Connect with us

News

ഇതര ഗള്‍ഫ് രാജ്യങ്ങളിലെ വാഹനങ്ങള്‍ക്ക് സൗദിയില്‍ 90 ദിവസത്തില്‍ കൂടുതല്‍ തങ്ങാന്‍ അനുവാദമില്ല

മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് 90 ദിവസത്തില്‍ കൂടുതല്‍ സൗദിഅറേബ്യയില്‍ തങ്ങാന്‍ അനുവാദമുണ്ടായിരിക്കുകയില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Published

on

റിയാദ്: മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് 90 ദിവസത്തില്‍ കൂടുതല്‍ സൗദിഅറേബ്യയില്‍ തങ്ങാന്‍ അനുവാദമുണ്ടായിരിക്കുകയില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഇതര ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും സൗദിഅറേബ്യയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ ഒരുവര്‍ഷത്തില്‍ ആകെ 90 ദിവസം മാത്രമെ രാജ്യത്ത് തങ്ങാന്‍ ്അനുമതി ഉണ്ടായിരിക്കുകയുള്ളു. ഈ കാലയളവ്, തുടര്‍ച്ചയായതോ അല്ലാത്തതോ ആയിരുന്നാലും നിയമം ഒരുപോലെ ബാധകമാണ്. സൗദിയിലെ ഏത് അതിര്‍ത്ഥി മുഖേന രാജ്യത്ത് പ്രവേശിച്ചാലും ആ തീയതി മുതല്‍ ദിവസം കണക്കാക്കിത്തുടങ്ങും.

സൗദി മന്ത്രിമാരുടെ കൗണ്‍സില്‍ രാജ്യത്തിനുള്ളിലെ ജിസിസി രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ തങ്ങല്‍ നിയന്ത്രിക്കുന്ന ചട്ടങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ഇത്തരം വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും രജിസ്‌ട്രേഷന്‍ ഇല്ലാതെ ദീര്‍ഘകാലത്തേക്ക് വാഹനങ്ങള്‍ അവശേഷിക്കുന്നതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇതുസംബന്ധിച്ച നിയമം പുറപ്പെടുവിച്ചിട്ടുള്ളത്.

സൗദി പൗരന്റെയോ പ്രവാസിയുടെയോ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്കോ രാജ്യത്തിനുള്ളില്‍ വാഹനങ്ങള്‍ ഓടിക്കാന്‍ അധികാരമുള്ളവര്‍ക്കോ ഈ നിയന്ത്രണങ്ങള്‍ ബാധകമാണ്. എന്നാല്‍ ജിസിസി രാജ്യങ്ങളിലെ ലൈസന്‍സുള്ള സ്ഥാപനങ്ങളില്‍ നിന്ന് വാടകയ്ക്കെടുത്ത വാഹനങ്ങള്‍ക്ക് നിയമം ബാധകമല്ല.

അതേസമയം അനുവദനീയമായ കാലാവധി അവസാനിക്കുന്നതിന് മുമ്പ് സമയം നീട്ടിക്കിട്ടാന്‍ ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിക്കാന്‍ വാഹന ഉടമയ്ക്കോ അംഗീകൃത ഡ്രൈവര്‍ക്കോ അനുവാദമുണ്ട്. ആവശ്യമായ രേഖകളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാല്‍ മന്ത്രാലയം അതിന്റെ വിവേചനാധികാരത്തില്‍ അപേക്ഷയില്‍ തീരുമാനമെടുക്കും.

main stories

വയനാട്ടില്‍ പുതുപുലരി; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

ഇരുള്‍മുറ്റി നിന്ന അകത്തളത്തില്‍ പ്രകാശ രശ്മികള്‍ എത്തിനോക്കുന്ന പ്രതീതി. നൂറുകണക്കിനാളുകള്‍ക്ക് മുന്‍പില്‍ പ്രതീക്ഷയുടെ പൊന്‍കിരണമുദിക്കുന്ന ദിനമായിരിക്കുമിന്ന് .

