india

ആർഎസ്എസിനും ബജ്‌റങ് ദളിനും മുന്നറിയിപ്പ്; സമാധാനം തകർത്താൽ നിരോധനം ഏർപ്പെടുത്തുമെന്ന് പ്രിയങ്ക് ഖാർഗെ

By sreenitha

December 31, 2025

ബെംഗളൂരു: സംഘപരിവാർ സംഘടനകൾക്ക് വീണ്ടും കടുത്ത മുന്നറിയിപ്പുമായി കര്‍ണാടക ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാർഗെ. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചാൽ ആർ.എസ്.എസ്, ബജ്‌റങ് ദൾ തുടങ്ങിയ സംഘടനകളെ നിരോധിക്കാൻ സർക്കാർ മടിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

“കർണാടകയിൽ സമാധാനം ലംഘിക്കപ്പെട്ടാൽ ബജ്‌റങ് ദളിനും ആർ.എസ്.എസിനും നിരോധനം ഏർപ്പെടുത്തും. അതിന് സർക്കാർ ഒരു മടിയും കാണിക്കില്ല,” എന്ന് പ്രിയങ്ക് ഖാർഗെ പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനായ പ്രിയങ്ക് ഖാർഗെ, സംഘപരിവാർ സംഘടനകൾക്കെതിരെ ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നത് ആദ്യമായല്ല. 2023 മെയ് മാസത്തിൽ കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ, ക്രമസമാധാനത്തിന് ഭീഷണിയാകുന്ന ഏത് സംഘടനയ്‌ക്കെതിരെയും—ആർ.എസ്.എസ് ആയാലും, ബജ്‌റങ് ദളായാലും, പി.എഫ്.ഐ ആയാലും—കർശന നിയമനടപടി സ്വീകരിക്കുമെന്നും ആവശ്യമെങ്കിൽ നിരോധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

സംസ്ഥാനത്ത് സമാധാനവും സൗഹാർദവും നിലനിർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, അത് തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി ആവർത്തിച്ചു.