല്‍കിയത്.

മന്ത്രിയുടെ പരിഹാസ സമീപനത്തെത്തുടര്‍ന്ന് രംഗത്തെത്തിയ ഭാര്യ ആരോപണങ്ങളെല്ലാം വസ്തുതാപരമാണെന്ന് സാക്ഷ്യപ്പെടുത്തുകയുണ്ടായി. അക്രമത്തെക്കുറിച്ച് പൊലീസിന്റെ 112 എന്ന നമ്പറിലേക്ക് വിളിച്ചുവെന്നും സ്ഥലത്തെത്തിയ പൊലീസ് മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രിയുടെ മകള്‍ വീണയോട് വിവരം പറഞ്ഞിരുന്നുവെന്നും മുന്‍ ഡി.ജി.പി ശ്രീലേഖയെ വിളിച്ച് നിര്‍ദേശം സ്വീകരിച്ച ശേഷമാണ് പൊലീസിന്റെ സഹായം തേടിയതെന്നുമായിരുന്നു അവരുടെ പ്രതികരണം. കാര്യങ്ങള്‍ ഇത്രമേല്‍ സ്പഷ്ടമായിട്ടും മൗനത്തിന്റെ മഹാമാളത്തില്‍ അഭയംപ്രാപിച്ച മുഖ്യമന്ത്രിയും സര്‍ക്കാറും മന്ത്രിക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം ഒത്തുതീര്‍പ്പിനുള്ള സാധ്യതകള്‍ തേടുകയായിരുന്നുവെന്നാണ് പിന്നീടുണ്ടായ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. മന്ത്രി ഭാര്യയോട് മാപ്പു പറയുന്നതും മാപ്പിന്റെ അടിസ്ഥാനത്തില്‍ തനിക്ക് പരാതിയൊന്നുമില്ലെന്ന് ഭാര്യ വ്യക്തമാക്കുന്നതും ഒറ്റരാത്രികൊണ്ട് മന്ത്രിയെ പുണ്യാളനാക്കി മന്ത്രിസഭായോഗത്തിനെത്തിക്കുന്നതുമാണ് പിന്നീട് കാണാനിടയായത്.

സ്വന്തക്കാരുടെയും ബന്ധുക്കാരുടെയും എന്തുനെറികേടിനെയു സംരക്ഷിക്കാനും ഏതറ്റംവരെയും പോകാന്‍ തനിക്കൊരുമടിയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ്. ആരോപണ വിധേയരാകുന്നവരുടെ പാര്‍ട്ടിയും പശ്ചാത്തലവും നോക്കി നയവും നിലപാടും പ്രഖ്യാപിക്കുന്ന ഈ മുഖ്യന്‍ കേരളത്തിനാകെ നാണക്കേടാണ് സമ്മാനിക്കുന്നത്. പ്രതിപക്ഷത്തുള്ളവര്‍ക്ക് നേരെ ഇത്തരം ആരോപണമുയരുമ്പോള്‍ പരാതി സ്വീകരിക്കാനും നടപടിയെടുക്കാനും ആയിരംനാക്കില്‍ സംസാരിക്കാനുമുള്ള അദ്ദേഹത്തിന്റെ അത്യാവേശം കേരളംപലകുറികണ്ടതാണ്.

ലൗവ് യു, ടു മൂണ്‍ ആന്റ് ബാക്ക് എന്നെഴുതിയ, ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള വരികള്‍കുറിച്ചിട്ട ഒരുകോപ്പ പിണറായി വിജയന്റെ ശേഖരത്തിലുണ്ടെന്നതിന് കേരളം സാക്ഷിയാണ്. വാര്‍ത്താമാധ്യമങ്ങള്‍ വഴി ജനങ്ങളെ മൊത്തം ദൃക്‌സാക്ഷികളാക്കി ആ കോപ്പകൊണ്ട് ആസ്വദിച്ചുകുടിച്ചതും കേരളം മറന്നിട്ടില്ല. ആ കോപ്പയും അതിലെഴുതിയ വരികളും എത്രമാത്രം കാപട്യംനിറഞ്ഞതാണെന്ന് മന്ത്രിസഭയിലെ സഹപ്രവര്‍ത്തകന്റെ കാര്യത്തിലൂടെ പിണറായി വിജയന്‍ തെളിയിച്ചിരിക്കുകയാണ്. സത്രീകള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ചും ഇരകളുടെ നീതിയെക്കുറിച്ചും തലയില്‍ മുണ്ടിട്ടല്ലാതെ ഇനി പിണറായിക്ക് സംസാരിക്കാനാകില്ലെന്നതുറപ്പാണ്. പറയുന്ന വാക്കുകളോട് തരിമ്പെങ്കിലും ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതിനുപകരം ആരോപണവിധേയനായ മന്ത്രിക്കെതിരെ നടപടിയെടുക്കാനായിരുന്നു പിണറായി തയാറാകേണ്ടിയിരുന്നത്.