Published

on

By

ഇന്ന് ഹൃദയത്തില്‍ നല്ല കുളിരനുഭവപ്പെടുന്നു. നെഞ്ചില്‍ കട്ടപിടിച്ചു കിടന്നിരുന്ന വേദന ഉരുകിത്തീരുന്നതുപോലെ. ഇരുള്‍മുറ്റി നിന്ന അകത്തളത്തില്‍ പ്രകാശ രശ്മികള്‍ എത്തിനോക്കുന്ന പ്രതീതി. നൂറുകണക്കിനാളുകള്‍ക്ക് മുന്‍പില്‍ പ്രതീക്ഷയുടെ പൊന്‍കിരണമുദിക്കുന്ന ദിനമായിരിക്കുമിന്ന് . ഒരു പുതുപുലരി, പുതു ജീവിതം നാമ്പിടുന്നതുപോലെ… മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്കായി മുസ്ലിംലീഗ് നിര്‍മിച്ച ഭവനങ്ങള്‍ ഇന്ന് കൈമാറുകയാണ്.

51 കുടുംബങ്ങള്‍ക്ക് ഇന്ന് മുതല്‍ സ്വഭവനങ്ങളില്‍ അന്തിയുറങ്ങാം. ഉരുള്‍പൊട്ടലിന്റെ പ്രകമ്പനങ്ങള്‍ മനസില്‍ നിന്നിറക്കിവെച്ച് അവര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ആഗ്രഹിക്കുന്നു. വാടകവീടുകളിലും ബന്ധുവീടുകളിലും കഴിഞ്ഞിരുന്ന കുടുംബങ്ങള്‍ ഇനി സ്വന്തം വീടുകളില്‍ താമസിക്കും. നമ്മെ പോലെ തന്നെ പ്രൗഢിയുള്ള ഭവനങ്ങളില്‍ കുടുംബസമേതം കഴിഞ്ഞിരുന്ന ജനങ്ങള്‍ വീണ്ടും സ്വന്തം ഭവനങ്ങളിലേക്ക് തിരികെ കാലെടുത്തുവെക്കുകയാണ്.

അന്തസും ആത്മാഭിമാനവുമുള്ള ആ ജനത ഭംഗിയും സൗകര്യങ്ങളു മുള്ള വീടുകളിലേക്ക് തിരിച്ചുപോകുന്നു. ഒരുവര്‍ഷക്കാലമായി ഏറ്റവുമധികം ആഗ്രഹിക്കുകയും കാത്തിരിക്കുകയും ചെയ്തിരുന്ന നിമിഷത്തിലാണ് എല്ലാ മുസ്ലിംലീഗ് പ്രവര്‍ത്തകരും. ജനങ്ങള്‍ പാര്‍ട്ടിയിലര്‍പ്പിച്ച വിശ്വാസമായിരുന്നു നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധനം. അത് കാത്തുസൂക്ഷിക്കാന്‍ സാധിച്ചുവെന്നതില്‍ ഏറെ അഭിമാനം തോ ന്നുന്നു.

പാര്‍ട്ടി പ്രഖ്യാപിച്ച 105 വീടുകളിലേക്കെത്താന്‍ ഇനിയും 54 വീടുകള്‍ കൂടി വേണം. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ നമ്മള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. വീടുകള്‍ ഭംഗിയായി തന്നെ പൂര്‍ത്തീകരിച്ചു നല്‍കാന്‍ നമ്മള്‍ സമാഹരിച്ച തുക തികയാത്ത സാഹചര്യമാണ് നിലവിലുള്ളത്. സര്‍ക്കാര്‍ നല്‍കാത്തതിനാല്‍ ഭൂമി പണം നല്‍കി വാങ്ങേണ്ടതുകൊണ്ടുണ്ടായ അപ്രതീക്ഷിത ചെലവും നിര്‍മാണ സാമഗ്രികളുടെ വിലവര്‍ധനവും വലിയ പ്രതി സന്ധിയായി.

