kerala

ആന്റണി രാജുവിനെ മന്ത്രിയാക്കരുതെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു; വി.ഡി. സതീശന്‍

By sreenitha

January 03, 2026

കട്ടപ്പന: തൊണ്ടിമുതല്‍ മോഷണക്കേസില്‍ പ്രതിയായ ആന്റണി രാജുവിനെ മന്ത്രിയാക്കരുതെന്ന് പ്രതിപക്ഷം നേരത്തെ തന്നെ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. കേസ് നിലനില്‍ക്കുന്നതറിഞ്ഞിട്ടും പിണറായി വിജയന്‍ ആന്റണി രാജുവിനെ മന്ത്രിയാക്കിയതാണെന്നും അദ്ദേഹം ആരോപിച്ചു.

ലഹരിമരുന്ന് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന വിദേശിയെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം കൈക്കലാക്കി വെട്ടിച്ചുരുക്കി കൃത്രിമം കാട്ടിയെന്നാണ് ആന്റണി രാജുവിനെതിരായ കേസെന്ന് സതീശന്‍ വ്യക്തമാക്കി. അത്രയും ഗുരുതരമായ കേസിലെ പ്രതിയെ രണ്ടര വര്‍ഷത്തോളം മന്ത്രിയായി നിലനിര്‍ത്തിയതിലൂടെ സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിയായ വിദേശിയെ വെറുതെ വിട്ട കേസില്‍ കോടതിക്ക് സംശയം തോന്നിയതിനെ തുടര്‍ന്നാണ് തെളിവ് നശിപ്പിച്ചതിന് പിന്നീട് കേസെടുത്തതെന്നും, പ്രതികളെ സംരക്ഷിക്കല്‍ എല്‍.ഡി.എഫും സി.പി.എമ്മും ഇപ്പോഴും തുടരുകയാണെന്നും സതീശന്‍ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികളെയും സി.പി.എം സംരക്ഷിക്കുകയാണെന്നും, കൊള്ളക്കാര്‍ക്ക് കുടപിടിക്കുന്ന സര്‍ക്കാരാണിതെന്നതിന്റെ മറ്റൊരു തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫിലെ ഘടകകക്ഷികളുമായി ഇതുവരെ ചര്‍ച്ച ആരംഭിച്ചിട്ടില്ലെന്നും, ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങുമെന്നും സതീശന്‍ പറഞ്ഞു. മാധ്യമങ്ങള്‍ കുത്തിത്തിരിപ്പ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്നും, നിലവില്‍ കുത്തിത്തിരിപ്പിന് കൂടുതല്‍ സാധ്യത എല്‍.ഡി.എഫിലാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു വശത്ത് ഐക്യത്തോടെ നില്‍ക്കുന്ന ടീം യു.ഡി.എഫും, മറുവശത്ത് ശിഥിലമായ എല്‍.ഡി.എഫുമാണുള്ളതെന്നും വിമര്‍ശിച്ചു.

തൊടുപുഴയിലെ ബാങ്കില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ മരിച്ചപ്പോള്‍ ഭാര്യയ്ക്ക് നല്‍കിയ ചെറിയ ജോലിയില്‍ നിന്ന്, യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി മകന്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അവരെ പിരിച്ചുവിട്ടത് സി.പി.എമ്മിന്റെ അധപതനം വ്യക്തമാക്കുന്നതാണെന്നും, ആ കുടുംബത്തിന് എല്ലാ വിധ സഹായവും കോണ്‍ഗ്രസും യു.ഡി.എഫും നല്‍കുമെന്നും വി.ഡി. സതീശന്‍ അറിയിച്ചു.