ലണ്ടന്‍: വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത 9000 കോടി രൂപ തിരിച്ചടക്കാതെ ബ്രിട്ടനിലേക്ക് കടന്ന മദ്യവ്യവസായി വിജയ് മല്യയെ തങ്ങള്‍ക്ക് കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യത്തില്‍ ലണ്ടന്‍ കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. ഇന്നലെ കോടതിയില്‍ ഹാജരായ മല്യ തനിക്കെതിരെ ഉന്നയിക്കപ്പെട്ട എല്ലാ ആരോപണങ്ങളും നിഷേധിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ട തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് പറഞ്ഞ മല്യ ഇതേക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ തയാറായില്ല.

വൈകിട്ട് അഞ്ചു മുതലാണ് വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മല്യയുടെ വിചാരണ ആരംഭിച്ചത്. കേസിലെ വിചാരണക്കുള്ള തിയ്യതികള്‍ നിശ്ചയിക്കുക മാത്രമാണ് ഇന്നലെ കോടതി ചെയ്തത്. ഇനി ജൂലൈ ആറിന് അടുത്ത ഘട്ടത്തില്‍ കേസ് പരിഗണിക്കും. ഡിസംബര്‍ നാല് വരെ മല്യക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്.
അടുത്ത തവണ ഹാജരാകുമ്പോള്‍ കോടതി പരിസരത്ത് മാധ്യമങ്ങളെ വിലക്കണമെന്ന് മല്യ ആവശ്യപ്പെട്ടു. കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ മല്യ താന്‍ ഇവിടെ ആഹ്ലാദവാനാണെന്നും ഓവലില്‍ കളി കാണാനെത്തിയപ്പോള്‍ തന്നോട് പലരും ക്ഷേമം ആശംസിച്ചതായും പറഞ്ഞു. ഓവലില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം കാണാനെത്തിയ മല്യയെ ഇന്ത്യന്‍ ആരാധകര്‍ കള്ളന്‍ എന്നു വിളിച്ച് പരിഹസിച്ചിരുന്നു.
മല്യയെ വിട്ടുകിട്ടാന്‍ ഈ മാസം എട്ടിനാണ് ലണ്ടന്‍ കോടതിയില്‍ ഇന്ത്യ അപേക്ഷ നല്‍കിയത്. 2016 മാര്‍ച്ചിലാണ് മല്യ ബ്രിട്ടനിലേക്ക് രക്ഷപ്പെട്ടത്. ഏപ്രില്‍ 18ന് ഇദ്ദേഹത്തെ സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് പൊലീസ് അറസ്റ്റു ചെയ്തിരുന്നെങ്കിലും അന്നു തന്നെ വിട്ടയക്കുകയായിരുന്നു.
വിജയ് മല്ല്യയെ ഇന്ത്യക്ക് വിട്ടുകിട്ടാന്‍ ബുദ്ധിമുട്ടാണെന്നും എക്‌സിക്യൂഷന്‍ ഡയറക്ടറേറ്റില്‍ നിന്നുമുള്ള എല്ലാ രേഖകളും ലണ്ടനിലേക്ക് അയക്കുകയും ലണ്ടന്‍ കോടതി അനുവദിച്ചാല്‍ മാത്രമെ മല്ല്യയെ തിരിച്ചു കൊണ്ടുവരാന്‍ കഴിയുകുള്ളുവെന്നും വി കെ സിങ് മാധ്യമങ്ങളോട് പറഞ്ഞു.
മല്യയെ ഇന്ത്യക്ക് തിരികെ ലഭിക്കുക ബുദ്ധിമുട്ടാണെന്ന് നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിയെ വിട്ടു നല്‍കണോ എന്ന് തീരുമാനിക്കുന്നത് മജിസ്‌ട്രേറ്റ് കോടതിയാണ്. വിധി എതിരായാല്‍ അതിനെതിരെ യു.കെ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും അപ്പീലുമായി സമീപിക്കാം. എന്നാല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുള്ള മല്യയുടെ എക്‌സ്ട്രാഡിഷന്‍ എളുപ്പത്തില്‍ സാധ്യമല്ല. 1992 ല്‍ എക്‌സ്ട്രാഡീഷന്‍ കരാര്‍ ഒപ്പ് വെച്ച ശേഷം ഒരാളെ മാത്രമേ ബ്രിട്ടന്‍ ഇന്ത്യക്ക് വിട്ടു കൊടുത്തിട്ടുള്ളൂ.