എങ്കിലും മെയ് മാസത്തോടെ ഭവന നിര്‍മാണം പൂര്‍ത്തീകരിച്ച് ഉടമസ്ഥര്‍ക്ക് കൈമാറാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിനിയും ഉദാരമതികളുടെ സഹായവും പിന്തുണയും വേണം. ഈ റമസാന്‍ മാസം നമുക്ക് അവര്‍ക്കായല്‍പം മാറ്റിവെക്കാം. സ്വപ്ന സാക്ഷാത്കാരത്തിനായി ഇനിയും പ്രയത്‌നിക്കാം. ദുരന്തം നടന്ന 2024 ജൂലൈ 30 മുതല്‍ തുടങ്ങിയതാണ് മുസ്ലിം ലീഗിന്റെ ഇടപെടലുകള്‍. രക്ഷാദൗത്യത്തിലും പുനരധിവാസത്തിലും സജീവമായിരുന്നു നമ്മള്‍.

പ്രതിസന്ധിഘട്ടത്തില്‍ നാം ഒരേ മനസോടെ പ്രവര്‍ത്തിച്ചു. ആദ്യ മണിക്കൂറുകളില്‍ തന്നെ വയനാട്ടിലേക്ക് ഹരിത മനസുള്ളവര്‍ ഒഴുകി. അധികൃതര്‍ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. മൃതദേഹങ്ങള്‍ സൂക്ഷിക്കാനും, ആശുപ ത്രികളിലേക്ക് മാറ്റാനുമാവശ്യമായ ഫ്രീസറുകളും ആംബുലന്‍സുകളുമെത്തിച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം കലക്ടര്‍മാര്‍ ആവശ്യപ്പെട്ടതുപ്രകാരം സി.എച്ച് സെന്ററുകള്‍, ശിഹാബ് തങ്ങള്‍ സെന്ററുകള്‍, പൂക്കോയ തങ്ങള്‍ ഹോസ് പീസുകള്‍, തുടങ്ങി മുസ്ലിം ലീഗിന്‍ന്റെ കീഴിലുള്ള സേവന സന്നദ്ധ സംഘടനകളുടെ ആംബുലന്‍സുകള്‍ വയനാട്ടിലേക്കും നിലമ്പൂരിലേക്കും ഓടിയെത്തി. യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാര്‍ സേവന സന്നദ്ധരായി രംഗത്തിറങ്ങി.

ദുരിതത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ മസ്ലിംലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഉപസമിതിയുണ്ടാക്കി. പി.കെ ബഷീര്‍ എം.എല്‍.എ. മുന്‍ എം.എല്‍.എ സി മമ്മുട്ടി, മുസ്ലിംലീഗ് വയനാട് ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ്. യൂത്ത് ലീഗ് നേതാക്കളായ പി.കെ ഫിറോസ്, ഇസ്മായില്‍ വയനാട്, ടി.പി.എം ജിഷാന്‍ എന്നിവരെല്ലാം ചേര്‍ന്ന കമ്മിറ്റി ദുരിത ബാധിതരെ നേരില്‍ കണ്ട് ആവശ്യങ്ങള്‍ ആരാഞ്ഞു, അത് കൃത്യമായി നേതൃത്വത്തെ അറിയിച്ചു.കുത്തിയൊഴുകിയ ഉരുള്‍ 453 ജീവനുകളായിരുന്നു കവര്‍ന്നത്.

നിരവധി കുടുംബങ്ങളെ അനാഥത്വത്തിലേക്ക് വലിച്ചെറിയുകയും ചെയ്തു. അട്ടമലയിലെ 302 കുടുംബങ്ങളെയും മുണ്ടക്കൈയിലെ 224 കുടുംബങ്ങളെയും ചൂരല്‍മലയിലെ 483 കുടുംബങ്ങളെയുമാണ് ദുരന്തം നേരിട്ട് ബാധിച്ചത്. നിരവധി വീടുകള്‍ തകര്‍ന്നു. ജീവനോപാധികള്‍ മലവെള്ളപ്പാച്ചിലെടുത്തു. കണ്ണീരും കൈയ്യുമായി ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിയവര്‍ക്ക് അവശ്യസാധനങ്ങളെത്തിക്കാന്‍ മുസ്ലിംലീഗ് മുന്നില്‍ നിന്നു. പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ഏറെയുള്ള വയനാട്ടില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്നത് ചെറിയ കാര്യമായിരുന്നില്ല.