 

Continue Reading

editorial

കല്ല് പൊട്ടിക്കാനുണ്ടോ…

ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവമായ തിരഞ്ഞെടുപ്പിന് കേരളത്തില്‍ കേളികൊട്ടുയരാന്‍ ഇനി ഏതാനും ദിവസം മാത്രമേയുള്ളൂ.

Published

on

By

ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവമായ തിരഞ്ഞെടുപ്പിന് കേരളത്തില്‍ കേളികൊട്ടുയരാന്‍ ഇനി ഏതാനും ദിവസം മാത്രമേയുള്ളൂ. ജനകീയ രോഷം കാരണം ഊര്‍ധ ശ്വാസം വലിക്കുന്ന പിണറായി സര്‍ക്കാര്‍ പോണ പോക്കില്‍ സംസ്ഥാനത്തിന്റെ കഴുക്കോല്‍ വരെ ഊരാനുള്ള തത്രപ്പാടിലാണ്. ഒരേ പ്രവര്‍ത്തിക്ക് പല ഉദ്ഘാടനം, പണി തീരാത്ത കെട്ടിടങ്ങളുടെ കൂട്ട ഉദ്ഘാടനം തുടങ്ങി മുഖ്യനും റീല്‍സ് മന്ത്രിയും കത്രിക മന്ത്രിയും കള്ള് മന്ത്രിയുമടക്കം ഉദ്ഘാടന മഹാമഹവുമായി ഓടി നടക്കുകയാണ്. കിണറിലെ വെള്ളം കലക്കു വെള്ളമാണോ എന്ന് അറിയാന്‍ കിണറ്റിലിറങ്ങിയ കിണറോലുവാണ് ഇപ്പോള്‍ സര്‍ക്കാറിനും സി.പി.എമ്മിനുമായി തിരഞ്ഞെടുപ്പ് തന്ത്രം ആരായുന്നത്. അതിന്റെ ഗുണം കാണാനുമുണ്ട്. നുണക്കൊരു അവാര്‍ഡ് കൊടുത്താല്‍ അത് എന്തു കൊണ്ടും നേടാന്‍ ഇപ്പോള്‍ സര്‍ക്കാറിന് അര്‍ഹതയായിട്ടുണ്ട്. വയനാട്ടിലേക്ക് തുരങ്കപാതയുടെ പല ആവര്‍ത്തി ഉദ്ഘാടന പ്രഹസനത്തിന്റെ അവസാന പതിപ്പായിരുന്നു കഴിഞ്ഞ ദിവസം. കണ്ടവര്‍ കണ്ടവര്‍ അന്തം വിട്ടു. പാറപൊട്ടിക്കല്‍ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി. നേരത്തെ പാറയൊക്കെ തൊഴിലാളികളാണ് പൊട്ടിച്ച് തുടങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍ അതും മുഖ്യന്‍ തന്നെ ഉദ്ഘാടനം ചെയ്യും. റീല്‍സ് മന്ത്രി വീഡിയോ പിടിക്കും കിണറോലും പരസ്യപ്പെടുത്തും. ഇതാണ് ഇപ്പോഴത്തെ രീതി.

