ഇസ്തംബൂള്‍: തുര്‍ക്കി ചരിത്രത്തിലെ നിര്‍ണായകമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പൊതു തെരഞ്ഞെടുപ്പ് നാളെ. പ്രസിഡന്റ്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒന്നിച്ചാണ് നടക്കുന്നത്. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ച ഇടക്കാല തെരഞ്ഞെടുപ്പിന്റെ ഫലം അദ്ദേഹത്തിന് അനുകൂലമാകുമെന്നാണ് റിപ്പോര്‍ട്ട്. 2019 വരെ ഭരണകൂടത്തിന് കാലാവധി ഉണ്ടായിരുന്നെങ്കിലും പാര്‍ലമെന്റിലും ഭരണത്തിലും കൂടുതല്‍ പിടിമുറുക്കാന്‍ ഉര്‍ദുഗാന്‍ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.

ഉര്‍ദുഗാന്റെ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ്(എ.കെ.പി) പാര്‍ട്ടി വലിയ പ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 2016 ജൂലൈ 15ലെ പരാജയപ്പെട്ട പട്ടാള അട്ടിമറിക്ക് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഇതിനുണ്ട്. അരലക്ഷത്തിലേറെ പേരെ അറസ്റ്റ് ചെയ്തും ഒന്നര ലക്ഷത്തിലേറെ പേരെ ജോലിയില്‍നിന്ന് പുറത്താക്കിയും അട്ടിമറിക്കാരുടെ വേരുകള്‍ അറുത്തുമാറ്റിയ ഉറുദുഗാന്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ കൂടിയായിരിക്കും തെരഞ്ഞെടുപ്പ് ഫലം.

കഴിഞ്ഞ വര്‍ഷം പ്രസിഡന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി ഭരണഘടന ഭേദഗതി ചെയ്തത് ജനം എങ്ങനെ സ്വീകരിച്ചുവെന്നതും ഫലത്തില്‍ പ്രതിഫലിക്കും. പാശ്ചാത്യ അനുകൂല റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി(സി.എച്ച്.പി)യുടെ മുഹറം ഐന്‍സാണ് ഉര്‍ദുഗാന്റെ മുഖ്യ എതിരാളി. മുന്‍ അധ്യാപകനും പാര്‍ലമെന്റംഗവുമായ അദ്ദേഹം ഭരണകക്ഷിക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

തീവ്ര ദേശീയവാദി പാര്‍ട്ടിയായ എം.എച്ച്.പി.യുടെ മെറല്‍ അക്‌സെനറും ശക്തമായി രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുര്‍ദ് അനുകൂല പാര്‍ട്ടിയായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(എച്ച്.ഡി.പി)യും പ്രചാരണ രംഗത്ത് സജീവമായിരുന്നു. സലാഹുദ്ദീന്‍ ദെമിര്‍തസാണ് അവരുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. ജയിലിലടക്കപ്പെട്ട സലാഹുദ്ദീന്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രചാരണം നടത്തുന്നത്. യുവാക്കളുടെയും നിഷ്പക്ഷ വോട്ടര്‍മാരുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് പാര്‍ട്ടിയുടെ അവകാശവാദം.

കുര്‍ദിഷ് വോട്ടുകള്‍ എച്ച്.ഡി.പിയില്‍ കേന്ദ്രീകരിക്കുമോ എന്നും രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നുണ്ട്. ഇതുവരെ കുര്‍ദ് വോട്ടുകള്‍ പല പാര്‍ട്ടികള്‍ക്കിടയില്‍ വിഭജിക്കപ്പെട്ടിരിക്കുകയായിരുന്നു. ഭരണകക്ഷി തന്നെ ഭയപ്പെടുന്നതുകൊണ്ടാണ് ജയിലിലടച്ചിരിക്കുന്നതെന്ന് സലാഹുദ്ദീന്‍ പറയുന്നു.

ആര്‍ക്കും 50 ശതമാനം വോട്ടുകള്‍ കിട്ടാതെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് കടന്നാല്‍ ഉര്‍ദുഗാനെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് താന്‍ പിന്തുണ നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഉറപ്പാക്കാനാണ് ഉര്‍ദുഗാന്റെ ശ്രമം. എച്ച്.ഡി.പി 10 ശതമാനത്തിലേറെ വോട്ടുകള്‍ സ്വന്തമാക്കിയാല്‍ പാര്‍ലമെന്റില്‍ ഉര്‍ദുഗാന്റെ സ്വപ്‌നത്തിന് മങ്ങലേല്‍ക്കുമെന്ന് അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നു.