ബാംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബാംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അണ്ണാ ഡി.എം.കെ നേതാവ് വി.കെ ശശികലക്ക് പരാള്‍ അനുവദിച്ചു. ചികിത്സയിലുള്ള ഭര്‍ത്താവ് നടരാജനെ കാണാനാണ് 5ദിവസത്തെ പരോള്‍ അനുവദിച്ചിരിക്കുന്നത്. കര്‍ശന ഉപാധികളോടെയാണ് ശശികലക്ക് പരോള്‍ നല്‍കിയിരിക്കുന്നത്. രാഷ്ട്രീയ നേതാക്കളെ കാണാനോ, പൊതുപരിപാടികളില്‍ പങ്കെടുക്കാനോ പാടില്ലെന്ന് നിര്‍ദ്ദേശമുണ്ട്. ചെന്നൈയിലെ ആസ്പത്രിയിലാണ് നടരാജന്‍ ചികിത്സയിലുള്ളത്. നടരാജന്റെ ആരോഗ്യനില മോശമായതായാണ് റിപ്പോര്‍ട്ട്. കരളിന് പുറമെ വൃക്കയും പൂര്‍ണ്ണമായി തകരാറിലായി. ഇവ രണ്ടും മാറ്റിവെക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. എന്നാല്‍ അവയവം മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങളും ഉടലെടുത്തിട്ടുണ്ട്. അവയവം മാറ്റിവെക്കലുമായി ബന്ധപ്പെട്ട് നടത്തേണ്ട ചടങ്ങള്‍ ലംഘിച്ചുവെന്നാണ് ബി.ജെ.പിയുടെ ആരോപണം. പുതുക്കോട്ട സ്വദേശിയായ കാര്‍ത്തിക്കിന്റെ(19) അവയവങ്ങളാണ് നടരാജന് നല്‍കുന്നത്. ബൈക്കപകടത്തിലാണ് കാര്‍ത്തികിന് മസ്തിഷ്‌ക മരണം സംഭവിക്കുന്നത്. ഫെബ്രുവരി 15നാണ് ശശികല ജയിലിലാവുന്നത്. അതിനുശേഷം ആദ്യമായാണ് പരോളിനിറങ്ങുന്നത്.