അവിടുത്തെ എല്ലാ കാര്യങ്ങളിലും പാര്‍ട്ടിയുടെ കൈയൊപ്പുണ്ടായിരുന്നു. ചെളിയില്‍ ആഴ്ന്നുപോയ മൃതദേഹങ്ങള്‍ പുറത്തെടുക്കാനും കുളിപ്പിക്കാനും അവരെ സംസ്‌കരിക്കാനും തുടങ്ങി എല്ലാത്തിലും മുസ്ലിംലീഗ്, യൂത്ത് ലീഗ്, വനിതാലീഗ്, എം.എസ്.എഫ് പ്രവര്‍ത്തകര്‍ കര്‍മോത്സുകരായി. ദുരിതാശ്വാസ കേന്ദ്രങ്ങളിലും സേവനസന്നദ്ധ പ്രവര്‍ത്തകര്‍ക്കും വൈറ്റ്ഗാര്‍ഡ് ഭക്ഷണം വിളമ്പി. പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കാനും പരിപാലിക്കാനും പൂക്കോയ തങ്ങള്‍ ഹോസ്പീസ്, സി.എച്ച് സെന്റര്‍, ശിഹാബ് തങ്ങള്‍ സെന്റര്‍ വളണ്ടിയര്‍മാരും എം.എസ്.എ ഫ് മെഡിഫെഡ് പ്രവര്‍ത്തകരുമുണ്ടായിരുന്നു.

രക്ഷാസംഘം ദൗത്യമവസാനിപ്പിച്ച് ചുരമിറങ്ങിയപ്പോള്‍ മുസ്ലിംലീഗ് സഹായവുമായി വീണ്ടും ചുരം കയറി ദുരന്തബാധിതരായ 691 കുടുംബങ്ങള്‍ക്ക് 15000 രൂപ വീതം അടിയന്തിര ധനസഹായം നല്‍കി. വ്യാപാര സ്ഥാപനങ്ങള്‍ നഷ്ടപ്പെട്ട 56 കച്ചവടക്കാര്‍ക്ക് 50000 രൂപയും ടാക്സി ജീപ്പ് നഷ്ടപ്പെട്ട നാലുപേര്‍ക്ക് ജീപ്പും ഓട്ടോറിക്ഷ നഷ്ടപ്പെട്ട മൂന്നുപേര്‍ക്ക് ഓട്ടോയും സ്‌കൂട്ടറുകളും നല്‍കി അവരെ ചേര്‍ത്തു പിടിച്ചു. റമസാനിലും മറ്റു വിശേഷാവസരങ്ങളിലും പാര്‍ട്ടി കിറ്റുകളെത്തിച്ചു. ദുരിതബാധിത മേഖലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജി.സി.സിയിലെ വിവിധ കമ്പനികള്‍ തൊഴില്‍ നല്‍ക്കുന്ന പദ്ധതി നടപ്പിലാക്കി.

ദുരിതബാധിതരുടെ പുനരധിവാസമായിരുന്നു മുസ്ലിംലീഗിന്റെ അടുത്ത ലക്ഷ്യം. ജനങ്ങളുടെ തന്നെ താല്‍പര്യം കണക്കിലെടുത്ത് മേപ്പാടി പഞ്ചായത്തി ലെ തന്നെ തൃക്കൈപറ്റ വില്ലേജില്‍ വെള്ളിത്തോട് പ്രദേശത്ത് മുട്ടില്‍ മേപ്പാടി പ്രധാന റോഡിനോട് 11.12 ഏക്കര്‍ സ്ഥലം വിലക്കുവാങ്ങി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ പലരീതിയില്‍ നോക്കിയിട്ടും കള്ളപ്രചാരണങ്ങള്‍ നടത്തിയിട്ടും മുസ്ലിംലീഗ് തളര്‍ന്നില്ല.

വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളുമായിരുന്നില്ല വേദനമുറ്റിനില്‍ക്കുന്ന ആ മുഖങ്ങളായിരുന്നു നാം കണ്ടത്. പ്രഖ്യാപിച്ചതു പോലെ ഫെബ്രുവരിയില്‍ തന്നെ 1060 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ മുള്ള 51 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. ഇന്ന് അവ നാം അതിന്റെ യഥാര്‍ത്ഥ ഉടമകള്‍ക്ക് സമര്‍പ്പിക്കുകയാണ്. ഈ സ്‌നേഹസമ്മാനം അവരുടെ നോവിനോ നഷ്ടങ്ങള്‍ക്കോ പകരമാവില്ലെന്നറിയാം. ഒഴുക്കിയ കണ്ണുനീരിനേക്കാള്‍ മുല്യവത്തല്ലെന്നുമറിയാം. എങ്കിലും വേദ നകളുടെ ഇരുളില്‍ ഈ സ്‌നേഹോപഹാരം ഒരു ചെറുവെട്ടമെങ്കിലുമാകുമെന്ന് പ്രതീക്ഷിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.

