അങ്കാറ: തുര്‍ക്കിയില്‍ നിലനില്‍ക്കുന്ന അടിയന്തരാവസ്ഥ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പിന്‍വലിക്കുമെന്ന് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് എര്‍ദോഗന്‍ പറഞ്ഞു. ഈ മാസം 24നാണ് തുര്‍ക്കിയില്‍ തെരഞ്ഞെടുപ്പ്. പ്രസിഡണ്ട്, നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തില്‍ നിന്നും ശക്തമായ മത്സരം നേരിടുന്ന സാഹചര്യത്തിലാണ് റജബ് ത്വയ്യിബ് എര്‍ദോഗന്റെ ഭാഗത്തു നിന്നും ഇത്തരമൊരു പ്രസ്താവന ഉണ്ടായിരിക്കുന്നത്. നേരത്തെ രാജ്യത്തിന് നേരെയുള്ള തീവ്രവാദ ഭീഷണി അവസാനിക്കും വരെ അടിയന്തരാവസ്ഥ തുടരുമെന്നായിരുന്നു റജബ് ത്വയിബ് പറഞ്ഞിരുന്നത്.

തെരഞ്ഞെടുപ്പിനുശേഷം വിശദമായി അടിയന്തരാവസ്ഥയെക്കുറിച്ച് പരിശോധിക്കുകയും. അത് നീക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യും- ടി.വി ഇന്റര്‍വ്യൂവില്‍ റജബ് ത്വയ്യിബ് എര്‍ദോഗന്‍ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് റജബിന്റെ ഇന്റര്‍വ്യൂ ചാനല്‍ സംപ്രേഷണം ചെയ്തത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷമുള്ള തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിനു മുമ്പില്‍ പ്രസിഡണ്ടിന്റെ പാര്‍ട്ടിയായ ജസ്റ്റിസ് ആന്റ് ഡെവലപ്പ്‌മെന്റ് പാര്‍ട്ടി പരാജയപ്പെടുമെന്ന് വിദഗ്ധരുടെ അഭിപ്രായപ്പെട്ടിരുന്നു.

റജബ് ത്വയിബ് എര്‍ദോഗനെ പുറത്താക്കാന്‍ 2016ല്‍ തുര്‍ക്കിയില്‍ നടന്ന അട്ടിമറി പരാജയപ്പെട്ടതിനു പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥ നിലവില്‍ വന്നതോടെ ജഡ്ജിമാരും പട്ടാളക്കാരും പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ രണ്ടായിരത്തിലേറെ ആളുകളെ അറസ്റ്റു ചെയ്തു ജയിലില്‍ അടച്ചിരുന്നു. കൂടാതെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും ആയിരക്കണക്കിന് ജീവനക്കാരെ പുറത്താക്കുകയും ചെയ്തു.

വിമര്‍ശകരുടെ വായടപ്പിക്കാന്‍ വേണ്ടിയാണ് എര്‍ദോഗന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. 2003ല്‍ പ്രധാനമന്ത്രിയായാണ് എര്‍ദോഗന്‍ തുര്‍ക്കി രാഷ്ട്രീയത്തില്‍ മേധാവിത്വം തുടങ്ങിയത്. 2003 മുതല്‍ 2014 വരെ അദ്ദേഹം പ്രധാനമന്ത്രിയായ തുടര്‍ന്നു. പിന്നീട് 2014ല്‍ തന്നെ രാജ്യത്തിന്റെ പ്രസിഡണ്ട് പദവിയിലെത്തുകയായിരുന്നു.