പനമരം: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് നിർത്തിവെച്ചിരുന്ന സ്‌കൂളുകളിലെ ക്ലാസുകൾ പുനരാരംഭിച്ചെങ്കിലും വയനാട്ടിലെ ഗോത്രവർഗവിദ്യാർത്ഥികളിൽ നല്ലൊരു ശതമാനവും സ്‌കൂളിലെത്തിയിരുന്നില്ല. ഇതിനൊരു പരിഹാരവുമായെത്തിയിരിക്കുകയാണ് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ. കുട്ടികളെ തേടി വീട്ടിലെത്തിയ സംഷാദും അധ്യാപകരും കുട്ടികളെ സ്‌നേഹത്തോടെ സ്‌കൂളിലേക്ക് ക്ഷണിക്കുകയും ചെയ്തു.

കോവിഡ് കാലത്ത് നിർത്തിവച്ചിരുന്ന അധ്യാപനം പുനരാരംഭിച്ചപ്പോൾ പത്താം ക്ലാസിലും, പ്ലസ്ടുവിന് പഠിക്കുന്ന നിരവധി വിദ്യാർഥികൾ സ്‌കൂളുകളിൽ എത്തുന്നില്ല. ഗോത്ര വർഗ്ഗ വിഭാഗത്തിൽപ്പെട്ട കുട്ടികളാണ് ഇതിൽ ഭൂരിപക്ഷവും നിലവിൽ സ്‌കൂളുകളിൽ എത്താത്തതും. ഇതിന് പരിഹാരം കാണുന്നതിനു വേണ്ടി കോളനികളിലേക്ക് നേരിട്ട് ചെന്ന് വിദ്യാർഥികളെ തിരികെ സ്‌കൂളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഉള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. മാതാപിതാക്കളെ കണ്ടു സംസാരിക്കുകയും വിദ്യാർത്ഥികളോട് നേരിട്ട് സംസാരിച്ചു അവരുടെ പ്രയാസങ്ങളും പ്രശ്‌നങ്ങളും കേട്ട് അതിനു പരിഹാരം കണ്ടെത്തി അവരെ തിരിച്ച് സ്‌കൂളുകൾ എത്തിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ ഒരു ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.

പനമരം ഗവ.ഹയർസെക്കണ്ടറി സ്‌കൂൾ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കുറുവച്ചാട്ട് കോളനിയിൽ നടന്ന മാസ് ക്യാമ്പയ്‌നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പനമരം ഡിവിഷൻ മെമ്പർ ബിന്ദു പ്രകാശ്, സ്‌കൂൾ പി ടി എ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ എം. കുഞ്ഞമ്മദ്, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ സജേഷ് സെബാസ്റ്റ്യൻ ,കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീബ് കരണി, ഗ്രാമ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സുനിൽകുമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉഷാദേവി, പി.ടി.എ വൈ. പ്രസി.സി. സുരേഷ് ബാബു, പ്രധാനാധ്യാപകൻ വി മോഹനൻ, ബി. ശകുന്തള (നോഡൽ ഓഫീസർ) ജനമൈത്രി പോലീസ്, അധ്യാപകർ എന്നിവർ പങ്കെടുത്തു.

ജില്ലയിലെ പത്തിലും പ്ലസ്ടിവിലും പഠിക്കുന്ന മുഴുവൻ ഗോത്രവർഗ വിദ്യാർത്ഥികളെയും സ്‌കൂളിലെത്തിക്കാൻ ശ്രമിക്കുമെന്നും സംഷാദ് മരക്കാർ പറഞ്ഞു. വർഷങ്ങളായി ജില്ലയിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന പിന്നാക്കാവസ്ഥക്ക് പരിഹാരം കാണും. അതിനായി പുതിയ പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കും: അദ്ദേഹം പറഞ്ഞു.