kerala

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷം; യാത്രാദുരിതത്തില്‍ പ്രതിഷേധത്തിന് യുഡിഎഫ്

By webdesk17

December 29, 2025

താമരശ്ശേരി: ക്രിസ്മസ്-പുതുവത്സര അവധിക്കാലം ആഘോഷിക്കാന്‍ വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ തിരക്ക് കാരണം താമരശ്ശേരി ചുരത്തില്‍ ഇന്നും കനത്ത ഗതാഗതക്കുരുക്ക്. പുലര്‍ച്ചെ മുതല്‍ തന്നെ ചുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ്.

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചുരത്തില്‍ നിലവില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. പകല്‍ സമയങ്ങളില്‍ മള്‍ട്ടി ആക്‌സില്‍ ചരക്ക് വാഹനങ്ങള്‍ ചുരത്തില്‍ പ്രവേശിക്കുന്നത് പൂര്‍ണ്ണമായും തടഞ്ഞു. ഇത്തരം വാഹനങ്ങള്‍ക്ക് രാത്രിയില്‍ മാത്രമേ അനുമതിയുള്ളൂ. ഗതാഗതം സുഗമമാക്കാന്‍ ചുരത്തിലെ പ്രധാന വളവുകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

യാത്രാദുരിതത്തില്‍ പ്രതിഷേധിച്ച് നാളെ കളക്ടറേറ്റിന് മുന്നില്‍ യുഡിഎഫ് രാപ്പകല്‍ സമരം സംഘടിപ്പിക്കും. കല്‍പ്പറ്റ എം.എല്‍.എ ടി. സിദ്ധിഖ്, ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍ എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കും. ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുക, ബദല്‍ റോഡുകളുടെ നിര്‍മ്മാണം വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരസമിതി ഉന്നയിക്കുന്നത്.