കൊല്ലം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാതെ കൊല്ലം പന്മന സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ വേണു മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ആശുപത്രികളുടെ ഗുരുതര വീഴ്ചകള്‍ അക്കമിട്ട് നിരത്തി അന്വേഷണ റിപ്പോര്‍ട്ട്. ഡി.എം.ഇ നിയോഗിച്ച വിദഗ്ധസംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ചവറ സി.എച്ച്.സി മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിവരെ ഉണ്ടായ ചികിത്സാ പിഴവുകള്‍ വിശദമായി രേഖപ്പെടുത്തിയിരിക്കുന്നത്.
ഹൃദ്രോഗബാധയുമായി അടിയന്തര ചികിത്സ തേടിയെത്തിയ വേണുവിന് ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്ന കുടുംബത്തിന്റെ പരാതിയും വേണുവിന്റെ ശബ്ദ സന്ദേശങ്ങളും ശരിവയ്ക്കുന്നതാണ് റിപ്പോര്‍ട്ട്. ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കാതെ മെഡിക്കല്‍ വാര്‍ഡിലാക്കിയതും ചികിത്സ തുടങ്ങുന്നതില്‍ ഉണ്ടായ താമസവും നിര്‍ണായക വീഴ്ചകളായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ചവറ സി.എച്ച്.സിയില്‍ രോഗം കൃത്യമായി കണ്ടെത്താനായില്ലെങ്കിലും മുന്‍ രോഗാവസ്ഥ കണക്കിലെടുത്ത് സി.ടി സ്‌കാന്‍ സൗകര്യമുള്ള കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ ചവറയില്‍ തന്നെ രണ്ട് മണിക്കൂറോളം സമയം നഷ്ടമായി. ജില്ല ആശുപത്രിയില്‍ ഹൃദയാഘാതം സ്ഥിരീകരിച്ചെങ്കിലും സി.ടി സ്‌കാന്‍ എടുക്കുന്നതിനും റിപ്പോര്‍ട്ട് ലഭിക്കുന്നതിനും റഫര്‍ ചെയ്യുന്നതിനും വൈകിയതായും അന്വേഷണ സംഘം കണ്ടെത്തി. ആംബുലന്‍സ് ലഭിക്കാന്‍ പോലും താമസമുണ്ടായി.
മെഡിക്കല്‍ കോളജില്‍ ഹൃദയാഘാതം സ്ഥിരീകരിച്ച റിപ്പോര്‍ട്ടുമായി എത്തിയ വേണുവിനെ കാര്‍ഡിയോളജി ഐ.സി.യുവിലോ വാര്‍ഡിലോ പ്രവേശിപ്പിക്കാതെ ആളുകള്‍ നിറഞ്ഞ മെഡിക്കല്‍ വാര്‍ഡിലാണ് പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തില്‍ കാര്‍ഡിയോളജി ഡോക്ടര്‍ പരിശോധിച്ചെങ്കിലും വാര്‍ഡില്‍ ചികിത്സ ആരംഭിക്കാന്‍ വൈകിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹൃദയാഘാതം ഉണ്ടായാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ആന്‍ജിയോപ്ലാസ്റ്റി നല്‍കേണ്ടതുണ്ടെങ്കിലും വൈകി എത്തിച്ചതിനാലാണ് അടിയന്തരമായി ശസ്ത്രക്രിയ നടത്താനായില്ലെന്നായിരുന്നു മെഡിക്കല്‍ കോളജിന്റെ വിശദീകരണം. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ ആന്‍ജിയോപ്ലാസ്റ്റി നടത്താമെന്ന് അറിയിച്ചിരുന്നുവെന്നാണ് വേണുവിന്റെ ഭാര്യ സിന്ധു നല്‍കിയ മൊഴി. ഇതില്‍ വ്യക്തമായ ആശയവിനിമയക്കുറവുണ്ടായതായും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
മെഡിക്കല്‍ കോളജില്‍ സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോകോള്‍ പാലിച്ചതായി റിപ്പോര്‍ട്ട് പറയുമ്പോഴും, കൊല്ലം ജില്ലാ ആശുപത്രിയില്‍ തന്നെ സമയബന്ധിതമായി ആന്‍ജിയോപ്ലാസ്റ്റി നടത്തിയിരുന്നെങ്കില്‍ വേണുവിന്റെ ജീവന്‍ രക്ഷിക്കാനാകുമായിരുന്നുവെന്നും അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയിട്ടും ജീവനക്കാര്‍ക്കെതിരെ നടപടികള്‍ ശിപാര്‍ശ ചെയ്തിട്ടില്ല; പരിശീലനം നല്‍കണമെന്ന് മാത്രമാണ് നിര്‍ദ്ദേശം.