ഒരു നിയമസഭാ സീറ്റിനായി എന്ത് തറ പരിപാടിക്കും തയ്യാറായി നടന്നിട്ടും പിണറായിയും സംഘവും കിണറോലുവിന് സീറ്റ് മാത്രം നല്‍കിയിട്ടില്ല ഇതുവരെ. അതിനുള്ള പ്രതികാരമാണോ എന്നറിയില്ല. സര്‍ക്കാറിനെ ടിയാന്‍ കുഴിയില്‍ നിന്നും വന്‍ ഗര്‍ത്തത്തിലേക്ക് എടുത്തെറിഞ്ഞ് ശരിയാക്കുന്നുണ്ട്. ഏതായാലും ഇത്തവണയും മുണ്ടുടുത്ത മോദി തന്നെയാണ് പാര്‍ട്ടിയെ നയിക്കുക. വനിതാ മുഖ്യമന്ത്രിയെന്നൊക്കെ പറഞ്ഞ് കൊമ്പത്ത് കയറ്റി ഇപ്പോള്‍ അവിടെ നിന്നും വീണ്ടും ചാവേറേക്കാനായി മറ്റൊരു സീറ്റിലേക്ക് മുന്‍ ആരോഗ്യ മന്ത്രിയെ വിട്ടിട്ടുണ്ട്. മുന്‍ മന്ത്രി സുധാകരനും പി.കെ ശശിയുമൊക്കെ പാര്‍ട്ടിയില്‍ നിന്നും പിന്നോട്ടു പോയി. അവരവരുടെ നിലപാടുമായി മുന്നോട്ടു പോവുകയാണ്. കോണ്‍ഗ്രസിലെ കുടുംബാധിപത്യമെന്നൊക്കെ മൈക്ക് കെട്ടി ഘോര ഘോരം പ്രസംഗിച്ചവര്‍ ഇപ്പോള്‍ ഞാനും അഫന്‍ തമ്പ്രാനും സുഭദ്രയും എന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. അധികാര വടം വലിയില്‍ പാര്‍ട്ടി സെക്രട്ടറിക്ക് സീറ്റ് പോയപ്പോള്‍ പകരം വരുന്നത് സ്വന്തം ഭാര്യ. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ഒഴിവാക്കിയാല്‍ പകരം ഭര്‍ത്താവ്. നല്ല കീഴ് വഴക്കം. കണ്ണൂരില്‍ ജയരാജന്‍മാരുടെ ആധിപത്യം അവസാനിക്കാനും ഇത്തവണ കാരണമാകും. സി.പി.എമ്മില്‍ പിണറായി വിജയന് താഴെ ‘അനിഷേധ്യനായ രണ്ടാമന്‍’ ആകാനുള്ള എം.വി. ഗോവിന്ദന്റെ കരുനീക്കത്തിന്റെ ഭാഗമായി മുതിര്‍ന്ന നേതാക്കളെ അറഞ്ചം പുറഞ്ചം വെട്ടി നിരത്തുന്നുണ്ട്.

മുഖ്യമന്ത്രി മാറിയാല്‍ മരുമകന്‍ മതിയെന്ന രീതിയിലാണ് ഇപ്പോഴത്തെ പോക്ക്. തനിക്ക് ഭീഷണിയാകാന്‍ സാധ്യതയുള്ള എല്ലാ മുതിര്‍ന്ന നേതാക്കളെയും സംഘടനാ തത്വങ്ങളുടെ പേരുപറഞ്ഞ് വെട്ടിനിരത്തുകയാണെന്ന വികാരം പാര്‍ട്ടിയില്‍ പുകയുന്നുണ്ട്. എന്തായാലും സ്വന്തമായി നേട്ടമൊന്നുമില്ലാത്ത സര്‍ക്കാര്‍ ഇപ്പോള്‍ 10 വര്‍ഷം മുമ്പുള്ള സര്‍ക്കാറുമായി താരതമ്യം ചെയ്തു കൊണ്ടുള്ള പരസ്യവുമായാണ് ഇറങ്ങുന്നത്. അതായത് നെഹ്‌റുവിന്റെ കാലത്ത് ഇന്ത്യയില്‍ ഇത്ര സംസ്ഥാനങ്ങളുണ്ടായില്ലെന്ന് സങ്കികള്‍ പറയുന്ന പോലുള്ള യമണ്ടന്‍ ലോജിക്. എന്നാല്‍ ഇത് പൊതുജനങ്ങളുടെ പണമെടുത്താണെന്നതാണ് ഇതിലെ വലിയ പ്രശ്‌നം. അതായത് മോദി വന്നതിന് ശേഷം 2014ലാണ് ഇന്ത്യ ഉണ്ടായതെന്ന് സങ്കികള്‍ പറയുന്ന പോലെ 2016നു ശേഷമാണ് കേരളമുണ്ടായതെന്നാണ് മുണ്ടുടുക്കാത്ത മോദിയുടെ ചിയര്‍സംഘം പ്രചരിപ്പിക്കുന്നത്.

