വാഷിങ്ടണ്‍: ട്രംപിന് മറുപടിയായി ബൈഡന്റെ ‘ഇന്‍ഷാ അള്ളാ’ പരാമര്‍ശം ട്വിറ്ററില്‍ ട്രെന്‍ഡിങ്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന ആദ്യ സംവാദ പരമ്പരയിലാണ് ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ ‘ഇന്‍ഷാ അള്ളാ’ പരാമര്‍ശം ഉണ്ടായത്. ഇതോടെ ട്വിറ്ററില്‍ നിരവധി പേരാണ് ബൈഡന്റെ ഇന്‍ഷാ അള്ളാ പരാമര്‍ശം പങ്കുവെച്ചത്.

റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് നികുതിയടക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെയാണ് ബൈഡന്‍ ഇന്‍ഷാ അള്ളാ എന്ന് പറഞ്ഞത്. സംവാദത്തിനിടെ ഡൊണാള്‍ഡ് ട്രംപ് എന്നെങ്കിലും തന്റെ ഇന്‍കം ടാക്‌സ് റിട്ടേണുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടുമോ എന്ന് തനിക്ക് ആശങ്കയുണ്ടെന്ന് ജോ ബൈഡന്‍ പറഞ്ഞു. ഇതിനിടെ സംവാദം നിയന്ത്രിക്കുന്ന ക്രിസ് വാലസ് അങ്ങിനെയങ്കില്‍ എന്ന് പുറത്തുവിടുമെന്ന് കൃത്യമായി പറയാമോ എന്ന് ട്രംപിനോട് ചോദിച്ചു. നിങ്ങള്‍ അതറിഞ്ഞുകൊള്ളുമെന്ന് ട്രംപ് മറുപടി പറഞ്ഞപ്പോഴാണ് ബൈഡന്‍ ഇന്‍ഷാ അള്ളാ എന്ന് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഇന്‍ഷാ അള്ളാ ട്വിറ്ററിലും നിരവധി പേര്‍ ഏറ്റെടുത്തത്.

ഡെമോക്രാറ്റിക്ക് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ തന്റെ ഇന്‍കം ടാക്‌സ് റിട്ടേണുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ ട്രംപ് ഇന്‍കം ടാക്‌സുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടാത്തതില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ പത്ത് വര്‍ഷവും ട്രംപ് ടാക്‌സ് അടച്ചിട്ടില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. രണ്ട് ദശാബ്ദത്തിനിടയില്‍ ട്രംപ് അടച്ച നികുതി സംബന്ധിച്ച വിവരങ്ങളാണ് ന്യൂയോര്‍ക്ക് ടൈംസ് പുറത്ത് വിട്ടത്.