Sports

വിഷ്ണു വിനോദിന്റെ അപരാജിത സെഞ്ച്വറി; പുതുച്ചേരിക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം

By webdesk18

January 07, 2026

അഹമ്മദാബാദ്:  ‘ആശാന്‍’ എന്ന വിഷ്ണു വിനോദിന്റെ അപരാജിത സെഞ്ച്വറിയില്‍ കേരളം 8 വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കി. വിജയ് ഹസാരെ ട്രോഫി മത്സരത്തില്‍ പുതുച്ചേരിക്കെതിരെ 84 പന്തില്‍ 162 റണ്‍സ് (നോട്ടൗട്ട്) വിഷ്ണു നേടി. ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരി 47.4 ഓവറില്‍ 247 റണ്‍സിന് പുറത്തായി. പേസര്‍ എം.ഡി. നിധീഷ് നാല് വിക്കറ്റ് വീഴ്ത്തി കേരള ബൗളിങ്ങിന് നേതൃത്വം നല്‍കി.

മറുപടി ബാറ്റിങ്ങില്‍ സഞ്ജു സാംസണ്‍ (11), ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ (8) എന്നിവര്‍ നേരത്തെ പുറത്തായതോടെ കേരളം 30/2 എന്ന നിലയില്‍ പതറി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ വിഷ്ണു-ബാബ അപരാജിത് (63 നോട്ടൗട്ട്) സഖ്യം മത്സരത്തിന്റെ ഗതി മാറ്റി. കരുതലോടെ തുടക്കം കുറിച്ച വിഷ്ണു, തുടര്‍ന്ന് ആക്രമണത്തിലേക്ക് കടന്നു. പേസര്‍മാരെതിരെ സ്റ്റെപ്ഔട്ട് ഷോട്ടുകളും സ്പിന്നര്‍മാര്‍ക്കെതിരെ സ്വീപ്പ്, ഡോഗ് സ്വിച്ച് ഷോട്ടുകളും ഫലപ്രദമായി ഉപയോഗിച്ച താരം 36 പന്തില്‍ അര്‍ധസെഞ്ചറിയും 63 പന്തില്‍ സെഞ്ചറിയും പൂര്‍ത്തിയാക്കി.

സെഞ്ചറിക്കു ശേഷം കൂടുതല്‍ അപകടകാരിയായ വിഷ്ണു അടുത്ത 21 പന്തില്‍ 62 റണ്‍സ് അടിച്ചെടുത്ത് 29-ാം ഓവറില്‍ കേരളത്തെ ലക്ഷ്യത്തിലെത്തിച്ചു. 14 സിക്സും 13 ഫോറുമടക്കം 162 റണ്‍സ് നേടിയ വിഷ്ണുവാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്. ടൂര്‍ണമെന്റില്‍ കേരളത്തിനായി ഇത് നാലാം വിജയം. 2014 മുതല്‍ കേരള ടീമിലെ സ്ഥിരം അംഗമായ, പത്തനംതിട്ട സ്വദേശിയായ 32 വയസ്സുകാരന്‍ വിഷ്ണു വിനോദ്, ഐപിഎല്ലില്‍ ആര്‍സിബി, മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിംഗ്സ് ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.

ഈ പ്രകടനത്തോടെ ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും കുറച്ച് പന്തുകളില്‍ 150 റണ്‍സ് നേടിയ മൂന്നാമത്തെ താരമായി വിഷ്ണു മാറി. പുതുച്ചേരിക്കെതിരെ 81 പന്തിലാണ് താരം 150 കടന്നത്. 59 പന്തില്‍ 150 നേടിയ സൂര്യവംശിയും, 80 പന്തില്‍ നേട്ടം കൈവരിച്ച ദിനേശ് കാര്‍ത്തിക്കുമാണ് മുന്നിലുള്ളത്. വിജയ് ഹസാരെ ട്രോഫി ചരിത്രത്തില്‍ 106 സിക്സുകളോടെ രണ്ടാമതുള്ള താരം എന്ന സ്ഥാനവും വിഷ്ണുവിനായി. 108 സിക്സുകളോടെ മനീഷ് പാണ്ഡെയാണ് ഒന്നാമത്. കേരളത്തിന് വേണ്ടി ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടിയ തന്റെ തന്നെ റെക്കോര്‍ഡ് വിഷ്ണു പുതുച്ചേരിക്കെതിരെ 14 സിക്സുകളോടെ മെച്ചപ്പെടുത്തി.