ലോകത്ത് സാങ്കേതിക വിദ്യ എത്ര മാറിയാലും മാറാത്ത ഒന്നേയുള്ളൂ സി.പി.എമ്മുകാരുടെ ബുദ്ധി. പാര്‍ട്ടി ഓഫീസില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ചാണ് പാര്‍ട്ടിക്കാര്‍ ചിന്തിക്കുക. ഈയിടെ പത്രങ്ങളിലെല്ലാം കിണറോലുവിന്റെ നേതൃത്വത്തില്‍ വന്ന പരസ്യം കണ്ടവര്‍ ഒന്ന് ഞെട്ടി പട്ടാപ്പകല്‍ ഇത്രയും കൊള്ള നടത്തിയവന്‍മാരൊക്കെ ഹരിഷ് ചന്ദ്രന്‍മാരാവാന്‍ ശ്രമിക്കുന്നു. അല്ലേലും പൊതുവെ കേരളത്തിലൊരു ചൊല്ലുണ്ട് സത്യം ചെരിപ്പിടുമ്പോഴേക്കും സി.പി.എമ്മുകാര്‍ നാടു നീളെ കള്ളം കൊട്ടിപ്പാടുമെന്ന്. കഴിഞ്ഞ 10 വര്‍ഷമായി കക്കുക മുക്കുക നക്കുക എന്നതല്ലാതെ നാലാള്‍ക്ക് തൊഴില്‍ നല്‍കിയ ഏതേലും സംരംഭം പിണറായി തുടങ്ങിയിട്ടുണ്ടോ എന്ന് ആരെലും ചോദിച്ചാല്‍ ആകെ ഉത്തരം നല്‍കാന്‍ പ്രാപ്തിയുള്ളത്. വ്യവസായ മന്ത്രിക്കാണ്. അതാവട്ടെ ഈ ദുനിയാവില്‍ ആരും കാണാത്ത കമ്പനിയൊക്കയാവും. ലോകത്ത് സ്‌കാനിങ് മെഷീന്‍ ഉണ്ടാക്കുന്ന രണ്ട് കമ്പനികളില്‍ ഒന്ന് കേരളത്തിലാണെന്നാണ് മന്ത്രി പറയുന്നത്.

കേരളത്തില്‍ ഉണ്ടാക്കി അമേരിക്കയില്‍ നിന്നും ലേബലൊട്ടിച്ച് അയക്കുകയാണ് പോലും. എവിടെയാണ് ഫാക്ടറി ഏതാണ് കമ്പനി എന്നൊന്നും ചോദിക്കരുത്. എല്ലാത്തിനും ശങ്കരാടിയുടെ രേഖതന്നെയാണ് ബലം. യു.ഡി.എഫ് കാലത്ത് എട്ട് മാസത്തെ പെന്‍ഷന്‍ മുടങ്ങിയെന്ന അണ്ടി മുക്ക് ശാഖ വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റി കണക്കുമായാണ് പിണറായി ഇപ്പോഴും ഉരുളുന്നത്. കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് പെന്‍ഷന്‍കാരുടെ എണ്ണം വെട്ടിക്കൂട്ടി കൊട്ടയിലിട്ട കണക്ക് പറയാതെ വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റി കണക്കാണ് ഇപ്പോഴും ആധാരം. പിണറായിയും പരിവാരങ്ങളും കേരളത്തില്‍ ആകെ തുടങ്ങാന്‍ ശ്രമിച്ചത് ഒരേ ഒരു സംരഭമാണ്. അതാണ് കെ റെയില്‍. കെ റെയില്‍ വരും കെട്ടോ എന്ന് എല്ലാ യോഗങ്ങളിലും സംസ്ഥാന സെക്രട്ടറി വീമ്പിളക്കിയതും അപ്പം വില്‍പനക്കായി നാട്ടാരെ പ്രാപ്തരാക്കിയതും മാത്രമാണ്. മിച്ചം ആകെ കേരളത്തില്‍ കാക്കകള്‍ക്ക് തൂറാന്‍ ഒരു മഞ്ഞക്കുറ്റി മാത്രമാണ് പിണറായി സംഭാവന ചെയ്തത്. ഇനി അതിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുമ്പോള്‍ അറിയാം കട്ട് മുടിച്ചത് എത്രയെന്ന്. പി.ആര്‍ കൊണ്ട് ഓട്ടയടക്കാന്‍ ശ്രമിക്കുന്ന ഈ സര്‍ക്കാറിനെ ജനം ചെവിക്ക് പിടിച്ച് തൂക്കി പുറത്തിടാന്‍ എന്തായാലും അധിക നാള്‍ വേണ്ടി വരില്ല.

