ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലോക്‌സഭാംഗം ബി.ജെ.പിയില്‍ ചേര്‍ന്നു. ബംഗാളിലെ ബിഷ്‌നുപൂര്‍ മണ്ഡലത്തില്‍ നിന്നുളള തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സൗമിത്ര ഖാനാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ബംഗാള്‍ പിടിച്ചെടുക്കുക എന്ന ബി.ജെ.പിയുടെ തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബി.ജെ.പിയില്‍ ചേരുന്ന ആദ്യ തൃണമൂല്‍ കോണ്‍ഗ്രസ് ലോക്‌സഭ എം.പിയാണ് സൗമിത്ര ഖാന്‍. നരേന്ദ്രമോദിയും അമിത് ഷായും നേതൃത്വം നല്‍കുന്ന ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിച്ചതായി സൗമിത്ര ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബംഗാളില്‍ പൊലീസ് രാജും സിന്‍ഡിക്കേറ്റ് രാജുമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ബംഗാളിലെ ക്രമസമാധാനനില ഓരോ ദിവസം കഴിയുന്തോറും വഷളായി വരികയാണ്. കൊലപാതകങ്ങളുടെയും ബോംബേറിന്റെയും വാര്‍ത്തകളാണ് സംസ്ഥാനത്ത് നിന്ന് റിപ്പോര്‍ട്ടു ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.