 

Continue Reading

main stories

സ്‌നേഹവാതില്‍ തുറക്കുന്നു

മുസ്‌ലിംലീഗ് മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം; ഭവന കൈമാറ്റം ഇന്ന്

Published

on

By

മുസ്‌ലിംലീഗ് മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസത്തിന്റെ ഭാഗമായ 105 വീടുകളില്‍ 51 വീടുകളുടെ സമര്‍പ്പണം ഇന്ന് നടക്കും. തൃക്കൈപ്പറ്റ വെള്ളിത്തോട് പ്രൊജക്ട് സൈറ്റില്‍ വൈകുന്നേരം 4 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഭവന കൈമാറ്റം നിര്‍വ്വഹിക്കും. എ.ഐ. സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം.പി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. ദേശീയ, സംസ്ഥാന നേതാക്കളും എം.പിമാര്‍, എം.എല്‍.എമാര്‍ ഉള്‍പ്പെടെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കും.

രാജ്യത്തെ നൊമ്പരപ്പെടുത്തിയ ഉരുള്‍ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്കായാണ് മനോഹരമായ വീടുകള്‍ നിര്‍മിച്ചുനല്‍കുന്നത്. മുട്ടില്‍ മേപ്പാടി സംസ്ഥാന പാതയോട് ചേര്‍ന്നാണ് പ്രൊജക്ട് സൈറ്റ്. 8 സെന്റില്‍ 1060 സ്‌ക്വയര്‍ഫീറ്റില്‍ മൂന്ന് ബെഡ്‌റൂമുകളും രണ്ട് ബാത്ത്‌റൂമുകളും അടുക്കള, ഡൈനിങ് ഹാള്‍, വര്‍ക്ക് ഏരിയ, സിറ്റൗട്ട്, ബ്രിക്‌സ് പാകിയ മുറ്റം, മുന്‍വശത്ത് ഏഴ് മീറ്റര്‍ വീതിയില്‍ ടൈല്‍ പാകിയ റോഡ് തുടങ്ങിയ സൗകര്യങ്ങളുമായാണ് വീടുകള്‍ കൈമാറുന്നത്.

കുടിവെള്ളവും വൈദ്യുതിയും ഉറപ്പാക്കും. വീടുകളിലേക്ക് ആവശ്യമായ ശുദ്ധജലത്തിന് കിണര്‍ കുഴിച്ച് കൂറ്റന്‍ ടാങ്ക് സജ്ജീകരിച്ചിട്ടുണ്ട്. വീടുകള്‍ക്കാവശ്യമായ ഫര്‍ണിച്ചറുകളും മുസ്‌ലിംലീഗ് നല്‍കും. ഓരോ വീട്ടുടമക്കും ആവശ്യമെങ്കില്‍ മുകളിലേക്ക് വീട് ഉയര്‍ത്താന്‍ ആവശ്യമായ തറബലത്തോടെയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. പൂച്ചെടികളും വൃക്ഷങ്ങളും നട്ടുപിടിപ്പിച്ച് പദ്ധതി പ്രദേശം ഹരിതാഭമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കുന്ന വീട് വേണ്ടെന്നുവെച്ച് മുസ്‌ലിം ലീഗിന് അപേക്ഷ നല്‍കിയ സര്‍ക്കാര്‍ ലിസ്റ്റിലുള്ളവരെയാണ് ഗുണഭോക്താക്കളായി പരിഗണിച്ചത്. പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ നല്‍കുന്ന വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.

