കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് സംവിധായകന്‍ വൈശാഖിന്റെ മൊഴിയെടുക്കുന്നു. കേസുമായി ബന്ധപ്പെട്ട് സിനിമാമേഖലയിലെ നിരവധി പേരുടെ മൊഴിയെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് സംവിധായകന്‍ വൈശാഖിന്റേയും മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം തീരുമാനിക്കുന്നത്.

പള്‍സര്‍ സുനി ജയിലില്‍ നിന്നെഴുതിയ കത്തില്‍ ‘സൗണ്ട് തോമ മുതല്‍ ജോര്‍ജ്ജേട്ടന്‍സ് പൂരം വരെയുള്ള കാര്യങ്ങളില്‍ ആരോടും പറഞ്ഞിട്ടില്ലെന്ന് പരാമര്‍ശിച്ചിരുന്നു. സൗണ്ട് തോമയുടെ സംവിധായകന്‍ വൈശാഖാണ്. തുടര്‍ന്നാണ് സംവിധായകനെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്. സുനിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളറിയാന്‍ സൗണ്ട് തോമയുടെ ചിത്രീകരണ കാലത്തെക്കുറിച്ചാണ് ചോദിച്ചറിയുക.

കേസില്‍ ദിലീപ് അറസ്റ്റിലാവുന്നതിനു മുമ്പും സിനിമാമേഖലയില്‍ നിന്ന് ദിലീപിന് പിന്തുണ ലഭിച്ചിരുന്നു. ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയവരില്‍ ഒരാളാണ് വൈശാഖ്. നിരപരാധിത്വം തെളിയിക്കേണ്ടത് ദിലീപിന്റെ ഉത്തരവാദിത്തമാണെന്ന് വൈശാഖ് പറഞ്ഞിരുന്നു.