ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റിട്ടതിനെ ചൊല്ലി കായംകുളം എം.എല്‍.എ യു പ്രതിഭക്കെതിരെ സൈബര്‍ ആക്രണം. കമന്റിനു നിരവധിപേരാണ് വാദപ്രതിവാദങ്ങളുമായി എത്തിയിരുന്നത്. രണ്ടു ദിവസമായിട്ടും ഇതിനോട് പ്രതികരിക്കാതിരുന്ന എം.എല്‍.എ ഇപ്പോള്‍ പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

കായംകുളം താലൂക്ക് ആശുപത്രിയുടെ പേരില്‍ നിര്‍ദ്ദോഷപരമായ ഒരു കമന്റ് ഇട്ടത് പാര്‍ട്ടിക്കാര്യം എന്ന് ചിലര്‍ ദുര്‍വ്യാഖ്യാനങ്ങള്‍ നടത്തുകയായിരുന്നുവെന്ന് എം.എല്‍.എ പറഞ്ഞു. വ്യാജസഖാക്കളാണ് ഇതിനു പിന്നില്‍. തന്റെ കുടുംബജീവിതത്തെപ്പറ്റി വരെ കമന്റുകളിട്ടവരാണ് പലരും. അവരെയൊക്കെ സഖാവ് എന്ന് സംബോധന ചെയ്യാന്‍ താന്‍ അറയ്ക്കും. സഖാവ് എന്ന വാക്കിന് അവര്‍ അര്‍ഹരും അല്ല. സൈബര്‍ ഗുണ്ടായിസം എന്നല്ലാതെ എന്താണ് ഇതിനൊക്കെ പറയേണ്ടതെന്നും കൂടുതല്‍ പറയുന്നില്ലെന്നും പ്രതിഭ പറഞ്ഞു. എന്നാല്‍ ഈ പോസ്റ്റിനു താഴെയും നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കായംകുളം താലൂക്ക് ആശുപത്രിയുടെ പേരില്‍ നിര്‍ദ്ദോഷപരമായ ഒരു കമന്റ് ഇട്ടതിനു് എന്തൊരു ആക്രമണം ആയിരുന്നു. മണ്ഡലത്തിലെ വികസനത്തെ പാര്‍ട്ടി സംഘടനകാര്യം എന്ന രീതിയില്‍ ദുര്‍വ്യാഖ്യാനത്തോടെ നടത്തിയ gang attack ഒക്കെ മനസ്സിലാക്കാന്‍ കഴിയും. മണ്ഡലത്തിലെ വികസന കാര്യത്തെക്കുറിച്ച് Sportsman Spirit ല്‍ പറഞ്ഞ കാര്യങ്ങള്‍ എതിര്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ കുറച്ച് പേര്‍ ആഘോഷമാക്കിയപ്പോ കുറച്ച് വ്യാജസഖാക്കള്‍ നന്നായി അതിനെ കൊഴുപ്പിച്ചു. അയ്യോ എന്റെ അക്കൗണ്ട് വരെ പൂട്ടിക്കും എന്ന് പറഞ്ഞവരുണ്ട്. (പേടിച്ച് പനിയായി കിടപ്പിലാരുന്നു ).. വ്യക്തിപരമായി ചിലര്‍ക്കൊക്കെ ചില്ലറ വിരോധമൊക്കെ ഉണ്ട് എന്ന് ചില കമന്റിലൂടെ മനസ്സിലായി. എന്റെ കുടുംബ ജീവിതം വരെ ചില കമന്റില്‍ പരാമര്‍ശിച്ചത് കണ്ടു. അവരെയൊക്കെ സഖാവ് എന്ന് സംബോധന ചെയ്യാന്‍ ഞാന്‍ അറയ്ക്കും. സഖാവ് എന്ന വാക്കിന് അവര്‍ അര്‍ഹരും അല്ല. സൈബര്‍ ഗുണ്ടായിസം എന്നല്ലാതെ എന്താണ് ഇതിനൊക്കെ പറയേണ്ടത്… കൂടുതല്‍ പറയുന്നില്ല. ഇവിടെ നിര്‍ത്തുന്നു.