കമ്യൂണിറ്റി ഹാള്‍, പാര്‍ക്ക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും മുസ്‌ലിം ലീഗിന്റെ ഭവന സമുച്ചയത്തില്‍ ഉണ്ടാകും. അങ്കണവാടിക്കും മറ്റും ആവശ്യമായ സ്ഥലസൗകര്യവുമുണ്ട്. മേപ്പാടിയില്‍നിന്ന് അഞ്ച് കിലോമീറ്ററും മുട്ടില്‍ ടൗണില്‍നിന്ന് നാല് കിലോമീറ്ററും സഞ്ചരിച്ചാല്‍ സൈറ്റിലെത്താം. മേപ്പാടി പഞ്ചായത്തില്‍ തന്നെ വീടുകള്‍ വേണമെന്ന ഗുണഭോക്താക്കളുടെ ആവശ്യത്തിന് പരിഗണന നല്‍കിയാണ് വെള്ളിത്തോട് പ്രകൃതി സുന്ദരമായ പ്രദേശത്ത് 11.5 ഏക്കര്‍ ഭൂമി 14,13,21,438 രൂപ ചെലവഴിച്ച് മുസ്‌ലിം ലീഗ് വാങ്ങിയത്.

പ്രൊജക്ട് സൈറ്റിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ സി.ബി.എസ്.ഇ സ്‌കൂള്‍ അടക്കം മൂന്ന് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളും രണ്ട് ഹൈസ്‌കൂളുകളുമുണ്ട്. ഉറ്റവരെ നഷ്ടപ്പെട്ട, കിടപ്പാടമുള്‍പ്പെടെ സകല സമ്പാദ്യങ്ങളും ഒരു രാത്രികൊണ്ട് ഉരുളെടുത്തുപോയ ദുരന്തബാധിതര്‍ക്ക് പുതിയ ജീവിതം സ്വപ്‌നം കാണാനും മുസ്‌ലിംലീഗ് ഒരുക്കിയ മനോഹരങ്ങളായ സ്‌നേഹവീടുകളുടെ വാതിലുകള്‍ ഇന്ന് തുറക്കും.

Continue Reading

News

സ്വര്‍ണവിലയില്‍ അപ്രതീക്ഷിത കുതിപ്പ്; ഈ മാസത്തെ ഉയര്‍ന്ന നിരക്ക് ഇന്ന്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വര്‍ധന രേഖപ്പെടുത്തി.

Published

on

By

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വര്‍ധന രേഖപ്പെടുത്തി. പവന് 2,320 രൂപയും ഗ്രാമിന് 290 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 15,100 രൂപയും പവന് 1,20,800 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.

ഇന്നലെ തന്നെ സ്വര്‍ണവില ഉയര്‍ന്നിരുന്നു. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് കഴിഞ്ഞ ദിവസം വര്‍ധിച്ചത്. അന്ന് ഗ്രാമിന് 14,810 രൂപയും പവന് 1,18,480 രൂപയുമായിരുന്നു വില.

അതേസമയം, വ്യാഴാഴ്ച രാവിലെയും ഉച്ചക്കുമായി സ്വര്‍ണവിലയില്‍ ഇടിവ് ഉണ്ടായിരുന്നതും ശ്രദ്ധേയമാണ്. പവന് മൊത്തം 640 രൂപയാണ് അന്ന് കുറഞ്ഞത്. രാവിലെ 160 രൂപയും ഉച്ചയ്ക്ക് 480 രൂപയുമായിരുന്നു കുറവ്. ഇതോടെ പവന് 1,18,080 രൂപയും ഗ്രാമിന് 14,760 രൂപയുമായിരുന്നു വ്യാഴാഴ്ചത്തെ വില.

ആഗോള വിപണിയിലും സ്വര്‍ണത്തിന് ശക്തമായ മുന്നേറ്റമാണ് ഉണ്ടായത്. സ്പോട്ട് ഗോള്‍ഡ് വില 1.94 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 5,278.1 ഡോളറിലെത്തി. 100.58 ഡോളറാണ് വര്‍ധന. അമേരിക്കന്റെ ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 1.41 ശതമാനം ഉയര്‍ന്ന് 5,267.20 ഡോളറായി. 73 ഡോളറാണ് ഇവിടെ കൂടി ചേര്‍ന്നത്.

ആഗോള വിപണിയിലെ കുതിപ്പാണ് സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരാന്‍ കാരണമായതെന്നാണ് വിപണി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

Continue Reading

Trending