Continue Reading

editorial

തന്നിഷ്ടത്തിനേറ്റ കനത്ത തിരിച്ചടി

സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട നടപടികളില്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ (സി.എ.ടി) ഇടപെടല്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയാണ്.

Published

on

By

ഭരണനിര്‍വഹണത്തിന്റെ നട്ടെല്ലായ സിവില്‍ സര്‍വീസിനെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന രീതിക്ക് കനത്ത പ്രഹരമേല്‍പ്പിച്ചിരിക്കുകയാണ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ (സി.എ.ടി) ഉത്തരവ്. ഐ.എ.എസ് കേഡര്‍ തസ്തികകളില്‍ ഐ.പി.എസ് ഉദ്യോഗസ്ഥരെയും മറ്റ് കേഡര്‍ ഇതര ഉദ്യോഗസ്ഥരെയും തിരുകിക്കയറ്റുന്ന സര്‍ക്കാര്‍ രീതി നിയമവിരുദ്ധമാണെന്ന ട്രിബ്യൂണലിന്റെ നിരീക്ഷണം കേവലം സാങ്കേതിക തിരുത്തലല്ല, മറിച്ച് ഭരണഘടനാപരമായ ചട്ടക്കൂടിനെ ഓര്‍മ്മിപ്പിക്കല്‍ കൂടിയാണ്.

സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട നടപടികളില്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ (സി.എ.ടി) ഇടപെടല്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയാണ്. ഐ.എ.എസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ 2014 ലെ കേഡര്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ട്രിബ്യൂണല്‍ ഉത്തരവിട്ടിരിക്കുകയാണ്. ബി അശോക് കുമാറിനെ മാറ്റിയതുള്‍പ്പെടെയുള്ള മൂന്ന് സ്ഥലംമാറ്റ ഉത്തരവുകള്‍ കോടതി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ തസ്തികകളില്‍ കേഡര്‍ ഇതര ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്ന് സി.എ.ടി വ്യക്തമാക്കി. നിലവില്‍ എക്‌സൈസ് കമ്മീഷണറായ എം.ആര്‍ അജിത് കുമാറിന് ഈ ഉത്തരവ് വലിയ തിരിച്ചടിയാകും. എക്‌സൈസ് കമ്മീഷണര്‍ സ്ഥാനം ഐ.എ.എസ് കേഡര്‍ തസ്തികയാണെന്നും അവിടെ ഐ.എ.എസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവു എന്നും ട്രിബ്യൂണല്‍ നിരീക്ഷിച്ചു. ഇതോടെ അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യേണ്ടിവരും. മാനസപുത്രന്‍ തെറിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന് വന്‍ തിരിച്ചടിയാണ്. മാത്രമല്ല ഉത്തരവ് ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത് മുഖ്യമന്ത്രിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന എം.ആര്‍ അജിത് കുമാറിനെയാണ്.

എക്‌സൈസ് കമ്മീഷണര്‍ സ്ഥാനം ഐ.എ.എസ് കേഡര്‍ തസ്തികയാണ്. അവിടെ ഐ.പി.എസ് ഉദ്യോഗസ്ഥനായ അജിത് കുമാറിനെ നിയമിക്കുന്നത് ചട്ടവിരുദ്ധമാണെന്ന ട്രിബ്യൂണലിന്റെ കണ്ടെത്തല്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിരവധി ആരോപണങ്ങള്‍ നേരിടുന്ന എം.ആര്‍ അജിത്കുമാറിനെ തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ ഇപ്പോള്‍ നിയമത്തിന്റെ നൂല്‍പ്പാലത്തില്‍ തട്ടി വീണിരിക്കുകയാണ്. ഇത് കേവലം അജിത് കുമാറിന്റെ വ്യക്തിപരമാ യ തിരിച്ചടിയല്ല, മറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണശൈലിക്കേറ്റ കനത്ത പ്രഹരം കൂടിയാണ്. ഘടം ക്ഷിയായ സി.പി.ഐ പോലും എതിര്‍ത്തിട്ടും പലപ്പോഴും അജിത്കുമാറിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചിറകുകള്‍ക്കുള്ളില്‍ സംരക്ഷിച്ചുപോരുകയായിരുന്നു. 2014-ലെ കേഡര്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ട് ഉദ്യോഗസ്ഥരെ മാറ്റുന്ന രീതിക്ക് തടയിട്ട ട്രിബ്യൂണല്‍ നടപടി സ്വാഗതാര്‍ഹമാണ്. ബി. അശോക് കുമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം റദ്ദാക്കിയതിലൂടെ, ഭരണകൂടത്തിന്റെ ഇഷ്ടാനിഷ്ടങ്ങളല്ല മറിച്ച് നിലവിലുള്ള നി യമസംഹിതകളാണ് പരമമെന്ന് ഒരിക്കല്‍കൂടി വ്യക്തമായിരിക്കുന്നു. ഒരു ഉദ്യോഗസ്ഥന് നിശ്ചിത കാലാവധി നല്‍കണമെന്ന നിയമം ലംഘിക്കുന്നത് ഭരണപരമായ അസ്ഥിരതയ്ക്ക് കാരണമാകും.

