ലക്‌നോ: ഉത്തര്‍പ്രദേശില്‍ അഭ്യന്തര വകുപ്പ് ആര് ഭരിക്കുമെന്ന് തര്‍ക്കത്തില്‍ ഉലഞ്ഞ് ബിജെപി സര്‍ക്കാര്‍. ആഭ്യന്തര വകുപ്പ് വിട്ടു നല്‍കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എന്നാല്‍ വകുപ്പ് സ്വന്തമാക്കുന്നതിന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരിയും കരുക്കള്‍ നീക്കാന്‍ ആരംഭിച്ചിട്ടുണ്ട്. വകുപ്പു വിഭജനം സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ന്യൂഡല്‍ഹിയിലെത്തി കൂടിക്കാഴ്ച നടത്തി. മുതിര്‍ന്ന പാര്‍ട്ടി നേതാവ് അമിത് ഷായുമായും അരുണ്‍ ജെയ്റ്റ്‌ലിയുമായും യോഗി ചര്‍ച്ച നടത്തും.
അവസാന നിമിഷം വരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്ന കേശവ് പ്രസാദ് മൗര്യയെ പിന്തള്ളിയാണ് യോഗിയെ മുഖ്യമന്ത്രിയാക്കിയത്. അതിനാല്‍ ആഭ്യന്തരം ഉപമുഖ്യമന്ത്രിക്കു നല്‍കണമെന്നാണ് കേശവ് അനുകൂലികളുടെ ആവശ്യം. ഇക്കാര്യമുന്നയിച്ച് കേശവ് അനുകൂലികള്‍ നഗരത്തില്‍ പ്രകടനം വരെ നടത്തുകയും ചെയ്തു. എന്നാല്‍ യു.പിയെ പോലുള്ള ഒരു സംസ്ഥാനത്ത് ക്രമസമാധാനം അതീവ പ്രാധാന്യമുള്ള വിഷയമാണെന്നും അതിനാല്‍ ആഭ്യന്തരം കൈയാളുന്നത് മുഖ്യമന്ത്രി തന്നെയായിരിക്കണമെന്നാണ് യോഗി ആദിത്യനാഥിന്റെ നിലപാട്.