News

അവസാന ഓവറില്‍ മൂന്ന് സിക്സ്; ജയിക്കാവുന്ന മത്സരം കൈവിട്ട് കേരള സ്ട്രൈക്കേഴ്സ്, സെമിയില്‍ പുറത്ത്

By Manya

February 01, 2026

കൊയമ്പത്തൂര്‍: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ (CCL) കേരള സ്ട്രൈക്കേഴ്സ് സെമി ഫൈനലില്‍ നിന്ന് പുറത്തായി. ബംഗാള്‍ ടൈഗേഴ്സിനോട് അഞ്ച് വിക്കറ്റിന്റെ തോല്‍വിയാണ് സ്ട്രൈക്കേഴ്സിന് തിരിച്ചടിയായത്. കൊയമ്പത്തൂരില്‍ നടന്ന മത്സരത്തില്‍ ജയത്തിന് വളരെ അടുത്തെത്തിയ ശേഷമാണ് കേരളം മത്സരം കൈവിട്ടത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച കേരള സ്ട്രൈക്കേഴ്സ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയത്. അര്‍ജുന്‍ നന്ദകുമാര്‍ 41 പന്തില്‍ 61 റണ്‍സും, ഉണ്ണി മുകുന്ദന്‍ 33 പന്തില്‍ 41 റണ്‍സും നേടി ടീമിനെ മികച്ച തുടക്കത്തിലേക്ക് നയിച്ചു. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 76 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മദന്‍ മോഹന്‍ 14 പന്തില്‍ 28 റണ്‍സ് നേടി മധ്യനിരയില്‍ തിളങ്ങി. വിവേക് ഗോപന്‍ (11), മുഹമ്മദ് ഷാരിഖ് (4) എന്നിവര്‍ പുറത്താകാതെ നിന്നു. ബംഗാള്‍ ടൈഗേഴ്സിനായി ജാമി ബാനര്‍ജി മൂന്ന് വിക്കറ്റും ആദിത്യ റോയ് രണ്ട് വിക്കറ്റും സ്വന്തമാക്കി.

177 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ടൈഗേഴ്സ് 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ജാമി ബാനര്‍ജി 64 റണ്‍സും, രാഹുല്‍ മജുംദാര്‍ 11 പന്തില്‍ 40 റണ്‍സുമെടുത്ത് ടീമിനെ വിജയത്തിലേക്ക് നയിച്ചു.  അവസാന രണ്ട് ഓവറില്‍ ജയിക്കാന്‍ 39 റണ്‍സ് ആവശ്യമായിരുന്നപ്പോള്‍ മത്സരം പൂര്‍ണമായി മാറുകയായിരുന്നു. 19-ാം ഓവറില്‍ അരുണ്‍ ബെന്നി വിട്ടുകൊടുത്തത് 21 റണ്‍സ്.

രാഹുല്‍ നേടിയ മൂന്ന് സിക്സുകളാണ് വഴിത്തിരിവായത്. അവസാന ഓവറില്‍ ജയത്തിന് വേണ്ടിയിരുന്നത് 18 റണ്‍സ്. ബിനീഷ് കോടിയേരി എറിഞ്ഞ ഓവറില്‍ രാഹുല്‍ വീണ്ടും മൂന്ന് സിക്സ് നേടി ടൈഗേഴ്സിന് വിജയം ഉറപ്പാക്കി.കേരളത്തിനായി നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടിയ മുഹമ്മദ് ഷാരിഖിന്റെ പ്രകടനമാണ് ബൗളിംഗില്‍ ആശ്വാസമായത്. മികച്ച തുടക്കവും കൈവശമുണ്ടായിരുന്ന കളിയും നഷ്ടമായതോടെ കേരള സ്ട്രൈക്കേഴ്സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.