മംഗളൂരു: പശു സംരക്ഷണത്തിനായി വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിക്കുന്നു. ‘ഗോരക്ഷാ ദള്‍’ എന്നാണ് സംഘടനയുടെ പേര്. മംഗളൂരുവില്‍ പശു മോഷണം തടയുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് വി.എച്ച്.പി പുതിയ സംഘടനയുമായി രംഗത്തുവന്നിരിക്കുന്നത്. തുടക്കത്തില്‍ ദക്ഷിണ കന്നഡ ജില്ലകളിലാണ് ഗോരക്ഷാ ദള്‍ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കുന്നത്.

ജില്ലയിലെ എല്ലാ ഗ്രാമങ്ങളിലും ഗോരക്ഷാ ദള്‍ സംഘങ്ങളെ നിയോഗിക്കുമെന്ന് വി.എച്ച്.പി മംഗളൂരു ഡിവിഷന്‍ പ്രസിഡണ്ട് ജഗദീഷ് ഷെനാവ പറഞ്ഞു. അനധികൃത പശു വില്‍പന തടയാന്‍ പത്തംഗങ്ങള്‍ രണ്ട് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കും.

പൊലീസില്ലാത്ത മേഖലകളില്‍ ഗോരക്ഷാ ദള്‍ പ്രവര്‍ത്തകര്‍ സംശയമുണര്‍ത്തുന്ന വാഹനങ്ങള്‍ തടഞ്ഞ് പരിശോധിക്കുമെന്നും കുറ്റവാളികളെ പൊലീസിന് കൈമാറുമെന്നും ജഗദീഷ് ഷെനാവ പറഞ്ഞു. മൂഡ്‌ഷെഡ്ഡെ ഗ്രാമത്തില്‍ നിന്ന് 21 പശുക്കളെ കഴിഞ്ഞ മാസം മോഷ്ടിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തങ്ങളുടെ നീക്കമെന്നും ഷെനാവ വ്യക്തമാക്കി.