ഐ.എ.എസ് ഓഫീസേഴ്സ് അസോസിയേഷന്‍ ഈ വിഷയത്തില്‍ നേരിട്ട് രംഗത്തിറങ്ങി എന്നത് ശ്രദ്ധേയമാണ്. ഉദ്യോഗസ്ഥ ഭരണസംവിധാനത്തില്‍ രാഷ്ട്രീയ അതിപ്രസരം കൂടുമ്പോള്‍ സ്വാഭാവികമായും ഇത്തരം നിയമയുദ്ധങ്ങള്‍ അനിവാര്യമായിത്തീരുന്നു. ഐ.എ.എസ് തസ്തികകളില്‍ ഐ.പി.എസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സിവില്‍ സര്‍വീസിന്റെ ഘടനയെത്തന്നെ തകര്‍ക്കും. തങ്ങളുടെ ആവശ്യം ലളിതമായിരുന്നുവെന്നാണ് ഐ.എ.എസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പറയുന്നത്. ചട്ടങ്ങള്‍ പാലിക്കാത്ത സാഹചര്യങ്ങളാണ് ചൂണ്ടിക്കാട്ടിയത്. സര്‍ക്കാര്‍ പറഞ്ഞ എല്ലാ തടസവാദങ്ങളും പരിശോധിച്ചുള്ള വിധിയാണിത്. സ്ഥലംമാറ്റം കേഡര്‍ ചട്ടത്തിന്റെ ഒരു ഭാഗം മാത്രമാണ്. ഐ.എ.എസുകാരെ നിയമിക്കേണ്ട കേഡര്‍ പോസ്റ്റുകളില്‍ ഐ.എ.എസ്സുകാരെയാണ് നിയമിക്കേണ്ടത്. അതിനു മാറ്റം വന്നപ്പോഴാണ് നിയമപരമായി മുന്നോട്ടു പോയത്.

സിവില്‍ സര്‍വീസ് ബോര്‍ഡ് 2016 ന് ശേഷം കേരളത്തില്‍ യോഗം ചേര്‍ന്നിരുന്നില്ലെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രിയുമായി ചര്‍ച്ചക്ക് അവസരം ലഭിച്ചിരുന്നില്ല. കഴിഞ്ഞവര്‍ഷം ഫെബ്രുവരി മുതല്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചക്ക് ശ്രമിച്ചിരുന്നെങ്കിലും അവസരം നല്‍കിയില്ലന്നും അവര്‍ കുറ്റപ്പെടുത്തുന്നു. ഭരണനിര്‍വഹണം എന്നത് രാഷ്ട്രീയ മേലാളന്മാരുടെ ആ ജ്ഞാനുവര്‍ത്തികളാകാനുള്ള ഒന്നല്ല. നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമേ ഉദ്യോഗസ്ഥ വിന്യാസം നടത്താവു എന്ന സി.എ.ടി ഉത്തരവ് ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്തും. സര്‍ക്കാരിന്റെ ‘തന്നിഷ്ട’ങ്ങള്‍ക്കേറ്റ ഈ പ്രഹരം വരുംദിവസങ്ങളില്‍ കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കും. ഉദ്യോഗസ്ഥതലത്തിലെ അസംതൃപ്തിയും നിയമക്കുരുക്കുകളും ഭരണത്തിന്റെ വേഗത കുറയ്ക്കുമെന്നതില്‍ തര്‍ക്കമില്ല.

Continue Reading

Trending